എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവലിലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ‘ട്രാവൻകൂർ ലിമിറ്റഡ്’ എന്ന നാടകം 2023 ജനുവരി 1 രാത്രി 7 മണിക്ക് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അരങ്ങേറും. എം.ജി. സർവകലാശാലയിലെ ഭാഷാസാഹിത്യപഠനവിഭാഗമായ സ്കൂൾ ഓഫ് ലെറ്റേഴ്‌സാണ് നാടകം ഒരുക്കുന്നത്. ലെറ്റേഴ്സിന്റെ സ്ഥാപക ഡയറക്ടറും നാടകാചാര്യനുമായ ജി. ശങ്കരപ്പിള്ളയുടെ ഓർമദിനമായ ജനുവരി 1-ന് കഴിഞ്ഞ 33 വർഷങ്ങളായി അനുസ്മരണ സമ്മേളനവും നാടകാവതരണവും നടന്നുവരുന്നുണ്ട്. വിദ്യാർത്ഥികളും അധ്യാപകരുമാണ് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. ലെറ്റേഴ്സിലെ മുൻ അധ്യാപകരായിരുന്ന ആർ. നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രൻ, ഡോ. വി.സി. ഹാരിസ് തുടങ്ങിയവർ നാടകാവതരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.