പ്രണയമേ,
നീയെന്‍റെ സിരകളിൽ, നുരയുമൊരു
ലഹരിയായ് ഇനിയും പടർന്നിടല്ലെ.
ഇനിയെനിയ്ക്കാവില്ല പാടിപ്പുകഴ്ത്തുവാൻ,
“നീ തന്നെ ജീവിതം” എന്ന മിഥ്യ.
ഇനിയെന്നിൽ ബാക്കി,യില്ലൊരു തുള്ളി രക്തവും,
നിൻ വഴിപ്പൂക്കൾ ചുവപ്പിക്കുവാൻ.
ഇനിയവശേഷി,പ്പതില്ലിറ്റു കണ്ണുനീർ,
ദാഹനീരായ് നിനക്കേകുവാനായ്.
ഇനിയില്ല നാളുകള്‍ വീണ്ടു,മുൻമാദിയായ്
നിന്‍റെ ലോകങ്ങളിൽ വീണുറങ്ങാൻ.
പ്രണയമെ, നീയെന്‍റെ നിദ്രകളിൽ വീണ്ടുമൊരു
മുഖപടം ചാർത്തി,യണഞ്ഞിടല്ലെ.
ഇനിയെനിയ്ക്കാവില്ല വാക്കിൽ നിറയ്ക്കുവാൻ,
നീ തന്ന ചുംബന,തേൻകണങ്ങൾ.
ഇനിയെന്നിൽ ബാക്കി,യില്ലൊരു വ്യർത്ഥമോഹവും,
നെഞ്ചിലെ ചൂടായ് പകർന്നു നൽകാൻ.
ഇനിയവശേഷിപ്പതില്ലിറ്റു സ്നേഹം
നിനക്കായ് മാത്രം പകുത്തു നൽകാൻ.
ഇനിയില്ല നാളുകള്‍, പൊയ്പോയ കാലത്തിൻ
സ്മൃതികളിൽ നിന്നെ തിരഞ്ഞിറങ്ങാൻ.
പ്രണയമെ, ഇനി തമ്മില്‍ പിരിയാം, നമുക്കൊരു
ചിരി കൊണ്ട് തങ്ങളിൽ യാത്ര ചൊല്ലാം.
പങ്കു വയ്ച്ചീടാം കഴിഞ്ഞ കാലത്തിന്‍റെ
സമ്മാനമായൊരാ നിമിഷമെല്ലാം.
ഓർമ്മകളെല്ലാം എടുക്കട്ടെ ഞാ,നതിൻ
അനുഭൂതിയെല്ലാം നിനക്കു സ്വന്തം.
കാണരുതെന്നൊരേ,യാശയോടെ, “വീണ്ടും
കണ്ടുമുട്ടാം” എന്നു ചൊല്ലി,യകലാം.
കാലപ്രവാഹത്തിൽ കണ്ടിടും മാത്രകളിൽ
“കണ്ടില്ല തമ്മിൽ” എന്നാശ്വസിയ്ക്കാം.
പ്രണയമെ, എങ്കിലും നന്ദി, നീയെന്നുടെ
വനികയിൽ തീർത്ത വസന്തത്തിനായ്.
എന്‍റെ മിഴികളില്‍ നീ തന്ന കനവുകൾക്കായ്,
എന്‍റെ വരികളിൽ വർഷിച്ച മധുരിമയ്ക്കായ്.
നീ തന്ന പൂച്ചെണ്ടുകൾക്ക് നന്ദി,
മുറിവേല്പിച്ച മുള്ളിനും എന്‍റെ നന്ദി.
വാഴ്വിന്‍റെ ആഴങ്ങള്‍ തിരയുമീ യാത്രയിൽ,
വഴിയിലെൻ കൂട്ടായതിന്നു നന്ദി.
അറിയാതെ പോകേണ്ട നേരുകൾ ജീവനില്‍
അറിവായ് പകർന്നതിനേറെ നന്ദി.
കണ്ണുനീരുപ്പ് കലർന്നെങ്കിലും, തെല്ലു
കയ്ക്കില്ല ജീവിതം എന്ന സത്യം ,
കനിവാൽ പഠിപ്പിച്ച കാരുണ്യമേ , എന്‍റെ
ഹൃദയത്തിൻ ഭാഷയിൽ ചൊൽവു നന്ദി…