ജീവിതത്തോട്

 

ഇതാ സമാഗതമായിരിക്കുന്നു
ആർക്കൊക്കെയോ വീതം വെച്ചു
ശേഷിച്ച നിമിഷങ്ങളുമായി
ഞാനെനിക്കായി കരുതിവെച്ച കാലം

തിരക്കുകളൊഴിഞ്ഞ്
കടമകളും കർത്തവ്യങ്ങളുമൊഴിഞ്ഞേതോ
തിരിച്ചറിവിന്നൂർജ്ജവുമായി
എന്തിനൊക്കെയോ കരുതിവെച്ച കാലം

കാലശകടത്തിനൊപ്പം ദ്രുതഗതിയിലേറെയോടിതളർന്നതല്ലേ
ഇനി മെല്ലെ നടന്നു കയറട്ടെ

സുന്ദരസുരഭിലമാം മമ ജീവിതമേ, നിന്നെ
മിഴി തുറന്നു കാണുവാൻ
മനം നിറഞ്ഞു ചിരിക്കുവാൻ
ഇന്നു നേരമേറെയുണ്ട്

വണ്ടായ് പറന്നു നീയാം പൂവിന്റെ
നറും തേനുണ്ണുവാൻ
നേരത്തിനായി കാത്തു കാത്തൊടുക്കം
നേരമെത്തിയപ്പോഴോ
അരുതെന്നുളളിലാരോ വിലക്കുന്നു
മാറിയ കാലമോ അതോ പ്രായമോ

ഏറെ വൈകിയൊരീവേളയിൽ
പകലിന്നുഗ്ര താപത്താൽ
തളർന്നൊരീ സായന്തനത്തിൽ
സ്വപ്നങ്ങൾക്കും ജരാനരകളായി
മങ്ങിയ മിഴികളിൽ തെളിയാത്ത വഴികളിൽ
കാലുകൾ നന്നേ ശോഷിച്ചിരിക്കുന്നു

ഇനിയോ,വെറുമൊരു വൃദ്ധൻ മാത്രമായി
കണ്ടു മറന്ന കാഴ്ചകളായി
കരളിലെവിടെയോയവശേഷിക്കും
ഓർമ്മപ്പൊട്ടുകൾ തന്നിലിത്തിരി മധുരം
ചികഞ്ഞെടുത്തു നുണഞ്ഞു
ശുഷ്കമാം ശിഷ്ടദിനങ്ങൾ തളളിനീക്കട്ടെ
മതിയാക്കിടാമതുമെനിയെന്നു
മൃത്യുവിന്നുൾവിളി വരും വരെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here