ഇന്നത്തെ സത്യകഥ

 

 

വീടിനു പിന്നിൽ ഇങ്ങിനെ ഉലാത്തി കൊണ്ടിരിക്കുമ്പോൾ വഴിയുടെ ഒരരികിൽ വെള്ളപ്പൂച്ച പതുങ്ങി ഇരിക്കുന്നു. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് കൂടി അതിന് അനക്കമില്ല. “ശെടാ ഇതെന്ത് കൂത്ത് ” എന്നാലോചിച്ചപ്പോഴല്ലേ കക്ഷിയുടെ നോട്ടം അവിടെ ഓടിനടക്കുന്ന അണ്ണാനിലും പൂത്താങ്കീരിയിലും ആണെന്ന് തിരിഞ്ഞത്.

ആഹാ എന്നും വൈകിട്ട് മീന്റെ മണം പിടിച്ചു വന്ന് അതിന്റെ കുടലും പണ്ടവും അകത്താക്കുന്നതും പോരാ എന്റെ ഏറ്റവും പ്രിയപ്പെട്ട കലപിലകളുടെ ജീവനും കൂടി വേണോ , ശരിയാക്കി തരാം എന്ന് അപ്പോൾ തന്നെ ഉറപ്പിച്ചു (കാര്യം പൂത്താങ്കീരികൾ ഏറ്റവും ദേഷ്യക്കാരികളും അങ്ങേയറ്റം കലഹികളും പോരാത്തതിന് പുലർകാല 6.15 എന്ന സമയം ഉണ്ടെങ്കിൽ എന്റെ ഉറക്കം കെടുത്താൻ വേണ്ടി മാത്രം എന്നും ജനൽച്ചില്ലിൽ വന്ന് കൊത്തി പറിക്കുകയും ചെയ്യാറുണ്ടെങ്കിലും, എന്റെ കാതരകളാണിവ…
അണ്ണാൻ പിന്നെ പറ്റായ കണ്ണാണ്, പയറു മുളപ്പിച്ചത് ശട പടെ എന്നു എടുത്തുകൊണ്ട് പോകും എന്നല്ലാതെ വേറെ ഉപദ്രവങ്ങൾ ചെയ്ത് കണ്ടിട്ടില്ല…ഹാ അപ്പോൾ നമ്മുടെ കഥ ).

ഏറു കണ്ണിട്ട് ഞാനിങ്ങനെ നടക്കുകയാണ്. എല്ലാരും ഓട്ടം ചാട്ടം ഒച്ചയിടൽ തുടങ്ങി കച്ചറ പരിപാടികൾ കഴിഞ്ഞു താണ് പറക്കാനും പാകത്തിരിക്കാനും തുടങ്ങിയപ്പോൾ തടിയൻ പൂച്ച പതുക്കെ ഒന്നു മുന്നോട്ടാഞ്ഞു , പിന്നെയതാ ഒത്തനടുവിലേക്ക് ഉന്നം വെച്ച് ഒറ്റചാട്ടം !
ഇത് നോക്കിനിൽക്കുന്ന ഞാൻ അതേ നിമിഷത്തിൽ ഒറ്റ അലർച്ച …ഹ ഹ…

പൂത്താങ്കീരിയും അണ്ണാനും മഞ്ഞക്കിളിയും പച്ചില കുടുക്കയും എന്നു വേണ്ട മണ്ണിൽ തലകുത്തി മറിഞ്ഞിരുന്ന തേരട്ട വരെ എന്റെ ഒച്ചകെട്ട് നാലുവഴി ചിതറി ഓടി…

” അയ്യോ അപകടം അപകടം “എന്നോ മറ്റോ തല തല്ലി കരഞ്ഞു അണ്ണാൻ കൂട്ടങ്ങൾ തെങ്ങിൽ ചാടി കയറി.

” നോക്ക് കച്ചറകളേ….! നിങ്ങളെ രക്ഷിച്ചത് ഞാനാണ്, ഈ ഞാൻ.. “
എന്ന ഹുങ്കിൽ ഞാൻ പിന്നെയും നടത്തം തുടർന്നു.

പൂച്ച വിട്ടില്ല, നേരെ അപ്പുറത്തെ പറമ്പിലെ കൊച്ചു കാട്ടിൽ പതുങ്ങി ഇരിപ്പായി.
ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ.. ഒരു കല്ലെടുത്തെറിഞ്ഞു ഞാൻ അപ്പോഴും ഓടിച്ചു…

അതെന്നെ ഒരു നോട്ടം നോക്കി..

” ഹോ സാമദ്രോഹി , ഈ ചെയ്ത്തു നീ ചെയ്തു കളഞ്ഞല്ലോ എന്റെ വയറെരിയുന്നു, രാവിലെ മുതൽ ശോകമാണ് എനിക്ക്…
ഇവറ്റകളോടുള്ള നിന്റെ പ്രേമത്തിന്റെ പേരിൽ ഞാനിന്ന് പട്ടിണി ആകുമല്ലോ, ഹൃദയമില്ലാത്തവളെ … ! “

ഞാനും ഒരു നനഞ്ഞ ചിരിയിൽ മറുപടി കൊടുത്തു,
” അതേ.. ഞാനെല്ലാവരെയും രക്ഷിക്കും, എനിക്കതിന് മാത്രം ശക്തിയുണ്ട്, “

അപ്പോൾ പൂച്ച, തുളഞ്ഞു കേറുന്ന പരിഹാസ ഭാവത്തിൽ എന്നോട് …

” ഹോ പമ്പര വിഡ്ഢി ആർക്കും ആരെയും തടയാനാകില്ല, ഒരു കാറ്റിനെ നിനക്ക് തടഞ്ഞു നിർത്താനാകില്ല, പോട്ടെ ഇനിയൊരു മഴത്തുള്ളി പോലും ഭൂമിയിൽ വീണുകൂടാ എന്നു സ്വപ്നം കാണാൻ പോലും നിനക്കാക്കില്ല..
ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് പ്രകൃതിയുടെ താണ്ഡവം കാണുക എന്നല്ലാതെ മറ്റൊന്നും നിന്നെ കൊണ്ടാകില്ല, നിനക്ക് നിന്നെ തന്നെ രക്ഷിക്കാനാകില്ല…പിന്നെയാണോ നിന്റെയീ പൂത്താങ്കീരികളും കച്ചറകളും…?

നീ ഇത് മനസിലാക്ക്…ഞങ്ങൾ ഇങ്ങിനെയാണ് ! കൊണ്ടും കൊടുത്തും കൊന്നും തിന്നും ജീവിക്കും …
ഹേ മനുഷ്യാ ഈ ലോകം ഞങ്ങൾക്ക് കൂടി ഉള്ളതാണ് “

ഇത് കേട്ടിട്ടാണോ എന്തോ പിന്നെയും എറിയാൻ വെച്ച കല്ല് കയ്യിൽ നിന്ന് താനേ ഉരുണ്ടു പോയി..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here