ട്രാൻസ്ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്ത് സാമൂഹിക നീതി വകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്. ജില്ല കളക്ടർ കെ മുഹമ്മദ് വൈ സഫിറുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.
ആതിര, മെറീന എന്നിവർക്ക് ജില്ലാ കളക്ടർ തയ്യൽ മെഷീൻ കൈമാറി.
ജില്ലയിൽ നിന്ന് അഞ്ച് പേർക്ക് തയ്യൽ മെഷീൻ നൽകുന്ന പദ്ധതി യാണിത്. ആതിര, മെറീന എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ തയ്യൽ മെഷീൻ നൽകിയത്. താര, അതിഥി, വിനായക് എന്നിവർക്കും തയ്യൽ മെഷീൻ നൽകും.
ജില്ലാ സാമൂഹിക വകുപ്പ് ഓഫീസർ ടി. കെ. രാമദാസ്, ആശാഭവൻ സൂപ്രണ്ട് ജോൺ ജോഷി, ഓൾഡേജ് ഹോം സൂപ്രണ്ട് വിജയൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് ചില പദ്ധതികളും ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കി വരുന്നു. നിലവിൽ 24 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ട്. അഞ്ച് പേർക്ക് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നതിനുള്ള പരിശീലനവും നൽകി വരുന്നു.