മരം വെട്ടാൻ ആരൊക്കെയോ
മഴുവുമായി വരുന്നുണ്ടെന്ന്
ആദ്യം വിവരം തരുന്നത്
ചില്ലകളിൽ കൂടു വെച്ചു
കിടന്നുറങ്ങിയിരുന്ന
ദേശാടനക്കിളികളായിരുന്നു.
വെട്ടാൻ വന്നവർ ആദ്യം ചെയ്തത്
മരത്തിന്റെ കൂട്ടുകാരെ
വളച്ചെടുത്ത്
അവരുടെ കാലിൽ
മഴു കൊടുക്കുകയായിരുന്നു.
പൂവും കായും നിറഞ്ഞ
ചെറു ചില്ലകൾ
ഓരോന്നായി അരിഞ്ഞിട്ടപ്പോഴും
കൂടുതലാരും പ്രതികരിച്ചില്ല.
അതെല്ലാം അവരുടെ കാര്യം!
പിന്നെ
പക്വത കുറഞ്ഞ
തല ഭാഗം കഷ്ണിച്ചെടുത്തപ്പോഴും
ആരും കുലുങ്ങിയില്ല.
ആദ്യം വലത്തേയും
പിന്നെ ഇടത്തേയും
അക്ഷങ്ങൾ
വെട്ടിയെടുത്തു.
പിന്നെ
എളുപ്പമായിരുന്നു.
കടക്കൽ മഴു വീണപ്പോൾ
മുമ്പേ വീണു കിടന്ന ചില്ലകൾക്ക്
ഒന്നും പറയാനില്ലായിരുന്നു.
കൂടു നഷ്ടപ്പെട്ട കിളികൾ മാത്രം
അകലങ്ങളിൽ മാറിയിരുന്ന്
കലപില കൂട്ടുന്നുണ്ടായിരുന്നു.
വെട്ടുകാർ അപ്പോഴും
അശാന്തരായിരുന്നു.
ചരിത്രങ്ങളിലേക്ക്
ആഴ്ന്നിറങ്ങിയ
വേരുകൾ മാന്തിയെടുത്ത് തീയിട്ടു.
പിന്നീടെപ്പോഴെങ്കിലും
മഴത്തുള്ളികൾ വന്നു വിളിക്കുമ്പോൾ
മണ്ണിനടിയിൽ നിന്നും
മരം എഴുന്നേറ്റുവരുമോ എന്ന്
മരം വെട്ടുകാർക്ക് ഭീതിയുണ്ടായിരുന്നു.
– വേരുകൾ പോലെ ആഴത്തിൽ ഇറങ്ങുന്ന എഴുത്ത്