ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു-ചേരുമോ?
തിരികെ നടക്കിലും, വഴികളതോരോന്നു-
മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം.
അപരിചിതമായൊരു ഭൂമിതൻ മാറിൽ
നിൻ നിഴലുമായ് ചേർന്നങ്ങലയാം.
മധുപാത്രം വീണ്ടും നിറഞ്ഞിരിക്കാം,
വിരിയാൻ കൊതിക്കുന്ന പൂമൊട്ട് കാണാം.
എരിയാൻ തുടങ്ങുന്ന ചുണ്ടിലെ കനലിൽ,
മേഘമാം വിധിയുടെ ചിരികളും കേൾക്കാം.
ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും
ആശകൾ, മധുരിക്കുമോർമ്മകൾക്കരികു ചേരുമോ?
തിരികെ നടക്കിലും,വഴികളതോരോന്നു-
മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം.
മലരണിഞ്ഞു നിൽക്കുന്ന മരതകത്താഴ്വവരയിൽ
പ്രണയമൊഴുകും പുഴകളിൽ നീന്തിയലിയാം.
കനികൾ വീഴുന്ന കാടിന്റെയറകളിലാ-
വോളമൊന്നിച്ചൊളിച്ചിരിക്കാം.
കുളിർനിലാ പെയ്യുന്ന രാവിന്റെ ചോട്ടിൽ
തെന്നലിൻ താരാട്ടിൽ വീണുമയങ്ങാം.
ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും
ആശകൾ, മധുരിക്കുമോർമ്മകൾക്കരികു- ചേരുമോ?
ചേരുന്നിടം തൊട്ട് നീയില്ല, ഞാനും
എല്ലാം പിന്നെയുമൊരോർമ്മ മാത്രം.