എന്റെ ഭാര്യയുടെ പേര് ശോഭ കുറുപ്പ്. ബാംഗളൂരിൽ ജനിച്ചു , കോൺവെന്റ് സ്കൂളിൽ പഠിച്ചു, ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് ചെയ്തു .അതുകൊണ്ടു മലയാളത്തിനേക്കാൾ കുറച്ചധികം കന്നഡ ബെര്ത്താണ്.
കല്യാണത്തിന് ശേഷവും ഞങ്ങൾ കോണോത് സുകുമാരനായും, ശോഭ കുറുപ്പായും തുടർന്നു ,വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഡൽഹിയിൽ വസിച്ചു പോന്നു.കുറെ വര്ഷങ്ങള്ക്കു ശേഷം സൗത്ത് ആഫ്രിക്കയുടെ അയൽദേശമായ ബോട്സ്വാനയിലെ ടീച്ചിങ് ഹോസ്പിറ്റലിൽ രണ്ടുപേർക്കും നല്ല പദവിയിലുള്ള ജോലി കിട്ടിയപ്പോൾ അങ്ങോട്ട് കപ്പൽ കയറി.
ഒരിക്കൽ ബാംഗളൂരിൽ അവധിയിൽ വന്നപ്പോൾ പത്നിയുടെ ഒരു ബന്ധു വഴി സർജാപുർ റോഡിൻറെ അരുകിൽ പുതുതായി ഡെവലപ്പ് ചെയ്ത ഒരു ഗേറ്റഡ് കോളണിയിൽ ഒരു വീടിനുള്ള സ്ഥലം വാങ്ങി.അപ്പോൾ തന്നെ രെജിസ്ട്രേഷൻ കഴിച്ചു .
സ്ഥലത്തിന്റെ പ്രധാന ഉടമയായി ശോഭ കുറുപ്പും രണ്ടാമത്തെ ഉടമയായി കോണോത് സുകുമാരനും വിൽപത്രത്തിൽ ഹസ്താക്ഷരം ചെയ്തു. ഉദ്യാനനഗരത്തിൽ ഒരു തുണ്ടു ഭൂമിയുടെ ഉടമകളായതിൽ സന്തോഷിച്ചു .
ഭാവനനിര്മാണത്തിലേർപ്പെട്ട വിശ്വസ്തനായ ഒരു ബന്ധുവിനെ വീടുണ്ടാക്കുവാനും അതിനോടനുബന്ധിച്ച മറ്റു കാര്യങ്ങൾ നടത്താനും വാടകക്കാരെ കണ്ടുപിടയ്ക്കാനുമുള്ള ചുമതലകൾ ഏല്പിച്ചു തിരിച്ചു പോയി.
വീടുണ്ടായി,പല കാലയളവുകളിലുമായി നാലോളം വാടകക്കാർ താമസിച്ചു.
ഏതാണ്ട് 17 വർഷങ്ങൾ ജോലി ചെയ്ത ശേഷം ചില ഗാർഹികമായ സമ്മർദങ്ങൾ മൂലം തിരിച്ചു ബാംഗ്ളൂരിലേക്കു വരാൻ തീരുമാനിച്ചു.അവസാനത്തെ വാടകക്കാരൻ വീടൊഴിഞ്ഞു പോയിരുന്നു,ഏതാണ്ട് ഒരു വർഷത്തെ വൈദ്യുതി ബിൽ അടക്കാതെ .
മുമ്പത്തെ ബില്ലുകളൊന്നും ഇല്ലാത്തതു കൊണ്ട് മീറ്റർ നമ്പർ,വീടിന്റെ
മേൽവിലാസം ഒക്കെയായി വൈദ്യുത കമ്പനിയുടെ (ബെസ്കോം)പ്രാദേശിക കാര്യാലയത്തിൽ പോയി.അവിടുത്തെ ഉദ്യോഗസ്ഥനുമായി എന്റെ ഭാര്യ കന്നടയിൽ സംവാദം നടത്തി.അദ്ദേഹം അല്പം കാത്തിരിക്കാൻ പറഞ്ഞു.
കുറച്ചു നേരം കഴിഞ്ഞു അയാൾ വിളിച്ച
“സുകുമാര കുറുപ് വരണം ” എന്റെ മനസ്സിൽ കുറച്ചു ആശയകുഴപ്പം ഉണ്ടായി ,അല്പം ഉത്കണ്ഠയും . എന്നാൽ ഭാര്യയുടെ മുഖത്ത് .അങ്ങിനെയൊരു ഭാവവും കണ്ടില്ല
” നമ്മളെയാണ് വിളിക്കുന്നത് , ഞാൻ പോയി വരാം ”
എന്റെ പത്നി കൗണ്ടറിൽ പോയി ഒരു വർഷത്തെ കുടിശ്ശിക ബില്ലടച്ചു തിരിച്ചു വന്നു.
“വൈകുന്നേരത്തേക്കു കണക്ട് ചെയ്യും”
അപ്പോഴാണ് ഞാൻ ബില്ലിലേക്കു നോക്കിയത് .
ഉപഭോക്താവിന്റെ പേര് സുകുമാരക്കുറുപ്
മനസ്സിൽ ഒരു ഞെട്ടൽ
ഞാൻ ഭാര്യയോട് പറഞ്ഞു
“ഇതിൽ ഉപഭോക്താവിന്റെ പേര് തെറ്റായിട്ടാണ് അടിച്ചിരിക്കുന്നതു . ശോഭ കുറുപ്പിന് പകരം സുകുമാര കുറുപ് എന്നാണ് . അത് ഉടനെ തിരുത്തണം.”
“അത് പിന്നെ വേണമെങ്കിൽ ചെയ്യാം. അകൗണ്ട് നമ്പർ , മീറ്റർ നമ്പർ ഹൗസ് അഡ്രസ് എല്ലാം ശരിയാണ്. അല്ലെങ്കിലും ഇവിടുത്തെ ആളുകളുടെ വിചാരം സ്ത്രീകൾക്കു വീട്ടുടമയാവാൻ പാടില്ല എന്നാണ് അതുകൊണ്ടു ഒരു ഡബിൾ ഡികോമ്പോസിഷൻ ചെയ്തതായിരിക്കും . ശോഭയിൽ നിന്നും കുറുപ്പെടുത്തു സുകുമാരന് കൊടുത്തു സുകുമാരനെ വീട്ടുടമയാക്കി ,ഇത്രയല്ലേ ഉള്ളു”
“എന്തു പറഞ്ഞാലും ഈ തിരുത്തൽ ഉടനെ നടത്തണം .ഇത് വളരെ ഗൗരവമുള്ള കാര്യമാണ്.
“വാട്ട് ഹാപ്പെൻഡ് ടു യു ? യു ആർ ബിഹേവിങ് വെരി ഫണ്ണി ?”
ഭാര്യക്ക് ദ്വേഷ്യം വന്നു
“സുകുമാര കുറുപ് ആരാണെന്നു നിങ്ങളക്ക് അറിയാമോ?പോലീസിനെ കബളിപ്പിച്ചു ഇതേ വരെ പിടികൊടുക്കാതെ നടക്കുന്ന ഒരു ഭയങ്കര കൊലപാതകിയാണയാൾ.അയാളുടെ പേരിൽ കേരളത്തിലും ദുബായിയിലും കൊലപാതകത്തിനും തട്ടിപ്പിനും കേസുണ്ട് . രാജ്യമാകെ പോലീസ് അയാളെ നോക്കിനടക്കുകയാണ് പിന്നെ ഇന്റർപോളും പിടിച്ചാൽ തൂക്കിക്കൊല്ലും.”
ഇത്രയൊക്കെ പറഞ്ഞിട്ടും സഹധര്മിണിയുടെ മുഖത്ത് ഒരു ഭാവഭേദവും കണ്ടില്ല.കേരളത്തിൽ നടക്കുന്നകാര്യങ്ങളെപ്പറ്റി പൊതുവെ ആയമ്മക്
വിവരങ്ങൊളൊന്നുമില്ല എന്നിട്ടല്ലേ ഇരുപത്തഞ്ചു കൊല്ലം മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ കഥ.
“എന്തായാലും ഇത് തിരുത്തിയെ പറ്റു. ഇതു കമ്പ്യൂട്ടറിൽ ഉള്ള ഡാറ്റാ ആണ് പോലിസിന് വളരെ എളുപ്പത്തിൽ ട്രേസ് ചെയ്യാം.”
ഭാര്യയുടെ ക്ഷമ തീർന്നു
“നിങ്ങള്ക്ക് എന്ത് പറ്റി ? വെറുതെ കിടന്നു ചാടുന്നു . പോലീസ് അന്യൂഷിച്ചു വരട്ടെ . നിങ്ങളെ കാണുമ്പോൾ തന്നെ അവർക്കു മനസ്സിലാവും അബദ്ധം പറ്റിയെന്നു ”
അതിലടങ്ങി. തന്റെ ആകാരത്തെയാണ് ലക്ഷ്യം .
എന്നാലും ഭയം മനസ്സിൽ അസാരം ഉണ്ടായിരുന്നു.
ഗൂഗിൾ ഒന്ന് കൂടി പരതി. സുകുമാര കുറുപ്പിന്റെ കേസും
കേസന്വേഷണത്തിന്റെ പുരോഗതിയും
പിറ്റേന്ന് ഭാര്യ അറിയാതെ വൈദ്യുത ആപ്പീസിൽ പോയി , പേര് തിരുത്തൽ നടത്താൻ . അവർ ആവശ്യമുള്ള ഡോക്യൂമെൻറ്സിന്റെ ഒരു ലിസ്റ്റ് തന്നു
.അതിൽ ആധാർ, റേഷൻ, ഡ്രൈവിംഗ് ലൈസൻസ്, വീടിന്റെ എല്ലാ പേപ്പറുകളുടെയും സിറോക്സ് കോപ്പികൾ ,മാര്യേജ് സർട്ടിഫിക്കറ്റ്, പേര് തിരുത്തുന്നതിൽ ഭാര്യക്കും വീട്ടുകാർക്കും നാട്ടുകാർക്കും എതിർപ്പില്ലെന്നുള്ള സർട്ടിഫിക്കറ്റ് ,വീടിന്റെ വിലാസത്തെ കുറിച്ച് പോലീസ് വെരിഫിക്കേഷൻ, പിന്നെ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്നു അംശം അധികാരിയുടെ സത്യവാങ്മൂലവും അങ്ങിനെ പോയി ലിസ്റ്റിന്റെ നീളം .നിരാശനായി തിരിച്ചു പോന്നു.
രാത്രിയിൽ പല ദുസ്വപ്നങ്ങളും കാണാൻ തുടങ്ങി
താൻ വധ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു.
തൂക്കാൻ വിധിച്ചവരുടെ സെല്ലിൽ ഒറ്റയ്ക്ക് .
രാത്രിയിൽ ജയ്ലറും, മജിസ്ട്രേറ്റും, ഡോക്ടറും വന്നു തന്നെ പരിശോധിച്ച് , വിധി വായിച്ചു. ഇഷ്ടമുള്ള അവസാനത്തെ അത്താഴം ബിരിയാണി മതിയോ എന്നും ചോദിച്ചു
വേറൊരു രാത്രിയിൽ ദുസ്വപ്നം കണ്ടത് തന്നെ ബാംഗളൂരിൽ വച്ച് അറസ്റ്റ് ചെയ്തത് വർത്തമാന പത്രങ്ങളിൽ വന്നിരിക്കുന്നു .
” 25 കൊല്ലങ്ങളായി പിടികൊടുക്കാത്ത കുപ്രസിദ്ധ കൊലപാതകത്തിലെ പ്രതിയായ ഭീകരനായ സുകുമാരകുറുപ്പിനെ ബാംഗളൂരിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.വ്യാജ ഡോക്ടർ ആയി 17 വര്ഷം ആഫ്രിക്കയിൽ ജോലി ചെയ്ട് തിരിച്ചു വന്നപ്പോളാണ് പിടിയിലായത്, ഒരു വൈദ്യുത ബിൽ ട്രേസ് ചൈതാണ് പ്രതിയെ പോലീസ് കുടുക്കിയത്
പിന്നെ ദുസ്വപ്നങ്ങൾ കുറവായി തുടങ്ങി. ജീവിതം ക്രമേണ സാധാരണ ഗതിയിലായിത്തുടങ്ങി . എന്നാലും ആ പേര് മാറ്റിയാലേ മനസ്സിന് പൂർണ സമാധാനമാവു
ഭാര്യ ഇടക്ക് കളിയാക്കി ചോദിക്കും
‘പേര് തിരുത്തൽ എവിടം വരെ ആയി?”
വർഷങ്ങൾ രണ്ടുമൂന്നു കഴിഞ്ഞു . ഒരു ദിവസം പത്രത്തിൽ ഒരു ചെറിയ വാർത്ത കണ്ടു വളരെ ആഹ്ളാദവും കൗദുകവും തോന്നി.
ഭാര്യയോട് പറഞ്ഞു.
ഇനി തത്കാലം പേര് തിരുത്തണ്ട.ഞാനൊരു ഹീറോ ആകാൻ പോകുന്നു. സുകുമാരകുറുപ്പിനെ പറ്റി ബിഗ് ബഡ്ജറ്റ് സിനിമ വരാൻ പോണു.
ഭാര്യയുടെ മുഖത്ത് ഒരേ നേരിയ മന്ദഹാസം വിടർന്നു.
അതിനു സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു .
ഒരു കിരിയത്തിൽ നായരായ കോണോത് സുകുമാരനെ , ഗ്രേഡിങ്ങിൽ ലേശം താഴെയാണ് എന്ന് പൊതുവെ കരുതപ്പെടുന്ന കുറുപ് വർഗ്ഗത്തിലേക്കു പരിവർത്തനം ചെയ്തതിലുള്ള സംപൃപ്തി .