മൈസൂരിന്റെ മധുര സ്മരണകൾ..

മുമ്പ് ഒന്ന് മൈസൂരിൽ പോയിട്ടുണ്ട്.അത് യാദൃശ്ചികമായി പോയതാണ്.അന്ന് കോഴിക്കോട് വരെ കുടുംബ സമേതം ഒരു ചെറിയ ടൂറൊക്കെ പ്ളാൻ ചെയ്താണ് പോയത്.തിരിച്ചു വരാനായി കോഴിക്കോട് ബസ്റ്റാന്റിൽ നിൽക്കുമ്പോൾ ഒരു മൈസൂർ ബസ്സ് കിടക്കുന്നു,അപ്പോഴാണ് ഒരാലോചന, കുറെ നാളായി കേൾക്കുന്ന സ്ഥലമാണല്ലോ ഈ മൈസൂർ,ഒന്നു പോയി നോക്കിയാലോ? ഏതായാലും ഇവിടം വരെ വന്നതല്ലേ?അധികം ആലോചിക്കാൻ സമയമില്ല,ബസ് താമസിയാതെ പുറപ്പെടും,സീറ്റുമുണ്ട്. പോയിട്ട് വരാൻ തന്നെ തീരുമാനിച്ചു..
ഏതായാലും അവിസ്മരണീയമായ ഒരു യാത്ര തന്നെയായിരുന്നു അത്.കാഴ്ചകൾ കണ്ടും പ്രകൃതി ഭംഗി ആസ്വദിച്ചും അങ്ങനെ ഒരു യാത്ര. വയനാട് ചുരവും കടന്ന് മൈസൂരിലേക്കുള്ള പാതയിലേക്ക് ബസ്സ് കടന്നപ്പോൾ തന്നെ തണുപ്പിന്റെ സ്പർശം തുടങ്ങി ചുരത്തിന് ഇരു വശവും കുരങ്ങുകൾ നിരന്നിരിക്കുന്നത് കൗതുക കാഴ്ച്ചയായി.സുൽത്താൻ ബത്തേരി സ്റ്റാന്റിൽ ചായ കുടിക്കാൻ നിർത്തിയപ്പോഴും കുരങ്ങൻമാരെ കണ്ടു.നമ്മുടെ കയ്യിൽ എന്തെങ്കിലും ഭക്ഷ്യ സാധനങ്ങളുണ്ടെങ്കിൽ ചാടിപ്പിടിക്കാനും മടിക്കില്ല…
മൈസൂരിന്റെ മണ്ണിൽ..
മൈസൂരിലേക്ക് അടുക്കുന്തോറും ചന്നം പിന്നം പെയ്യുന്ന മഴ വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു.നാട്ടിലെ ചൂടിൽ നിന്നു തൽക്കാലത്തേക്ക് ഒരു രക്ഷപെടൽ കൂടിയാണല്ലോ ഈ യാത്രകൾ.റോഡിന് ഇരു വശവും കാണുന്ന കൃഷിയിടങ്ങൾ നയനമനോഹരമായ കാഴ്ച്ചകളായിരുന്നു.വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ നിറഞ്ഞ കൃഷിയിടങ്ങൾ..മൈസൂരിലെത്തിയപ്പോൾ സന്ധ്യയായി വരുന്നു.ആദ്യം താമസ സ്ഥലം കണ്ടു പിടിക്കണം.അതിനു ശേഷം യാത്രാ പരിപാടികൾ തയ്യാറാക്കാം..രണ്ടു മൂന്ന് സ്ഥലത്ത് പോയി നോക്കി.ഒന്നും ശരിയായില്ല..ചിലത് റൂം വാടക കൂടുതൽ,ചിലത് വേണ്ട സൗകര്യങ്ങളില്ല.എല്ലാം ഒത്തു വന്നപ്പോൾ അടുത്തു തന്നെ മദ്യവിൽപ്പനശാലയും അതിനു മുന്നിലെ നീണ്ട ക്യൂവും.കുടുംബ സമേതമല്ലായിരുന്നെങ്കിൽ പിന്നെയും താമസിക്കാമായിരുന്നു.അടുത്തു കണ്ട ഓട്ടോയിൽ കയറി.
എവിടൊക്കെയോ കറക്കിയിട്ട് അയാൾ ഒരു ചേരിപ്രദേശത്ത് കൊണ്ടിറക്കി.ഓട്ടോ ചാർജ്ജ് കൂടുതൽ ചോദിച്ചപ്പോൾ അറിയാവുന്ന മുറി ഹിന്ദിയിൽ അയാളുമായി വഴക്കിട്ട കാര്യം ഓർത്തു പോകുന്നു.കുറച്ചു നാൾ ഗൾഫിൽ പോയതിന്റെ ഫലമായി അങ്ങനൊരു ഗുണമുണ്ടായി.അറബി മാത്രമല്ല സഹജോലിക്കാർ ഹിന്ദിക്കാരും തമിഴൻമാരുമായിരുന്നത് കൊണ്ട് അൽപ്പസ്വൽപ്പം ആ ഭാഷകളും പഠിച്ചു. വഴക്കിട്ടതു കൊണ്ട് ഏതായാലും പ്രയോജനമുണ്ടായി.പറഞ്ഞ ചാർജ്ജിൽ നിന്ന് കുറച്ചാണ് അയാൾ വാങ്ങിച്ചത്.
അവിടെയെങ്ങും നല്ല ഹോട്ടലൊന്നുമില്ല.കുറച്ചു നടന്ന് വന്നപ്പോൾ വലിയ തരക്കേടില്ലാത്ത ഒരു ലോഡ്ജ് കിട്ടി.കുളിയും വിശ്രമവുമെല്ലാം കഴിഞ്ഞ് സമയം സന്ധ്യയായി.ഇനി മറ്റെങ്ങും പോകാനാവില്ല.ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന മൈസൂർ പാലസ് വരുന്ന വഴി ബസ്സിലിരുന്ന് കണ്ടിരുന്നു,എന്നാൽ അങ്ങോട്ടേക്ക് തന്നെ പൊയ്ക്കളയാം എന്ന് തീരുമാനിച്ചു.8 മണിയോടെ പാലസ് അടക്കുമെന്നതിനാൽ വിശദമായി കാണാനായില്ല.പാലസിന്റെ അകത്തെ കാഴ്ച്ചകൾ കാണണമെങ്കിൽ പകൽ തന്നെ വരണം. എ.ഡി.1400 നടുത്ത് വഡയാർ രാജവംശമാണ് മൈസൂർ രാജ്യം സ്ഥാപിക്കുന്നത്.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ അവർ രാജ്യം ഭരിച്ചു.ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണത്തിലായിരുന്ന സമയത്ത് മൈസൂർ സുൽത്താനേറ്റ് എന്നറിയപ്പെട്ടു.1947ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
മൈസൂർ നഗരത്തിലൂടെ വെറുതെ ഒന്ന് കറങ്ങാമെന്ന് തീരുമാനിച്ച് പുറത്തിറങ്ങി.കൊട്ടാരത്തിന്റെ വാതിൽക്കൽ സന്ദർശകരെ കാത്തിരിക്കുന്ന നിരവധി കുതിര വണ്ടികൾ.. ഒരു കുതിരവണ്ടിയിൽ കയറി.കൊട്ടാരത്തിന്റെ ചുറ്റും ഒരു റൗണ്ടടിച്ചു.രാത്രിയായതിനാൽ മിക്ക വണ്ടികളും ഒതുക്കിയിരിക്കുന്നു.റൂമിലേക്ക് പോകുമ്പോൾ ഒരു ചായ കുടിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു.സത്യത്തിൽ പിന്നീട് എനിക്ക് എന്നും അത്ഭുതമായി മാറിയ മൈസൂരിലെ ചായ ആദ്യമായി കുടിക്കുന്നത് അന്നാണ്.ചായയുടെ പ്രത്യേകത കൊണ്ടല്ല,ആ ഗ്ളാസിന്റെ വലിപ്പക്കുറവ് കൊണ്ടാണ് മൈസൂർ ചായ ശ്രദ്ധ ആകർഷിക്കുന്നത്.
ഒരു മൂന്ന് ചായയെങ്കിലും കുടിച്ചാലേ നമ്മുടെ ഒരു ചായയുടെ തൃപ്തി കിട്ടൂ,,ഇത്രയും ചരിത്രം ഉറങ്ങുന്ന.. രാജാക്കൻമാരും സുൽത്താൻമാരും അരങ്ങു വാണ ഒരു നാട് ചായയുടെ കാര്യ്വത്തിൽ ഇത്രയും പിശുക്ക് കാണിക്കുന്നതെന്തെന്ന് ഇതു വരെ എനിക്ക് മനസ്സിലായിട്ടില്ല.നിങ്ങൾ മൈസൂരിന്റെ ഏതു ഭാഗത്തു പോയി ചായ കുടിച്ചോളൂ,ഇക്കാര്യത്തിൽ അവരുടെ ഐക്യമത്വം നിങ്ങളെ അത്ഭുതപ്പെടുത്തും.വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ പോയപ്പോഴും ഞാൻ ആദ്യം ചെയ്തത് ഒരു ചായ കുടിച്ചു നോക്കുകയാണ്.ഒരു മാറ്റവും വന്നിട്ടില്ല,അതേ ഗ്ളാസ്..അതേ അളവ്.അത്താഴത്തിനായി.റൂമിനടുത്ത് തന്നെയുള്ള ഒരു കേരളാ ഹോട്ടൽ കണ്ടു പിടിച്ചു..നല്ല ഭക്ഷണം…താമസവും ഭക്ഷണവും ശരിയായാൽ നമ്മുടെ യാത്രകൾ പകുതി വിജയിച്ചു എന്നാണർത്ഥം.
മൈസൂർ പാലസ്
പിറ്റേന്ന് രാവിലെ പാലസ് സന്ദർശനത്തോടെ തന്നെ തുടങ്ങി.ചെരുപ്പുകളൊക്കെ പ്രത്യേക കവറിലാക്കി സൂക്ഷിക്കാൻ ഇടമുണ്ട്.കയറുമ്പോൾ തദ്ദെശീയമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രണ്ടു മൂന്ന് സ്റ്റാളുകൾ.മൈസൂർ സാൻഡൽ സോപ്പ്,ചന്ദനത്തിരി,സുഗന്ധ ലേപനങ്ങൾ,സാരികൾ,കര കൗശല വസ്തുക്കൾ..എല്ലാം വിശദമായി നോക്കാൻ സമയമില്ലായിരുന്നു..ഇന്നൊരു ദിവസം കൊണ്ട് ഒന്ന് ഓടിച്ചു തീർക്കാനാണ് പ്ളാൻ.കൊട്ടാരത്തിൽ ലൈറ്റ് ഷോ ഉണ്ടെങ്കിലും കാണാൻ കഴിയുമോ എന്നറിയില്ല.രാത്രി നേരത്തെ തിരിച്ചു വരികയാണെങ്കിൽ കാണാം..
വോഡയാർ രാജാക്കൻമാരുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ പാലസ്.രാത്രിയിൽ ദീപങ്ങളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരം കാണാൻ ഏറെ മനോഹരമാണ്. 97000 ബൾബുകളാണ് ഈ ദീപക്കാഴ്ച്ചയ്ക്കായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.. മൈസൂർ രാജാക്കൻമാരുടെ ദർബാർ നടന്നിരുന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഓർമ്മകൾ ഇഴ ചേർന്നു കിടക്കുന്നു…രാജാക്കൻമാരുടെയും രാജ്ഞിമാരുടേയുമൊക്കെ ശബ്ദങ്ങൾ ഇപ്പോഴും അവിടെ പ്രതിധ്വനിക്കുന്നതു പോലെ.രാജാക്കൻമാർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് മറ്റൊരു ഹാളിലാണ്.അവിടെയും ഒന്ന് സന്ദർശിച്ചു.
വൃന്ദാവനിൽ ഒരോട്ടപ്രദക്ഷിണം
അപ്പോൾ ഉച്ചയൂണിന്റെ സമയമായി.ഭക്ഷണവും കഴിച്ച് നേരെ മൈസൂരിന്റെ പൂന്തോട്ടമായ വൃന്ദാവനിലേയ്ക്ക്.മൈസൂർ ബസ് സ്റ്റാന്റിൽ നിന്നും ലോ ഫ്ളോർ എ.സി.ബസ്സുകളും അല്ലാത്ത ബസ്സുകളും ഉണ്ട്.ലോ ഫ്ളോറിൽ കയറാനുള്ള ആഗ്രഹം കൊണ്ട് അതിൽ കയറി.ഞങ്ങൾ ആദ്യം മൈസൂരിൽ പോകുന്ന ആ സമയത്ത് ലോ ഫ്ളോർ കേരളത്തിൽ തുടങ്ങിയിരുന്നില്ല.വൃന്ദാവനിലേക്ക് അധിക ദൂരമില്ലെങ്കിലും കുറെ സമയം ബ്ലോക്കിൽ കിടന്നിട്ടാണ് അവിടെ എത്താൻ കഴിഞ്ഞത്.അവധി ദിവസമായതിനാൽ വൃന്ദാവനിലേക്ക് വാഹനങ്ങളൂടെ നീണ്ട നിരയായിരുന്നു.ചെടികളും പൂക്കളും നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഉദ്യാനത്തിൽ എത്തിയപ്പോൾ കുറെ വൈകി.അതിനാൽ എല്ലാം വിശദമായി കാണാൻ കഴിഞ്ഞില്ല.ഏതായാലും ഒരു തവണ കൂടെ മൈസൂരിൽ വരാതിരിക്കാൻ കഴിയില്ല.അന്ന് വിശദമായി കാണാം.മൈസൂർ വ്യാഘ്റം ടിപ്പു സുൽത്താന്റെ ചരിത്രം നിറഞ്ഞു നിൽക്കുന്ന ശ്രീ രംഗപട്ടണത്തേക്ക് പോകാൻ എതായാലും ഈ യാത്രയിൽ കഴിയില്ല.അതില്ലാത്ത ഒരു മൈസൂർ സന്ദർശനം അപൂർണ്ണമാണെന്ന് പറയേണ്ടതുമില്ല.
ഇന്ന് വൃന്ദാവനത്തിൽ നിന്നും റൂമിലെത്തി അവിടെ നിന്നും ബാംഗ്ളൂരിലേക്ക് രാത്രിയിൽ പുറപ്പെട്ട് അവിടെ ഒരു ദിവസം ചിലവിട്ട് പിറ്റേന്ന് ബാംഗ്ളൂർ എറണാകുളം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങാനാണ് പ്ളാൻ..എല്ലാം അപ്പപ്പോൾ എടുക്കുന്ന തീരുമാനങ്ങളാണ്.അതു കൊണ്ട് തന്നെയാണ് എങ്ങുമെങ്ങും വിശദമായി കാണാൻ കഴിയാതെ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.അല്ലെങ്കിൽ തന്നെ കോഴിക്കോട്ട് രണ്ടു ദിവസം എന്ന പ്ളാനിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നല്ലോ ഞങ്ങൾ.ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കുമ്പോൾ അത്ഭുതം തന്നെ.
മൈസൂർ-ബാംഗ്ളൂർ.. ഒരു രാത്രി യാത്ര
മൈസൂരിൽ നിന്നും ട്രെയിനിൽ പോകാമെന്ന് വിചാരിച്ച് നേരത്തെ വന്ന് ബാംഗ്ളൂർ ട്രെയിന് ടിക്കറ്റുമെടുത്ത് ആ രാത്രിയിൽ ഞങ്ങൾ വൈകിട്ടത്തെ ഭക്ഷണവും കഴിച്ച് കാത്തിരുന്നു.അത് അവിസ്മരണീയമെന്നൊന്നും പറഞ്ഞു കൂടാ,പക്ഷേ ട്രെയിൻ വന്നു കഴിഞ്ഞുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.കുട്ടികളും ഞങ്ങളും എങ്ങനെ തീവണ്ടിയിൽ കയറിപ്പറ്റി എന്ന് ദൈവത്തിന് മാത്രമറിയാം.ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും രക്ഷയില്ല.ഒടുവിൽ ശ്വാസം മുട്ടി അകത്തു കയറിയതിനെക്കാൾ പണിപ്പെട്ട് എങ്ങനെയോ പുറത്തിറങ്ങി…ഇനി ബസ്സിന് പോകാമെന്ന് തീരുമാനിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്ത് കിട്ടിയ കാശും വാങ്ങി നേരെ ബസ് സ്റ്റാന്റിലേക്ക്..സുഖമായി സീറ്റും കിട്ടി,ഉറങ്ങാനും കഴിഞ്ഞു..നേരം വെളുത്തു തുടങ്ങുമ്പോഴേക്കും ഞങ്ങൾ ബാംഗ്ളൂരിലെത്തി..
ബസ് സ്റ്റാന്റിന് അടുത്തുള്ള ഒരു ഹോട്ടലിൽ റൂമെടുത്തു,ഒന്നുറങ്ങി,കുളിച്ച് ഫ്രഷായിട്ട് വേണം ഒരു ദിവസം കൊണ്ട് ബാംഗ്ളൂർ നഗരമൊക്കെ ഒന്ന് ചുറ്റാൻ.. അതെ എല്ലാം കൂടി ഒരു ദിവസമാണ് ബാംഗ്ളൂരിന് നീക്കി വെച്ചിട്ടുള്ളത്.രാവിലെ തന്നെ പ്രസിദ്ധമായ ലാൽബാഗ് പൂന്തോട്ടത്തിലെക്ക് യാത്രയായി.അധികം ചൂടും അധികം തണുപ്പുമില്ലാത്ത സുഖകരമായ കാലാവസ്ഥയായിരുന്നു അപ്പോൾ ബാംഗ്ളൂരിൽ,,അവിടെ ഒന്ന് ഓടിച്ച് കറങ്ങിയ ശേഷം ടിപ്പുവിന്റെ ബാംഗ്ളൂരിലെ കൊട്ടാരത്തിലേക്ക് പോയി..സമ്മർ പാലസിലൂടെ നടക്കുമ്പോൾ ടിപ്പുവിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു…ശ്രീരംഗപട്ടണത്ത് പോകാൻ കഴിയാതിരുന്ന കുറവ് തീർക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കെട്ടിടമെങ്ങും ടിപ്പുവിന്റെയും പിതാവ് ഹൈദരാലിയുടെയും ചരിത്രരേഖകൾ അനശ്വര സ്മരണകളായി നിൽക്കുന്നു..
പിന്നെ ബാംഗ്ളൂർ നഗരമൊക്കെ ഓടിച്ചു കണ്ടു..ഇനി കറങ്ങാൻ സമയമില്ല,എല്ലാം ഇന്നത്തെത് കൊണ്ട് ഒതുക്കണം.നാളെ എങ്ങനെയായാലും തിരിച്ചു പോകണം..റിസർവേഷനൊന്നുമില്ല..ട്രെയിൻ ടിക്കറ്റ് എല്ലാം ഹൗസ് ഫുൾ..അപ്പോഴാണ് ഒരു സുഹൃത്ത് ഐഡിയ പറഞ്ഞു തന്നത്.എറണാകുളം ബാംഗ്ളൂർ ട്രെയിൻ എല്ലാ ദിവസവും രാവിലെ 6 ന് പുറപ്പെടും.കുറച്ചു നേരത്തെ ചെന്നാൽ ജനറൽ കോച്ചിൽ സീറ്റ് കിട്ടും..എതായാലും ഞങ്ങൾ നേരത്തെ തന്നെ ചെന്ന് റെയിൽവേ സ്റ്റേഷനിൽ സ്ഥലം പിടിച്ചു. ട്രെയിൻ പ്ളാറ്റ് ഫോമിലേക്ക് വന്നപ്പോൾ തന്നെ ഇടിച്ചു കേറി ഒരു വിധം സീറ്റ് പിടിച്ചു.ജനറൽ ആണെങ്കിലും കുഴപ്പമില്ല..വൈകുന്നേരം 5 മണിയാകുമ്പോൾ എരണാകുളത്തെത്തും,ഏകദേശം 11 മണിക്കൂർ യാത്ര,…അങ്ങനെ കോഴിക്കോട്,മൈസൂർ വഴി ബാംഗ്ളൂർ യാത്ര തിരിച്ച് എറണാകുളത്തെത്തിയതോടെ ആദ്യ മൈസൂർ ബാംഗ്ളൂർ യാത്രയ്ക്ക് പരിസമാപ്തിയായി
രണ്ടാം മൈസുർ യാത്ര
ഇത്തവണ മൈസൂരിലേക്ക് തന്നെ എന്നുറപ്പിച്ചാണ് പോയത്.അത് കൊണ്ട് നേരിട്ട് ബസ്സിന് തന്നെ ടിക്കറ്റെടുത്തു.കർണാടക ട്രാൻസ്പോർട്ട് ബസ്സിന്റെ ലക്ഷ്വറി ബസ്സിൽ സുഖകരമായ യാത്ര.കഴിഞ്ഞ തവണത്തെ അലച്ചിൽ ഓർമ്മയുള്ളത് കൊണ്ട് റിട്ടേൺ ടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.എങ്കിലും സ്വകാര്യ യാത്രാ നിരക്കുമായി നോക്കുമ്പോൾ ലാഭം തന്നെ.രാത്രി 8 മണിക്ക് എറണാകുളം സ്റ്റാന്റിൽ നിന്നും കോഴിക്കോട് വയനാട് വഴി മൈസൂരിലേക്ക്..രാത്രി യാത്ര ആയതിനാൽ കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞില്ല.ഉറക്കത്തിന് തന്നെ മുൻ തൂക്കം.ഇട്യ്ക്ക് വയനാട്ടിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയതൊഴിച്ചാൽ അധികം എങ്ങും തങ്ങിയില്ല.വെളുപ്പിന് 7 മണി കഴിഞ്ഞപ്പോൾ മൈസൂരെത്തി.ബസ്സ്റ്റാന്റ് കോപ്ലക്സിലെ ലോഡ്ജിൽ തന്നെ മുറിയെടുത്തു.
ടിപ്പുവിന്റെ ഓർമ്മകളിൽ ശ്രീരംഗപട്ടണം
ആദ്യത്തെ ലക്ഷ്യം കഴിഞ്ഞ തവണ പോകാൻ കഴിയാതിരുന്ന ശ്രീരംഗപട്ടണം തന്നെ.അവിടെ നിന്നു തന്നെ ശ്രീരംഗ പട്ടണത്തേക്ക് ബസ് കിട്ടി. ഹൈദരലിയുടെയും .ടിപ്പുവുന്റെയും പ്രതാപം തിളങ്ങി നിന്നിരുന്ന ആ സ്ഥലം കാണാൻ മനസ്സിൽ തിടുക്കമായിരുന്നു,ബസ്സിറങ്ങി ഓട്ടോയിൽ പോകാനുള്ള ദൂരമുണ്ട് കൊട്ടാരത്തിലേക്കും മഖ്ബറയിലേക്കും..കൊട്ടാരത്തിനുള്ളിലേക്ക് കടക്കുമ്പോൾ വായിച്ചും പറഞ്ഞും അറിഞ്ഞ ടിപ്പു ഒരു സ്പന്ദനമായി മനസ്സിൽ നിറയുകയായിരുന്നു..രാജ്യത്തെ അധിനേവശപ്പെടുത്താൻ വന്ന വൈദേശിക ശക്തികൾക്കെതിരെ പോരാടി ടിപ്പു മരിച്ചു വീണ മണ്ണിലാണ് കാലെടുത്തു വെച്ചിരിക്കുന്നത്.ഒരു നിമിഷം ധീരനായ ആ പോരാളിയുടെ കൊട്ടാരവും പോരാട്ടവും ഇഴ ചേർന്ന ആ മണ്ണിലേക്ക് നോക്കി..കോട്ട തകർക്കപ്പെട്ട നിലയിലാണ്.ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാർ തന്നെ വെടിമരുന്ന് വെച്ച് കോട്ട തകർക്കുകയായിരുന്നുവത്രേ.ഓരോ സ്ഥലങ്ങളും നോക്കി കണ്ടു..ടിപ്പു ഉപയോഗിച്ചിരുന്ന വസ്തുക്കൾ,വസ്ത്രങ്ങൾ..ആയുധങ്ങൾ..ടിപ്പുവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു.
ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തെത്തിയപ്പോൾ ഒരു നിമിഷം മനസ്സിൽ നൊമ്പരം നിറഞ്ഞു.പിതാവ് ഹൈദരലി കൊട്ടാരത്തിനുള്ളിൽ നിർമ്മിച്ച രഹസ്യ തുരങ്കത്തിലൂടെയോ അല്ലെങ്കിൽ കീഴടങ്ങലിലൂടെയോ രക്ഷപെടാമായിരുനെങ്കിലും ധീരമായി പോരാടി വീരമൃത്യു വരിക്കാനായിരുന്നുവല്ലോ ധീരനായ ആ പടനായകന്റെ തീരുമാനം..
വിരേതിഹാസങ്ങൾ ഇവിടെ അന്തിയുറങ്ങുന്നു..
ഹൈദരലിയുടെയും ടിപ്പുവിന്റെയും ഓർമ്മകൾ ഓടിക്കളിക്കുന്ന അവിടെ ഉച്ച വരെ ചിലവഴിച്ചിട്ട് നേരെ ഗുംബസ്സിലേക്ക് പോയി.ടിപ്പുവിന്റെ മഖ്ബറ അങ്ങനെയാണ് അറിയപ്പെടുന്നത്.പിതാവ് ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് ടിപ്പു തന്നെ 1782-84 കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തെയും അവിടെ ഖബറടക്കി. ഹൈദരാലിയും ടിപ്പുവും ഉമ്മയും അകത്തെ മഖ്ബറയ്ക്കുള്ളിൽ.. ഭാര്യ റുഖിയ ബീഗം,മകൻ നിസാമുദ്ദീൻ ഉൾപ്പെടെ മക്കളും അടുത്ത ബന്ധുക്കളും പടനായകരുമെല്ലാം പുറത്തെ കബറുകളിൽ..65 അടി ഉയരമുള്ള ഗുംബസ്സിന്റെ ചുറ്റും വരാന്തയാണ്.വരാന്തയ്ക്ക് വെളിയിൽ ഗുംബസ്സിന് നാലു വശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകൾ.ഇസ്ലാമിക് വാസ്തു ശിൽപകലയുടെ സവിശേഷതകൾ ഗുംബസ്സിൽ കാണാം.ഗുംബസ്സിന്റെ ആറ് വാതിലുകളും സ്വർണ്ണത്തിൽ പൊതിഞ്ഞതായിരുന്നു. അത് ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടു പോയി.പിന്നീട് മൈസൂർ രാജാവായ കൃഷ്ണരാജ വോഡയാർ നൽകിയ ആനക്കൊമ്പ് കൊണ്ട് കൊത്തു പണികളുള്ള വാതിലുകളാണ് ഇപ്പോഴുള്ളത്…
250ൽ പരം വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രൗഡി മങ്ങാതെ നിൽക്കുന്ന അകത്തെ ചുമരുകളിലും മേൽക്കൂരയിലുമുള്ള പെയിന്റിംഗുകൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.ഉമ്മയുടെയും ബാപ്പയുടെയും ഖബറുകൾ സന്ദർശിക്കാൻ വരുമ്പോൾ ടിപ്പു നമസ്ക്കരിച്ചിരുന്ന ഗുംബസ്സിന്റെ അടുത്തു തന്നെ പണി കഴിപ്പിച്ചിട്ടുള്ള മസ്ജിദ്–എ–അക്സ എന്ന പള്ളിയും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.
ഒരു കാലഘട്ടത്തിലെ ഇതിഹാസങ്ങൾ വിശ്രമിക്കുന്ന ആ മണ്ണിലൂടെ നടന്നപ്പോൾ വായിച്ചും കേട്ടും അറിഞ്ഞ ധീരതയുടെ കഥകൾ മനസ്സിൽ ഓടിയെത്തി.മൈസൂരിലും കേരളത്തിലുമടക്കം ആ ധീര നായകൻ നടത്തിയ പടയോട്ടങ്ങളുടെയും മാതൃകാപരമായ ഭരണനേട്ടങ്ങളുടെയും കഥകൾ ഓർമ്മയിലെത്തി. ചരിത്രത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ഒരു സുൽത്താനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറി വരുന്നു എന്നതും സന്തോഷകരമാണ്.ഗവർമെന്റ് തന്നെ മുൻ കയ്യെടുത്ത് ടിപ്പുവിന്റെ ജയന്തി ആഘോഷങ്ങൾ നടത്താൻ തുടങ്ങിയത് അതിന്റെ തെളിവാണല്ലോ?കുറെ നേരം അവിടെ ചിലവഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്.
എങ്കിലും ടിപ്പുവിന്റെ തന്നെ സമ്മർ പാലസും കോട്ടകളും മസ്ജിദുകളും അടക്കം ശ്രീരംഗപട്ടണത്തു തന്നെ ഇനിയും പോകാൻ നിരവധി സ്ഥലങ്ങൾ ബാക്കി.ദൈവം അനുഗ്രഹിച്ചാൽ ബാക്കി അടുത്ത തവണയാകട്ടെ എന്ന് തീരുമാനിച്ച് വീണ്ടും മൈസൂർ നഗരത്തിലേക്ക്
വീണ്ടും ഒരോട്ട പ്രദക്ഷിണം
ഇത്തവണ നേരത്തെ വന്ന സ്ഥലങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തേണ്ട കാര്യമേ ഇനിയുള്ളൂ.മൈസൂരിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വൃന്ദാവനിലേക്ക് തന്നെ അടുത്തയാത്ര.നയനമനോഹരമായ പൂന്തോട്ടമാണ് വൃന്ദാവൻ.ലോകത്തിലെ ഏറ്റവും മികച്ച ടെററസ് തോട്ടങ്ങളിൽ ഒന്നാണ് ഇത്പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന പൂന്തോട്ടങ്ങൾ,ബൊട്ടാണിക്കൽ പാർക്ക്,വിവിധയിനം സസ്യയിനങ്ങൾ..എല്ലാം ഗാർഡനെ മനോഹരമാക്കുന്നു.ബോഗൺ വില്ലയും എങ്ങും നിറഞ്ഞു നിൽക്കുന്നു. .കാവേരി നദിക്കരയിൽ കൃഷ്ണദേവരായ റിസർവോയറിനോട് ചേർന്നാണ് ഗാർഡൻ. ദിവാൻ മിർസാ ഇസ്മായിൽ കാശ്മീരിലെ ഷാലിമാർ പൂന്തോട്ടത്തിന്റെ മാതൃകയിൽ തീർത്ത ഈ ഉദ്യാനം മൈസൂരിന്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്.അതിന്റെ മോഡലിംഗും ഭാവനയും മിർസയുടെത് തന്നെ.60 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പൂന്തോട്ടം മൂന്ന് മട്ടുപ്പാവുകളിൽ സ്ഥാപിച്ചിരിക്കുന്നു.
മ്യൂസിക്കൽ ഫൗണ്ടൻ വൃന്ദാവനിലെ ആകർഷമായ കാഴ്ച്ചയാണ്.സംഗിതത്തിനനുസരിച്ച് നൄത്തം ചെയ്യുന്ന സംഗീതജലധാര മനസ്സിന് അനുഭൂതി പകരുന്നു.ലൈറ്റുകൾ മാറുന്ന പ്രകാശം കൊണ്ട് ആകർഷകമായ ജലധാരയും നീരുറവയും സന്ധ്യാസമയങ്ങളിൽ ഗാർഡനിലെ വർണ്ണാഭമായ കാഴ്ച്ചയാണ്.പുൽത്തകിടികളും പൂക്കളും എങ്ങും നിറഞ്ഞു നിൽക്കുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകാശമുള്ള ടെററസ് ഉദ്യാനം വൃന്ദാവനാണ്.കഴിഞ്ഞ തവണ വന്നപ്പോൾ പോകാൻ കഴിയാതിരുന്ന ബോട്ടിംഗ് സവാരി കൂടിയായപ്പോൾ ഏകദേശം വൃന്ദാവൻ സന്ദർശനം പൂർത്തിയായെന്ന് പറയാം.
വിശാലമായ മൃഗശാല
157 ഏക്കർ വിസ്തൃതിയുള്ള 1320 ഓളം മൃഗങ്ങളുള്ള അതിവിശാലമായ മൃഗശാലയാണ് മൈസൂരിലേത്.നടന്ന് നടന്ന് തളർന്ന് പോകും..നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വാഹനസൗകര്യം ഉണ്ട്. കഴിഞ്ഞ തവണ നടന്നതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ലെങ്കിലും ആദ്യ തവണ വന്നപ്പോൾ വിശദമായി കണ്ടതിനാൽ ഇത്തവണ ഒരോട്ട പ്രദക്ഷിണം മാത്രമായിരുന്നു.ഇവിടുത്തെ മൃഗങ്ങളെ സ്പോൺസർ ചെയ്യാവുന്ന സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു.2000ൽ ആരംഭിച്ച ഈ പദ്ധതി വൻവിജയമായി.ഓരോ കൂട്ടിനു മുന്നിലും മൃഗത്തെയോ പക്ഷിയേയോ സ്പോൺസർ ചെയ്യുന്ന സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൃഗസ്നേഹികളുടെയും പേര് എഴുതി വെച്ചിരിക്കുന്നു.ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിശാലമായ മൃഗശാല മൈസൂരിലേത് തന്നെ.ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം.1892ൽ മഹാരാജ ചാമരാജ വോഡയാർ സ്ഥാപിച്ചതു കൊണ്ടാണ് ഈ പേര്കൊടുത്തത്.ഇന്ത്യയിലെ തന്നെ മികച്ച സുവോളജിക്കൽ ഗാർഡൻ കൂടിയാണ് ഇത്.
അന്ന് തിരുവോണമായിരുന്നതിനാൽ എല്ലാവർക്കും ഒരാഗ്രഹം.മറുനാട്ടിലാണെങ്കിലും ഓണസദ്യ കഴിക്കണം.വരുന്ന വഴി നഗരത്തിലെ മലയാളി ഹോട്ടലുകളിൽ അന്വേഷിച്ചപ്പോൾ സദ്യ തീർന്നിരുന്നു.മൃഗശാലയുടെ അടുത്തുള്ള കേരള ഹോട്ടലിൽ ചെന്നപ്പോൾ ഒരു മിനി തൃശൂർ പൂരത്തിന്റെ തിരക്ക്.എങ്കിലും ആഗ്രഹിച്ചതല്ലേ,കഴിച്ചിട്ട് പോകാം എന്ന് തീരുമാനിച്ചു.കുറച്ച് കാത്തിരിക്കേണ്ടി വന്നെങ്കിലും ചില വിഭവങ്ങൾ തീർന്നു പോയിരുന്നെങ്കിലും ഉള്ളത് വെച്ച് മറുനാട്ടിൽ കേരളീയ സദ്യ കഴിച്ചപ്പോൾ വല്ലാത്ത ഒരു സംതൃപ്തി.
മൃഗശാല സന്ദർശനം കഴിഞ്ഞപ്പോൾ വൈകുന്നേരമായി.പിന്നെ എങ്ങും കറങ്ങാനുള്ള സമയം ഇല്ല.കഴിഞ്ഞ തവണയും ഇത്തവണയും വന്നിട്ടും പോകാത്ത പല സ്ഥലങ്ങളുമുണ്ട്.അടുത്ത തവണ അവിടെ പോകാം എന്ന് തീരുമാനിച്ച് ഞങ്ങൾ നഗരത്തിലൂടെ ഒരോട്ട പ്രദക്ഷിണവും കഴിച്ച് റൂമിലേക്ക് തിരിച്ചു.രാത്രി എട്ടരയ്ക്കാണ് വണ്ടി.ലോഡ്ജ് ബസ് സ്റ്റാന്റിൽൽ തന്നെയായതിനാൽ സമയമാകുമ്പോൾ ഇറങ്ങിയാൽ മതി..അതിനിടയിലും എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മൈസൂർ ചായ കൂടി കുടിക്കാൻ ഞാൻ സമയം കണ്ടെത്തി.
…………………………………………………………………………………………………………………………………………………………………………………………………………………………………………………….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകോഴികൾ
Next articleവിറകൊള്ളിക്കുന്ന വേനൽ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809