1
കള്ളും കുടിച്ച്
കാട്ടിൽ പോകാം
കാട്ടാനയ്ക്കൊപ്പം
സെൽഫിയെടുക്കാം
മരക്കള്ളനെ കണ്ടാൽ
പേടിക്കാം
കോട്ടുവായിടും സിംഹരാജന്റെ
വായിലിരുന്നൊരു
സ്റ്റാറ്റസ്സിടാം
സിംഹവാലൻ കുരങ്ങച്ചന്റെ
പേരിൽ ഫേസ്ബുക്കിൽ
സൗഹൃദത്തുണ്ടിടാം
2
സൂര്യനിലേക്കൊരു
യാത്ര പോയി കട്ടെടുക്കാം
സൗരോർജ്ജം
ചന്ദ്രനിലേക്കൊരു
യാത്ര പോയി കട്ടെടുക്കാം
ചന്ദ്രോർജ്ജം
ഗംഗയിലേക്കൊരു
യാത്ര പോയി കട്ടെടുക്കാം
ഗംഗോർജ്ജം
അങ്ങനെയങ്ങനെ
ഊർജ്ജാവാനായ
ഒരു മാർജ്ജാരവീരനായി
ഏഴായിരം ജന്മങ്ങൾ
ജീവിക്കാം ശൂന്യതയിൽ
3
ജലടൂറിസത്തിനിറങ്ങി
ജലം അസാരം മലിനമാക്കാം
മലടൂറിസം നടത്തി
മലമുകളിൽ പണിയാം
ഒരു പ്ലാസ്റ്റിക് മല
ബഹിരാകാശത്തേക്കുയർന്ന് ചെന്ന്
നക്ഷത്രധൂളികൾ കൊണ്ടൊരു
ആകാശക്കോട്ടയും കെട്ടാം
എല്ലാ യാത്രയും മടുക്കുമ്പോൾ
സ്വന്തം വീട്ടിലേക്കൊരു
വിനോദയാത്ര പോകാം!
Click this button or press Ctrl+G to toggle between Malayalam and English