ആത്മാവ് യാത്ര പോകുന്നത്
ചക്കര കൂട്ടിലേക്ക് വഴി നടത്തുന്ന കറുത്ത ഉറുമ്പിന്റെ കണ്ണ് വെട്ടിച്ച്
ഇടക്കിടെ ചുമരിൽ നിന്നെത്തിനോക്കുന്ന
വാല് പോയ പല്ലിയെ പുരികം ചുളിച്ച്
കിളിക്കൂടിനു പുറത്തു മണം പിടിച്ചെത്തുന്ന കണ്ടൻപൂച്ചയെ എറിഞ്ഞോടിച്ച്
കൊഴിഞ്ഞു തുടങ്ങിയ പനിനീർ പൂവിനൊരുമ്മ കൊടുത്ത്
അടുത്ത വീട്ടിലെ ജനലിൽ കുന്തിച്ചിരിക്കുന്ന ചോദ്യങ്ങളെ തഴഞ്ഞ്
കാറ്റിനൊപ്പം പരന്ന മണങ്ങളെ ആവോളം വലിച്ചെടുത്ത്
എങ്ങോ പെയ്യുന്ന മഴയുടെ ശബ്ദം കാതോർത്ത്
ഏതോ പാടത്ത് വരണ്ടുണങ്ങിയ മണ്ണിനെയോർത്ത്
മാഞ്ചോട്ടിലെ കളികളും എറിഞ്ഞു വീഴ്ത്തിയ പുളിമാങ്ങയും കയ്യിലെടുത്ത്
ഉയർന്ന മതിലും പൂട്ടിയിട്ട കവാടങ്ങളും
ഉറങ്ങാത്ത നരിച്ചീറുകളും
കടന്ന്
വേനൽ മഴക്ക് കിളിർത്ത അരയാലിലകളിലൂടെ
ആത്മാവ് പറന്നു പോയി
ഒന്നുമുരിയാടാതെ, ഒന്നു തിരഞ്ഞു നോക്കാതെ
മേലാട മാറ്റി,യത് പറന്നു പോകെ
ആകാശത്ത് ഉണക്കാനിട്ട മേഘമൊന്നെന്റെ മേൽ ഊർന്നു വീണു
ഇറ്റു വിടവിൽ വട്ടമിട്ട് പരുന്ത്,
“വരും, വരാതെ എവിടെ പോകാൻ”!