കോഴിക്കോട്-വയനാട് അതിര്‍ത്തിയില്‍ കുറ്റ്യാടി ഘട്ട് റോഡിലെ 12-ാം ഹെയര്‍പിന്‍ വളവിൽ വായനയ്ക്കും യാത്രയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ലൈബ്രറി രൂപപ്പെടുകയാണ്. കല്ലിക്കണ്ടി എന്‍എഎം കോളജിലെ ഇംഗ്ലീഷ് അധ്യാപകനായ നസറുള്ള മാംബ്രോളാണ് ഉദ്യമത്തിന് പിന്നില്‍.
എട്ട് തവണ വായിച്ച എമിലി ബ്രോണ്ടിയുടെ ‘വുതറിംഗ് ഹൈറ്റ്‌സ്’ എന്ന നോവലിനോട് തോന്നിയ പ്രണയത്തില്‍ നിന്നാണ് ലൈബ്രറിക്ക് ‘വുതറിംഗ് ഹൈറ്റ്‌സ്’ എന്ന് തന്നെ പേരിടാന്‍ തീരുമാനിച്ചതെന്ന് നസറുള്ള പറയുന്നു.
കുറ്റ്യാടി ഘട്ട് റോഡിലെ മനോഹരമായ ആറേക്കര്‍ ഭൂമിയാണ് ലൈബ്രറിക്കായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. യഥേഷ്ടം ഇരുന്ന് പുസ്തകം വായിക്കുന്നതിനായി മാത്രം 6,000 ചതുരശ്ര അടി സ്ഥലം ഇവിടെയുണ്ടാകും. പുസ്തകപ്പുഴുക്കളായ ആര്‍ക്കും ഇവിടെ വരാം. റെസിഡന്‍ഷ്യല്‍ ഹട്ടുകള്‍, പുസ്തക പ്രസാധകരുടെ ഔട്ട്ലെറ്റുകള്‍, സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയ്ക്കുള്ള സ്ഥലവും ഒരുക്കും.
തടികൊണ്ടുള്ള ഇരിപ്പിടങ്ങളും നിയോണ്‍ ലൈറ്റുകളുമൊക്കെ പുസ്തകപ്രേമികള്‍ക്ക് ഇവിടെ മനോഹരമായ ഒരു അന്തരീക്ഷം ഒരുക്കാനാണ് പദ്ധതി. വനം വകുപ്പും കാവിലുംപാറ ഗ്രാമപഞ്ചായത്തും പദ്ധതിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകരായ എസ് നാഗേഷ്, സലില്‍ വര്‍മ്മ, ബിന്ദു അമേത്, സാഹിറ റഹ്മാന്‍, പ്രിയ കെ നായര്‍, ഫാത്തിമ ഇ വി, എന്‍ സാജന്‍ എന്നിവര്‍ ഇതുവരെ 50,000 പുസ്തകങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ടെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ നസറുള്ള പറഞ്ഞു.
പദ്ധതിയുമായി സഹകരിക്കാന്‍ തങ്ങൾ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയെയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയെങ്കിലും പദ്ധതിക്ക് ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു. എമിലി ബ്രോണ്ടിയുടെ 174-ാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 19-ന് വുതറിംഗ് ഹൈറ്റ്സ് പുസ്തകപ്രേമികള്‍ക്കായി സമര്‍പ്പിക്കും.