ടോർച്ച്

സ്വന്തം നെഞ്ചിലേക്ക്
സ്വന്തം മുഖത്തേക്ക്
തെളിച്ച് പിടിക്കാനുള്ളതല്ല
ഈ ടോർച്ച്!

ഇരുട്ടിൽ നിൽക്കുന്നവൻ്റെ മുഖത്തേക്ക്
കാട്ടുവഴികളിലെ മുള്ളിൻ മുനകളിലേക്ക്
കരിങ്കൽ മുനകളിലേക്ക്
വഴിമുറിച്ചു കിടക്കുന്ന
വിഷപ്പാമ്പുകളുടെ പുറത്തേക്ക്
ഞാൻ ഭയക്കുന്ന ഇരുട്ടിനെ
പിളർക്കുന്ന വജ്രായുധമാണ്
ഈ ടോർച്ച്

ഈ ടോർച്ച് ആണെൻ്റ സ്വാതന്ത്ര്യം
ഞാൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യത്തിനു മേൽ
ഞാൻ തെളിക്കുന്ന ടോർച്ച്
അതാണ് എൻ്റെ സത്യം.

ഇന്ന് പ്രഭാത സവാരിക്കിടയിൽ ഞാൻ കണ്ടു
എൻ്റെ പ്രിയ സുഹൃത്ത്
എൻ്റെ ടോർച്ച് മാറത്തടക്കിപ്പിടിച്ച്
മരവിച്ച് കിടക്കുന്നു.

എൻ്റെ പ്രിയ സുഹൃത്തേ
നീയെന്തിനാണ് എൻ്റെ ടോർച്ച് മോഷ്ടിച്ചത് ?

അപ്പോൾ , അദൃശ്യമായ അവൻ്റെ
ആത്മാവ് എന്നോട് മന്ത്രിച്ചു,
ക്ഷമിക്കൂ സുഹൃത്തേ…
ഞാൻ നിൻ്റെ ടോർച്ച് മോഷ്ടിച്ചതല്ല
ഇന്നലെ, രാത്രി സഞ്ചാരത്തിനിടെ
നിൻ്റെ ടോർച്ച് അറിയാതെ
ഞാൻ നിൻ്റെ മുഖത്തിനു നേരെ തിരിച്ചു.
ഒരൊറ്റ ദർശനത്തിൽ തന്നെ
ഞാൻ പ്രജ്ഞയറ്റു വീണു

ഏതൊരു കൂരിരുട്ടിലും
ഏതു കാട്ടുവഴികളിലും
ഞാൻ നിന്നെ തിരിച്ചറിഞ്ഞിരുന്നില്ലല്ലോ
നിൻ്റെ ടോർച്ച് എൻ്റെ കൈയിൽ കിട്ടുന്നതു വരെക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here