ശ്രീകൃഷ്ണനാണോ… കണ്ണനല്ലേ കൃഷ്ണൻ? കള്ള കണ്ണൻ… നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കണ്ണൻ. ദയാലുവും, ഭക്ത വത്സലനുമായ ഭഗവാനാണോ കണ്ണൻ? ഓരോ അമ്മമാർക്കും അവരു കുഞ്ഞു മകനല്ലേ കണ്ണൻ.
കഥ പറയുന്ന ആ കുസൃതി കണ്ണുകൾ നിനക്കെവിടെ നിന്ന് ലഭിച്ചു കണ്ണാ.. നിന്റെ മൂർദ്ധാവിനെ അലങ്കരിക്കുന്ന മയിൽപ്പീലി കണ്ണുപോലും അസൂയപ്പെടുന്ന മിഴികൾ. നിന്റെ മൗനം സംസാരിക്കുന്നത് ആ മിഴികളിലൂടെ അല്ലേ കണ്ണാ.. നിന്റെ പുഞ്ചിരി, മാതാവ് യശോദയുടെ ഹൃദയത്തിൽ തൊടുന്നത് ആ കുസൃതി മിഴികളിലൂട തന്നെയല്ലേ … അതുകൊണ്ടാണോ കണ്ണാ.. മാതാവ് നിന്നെ സ്നേഹപൂർവ്വം കണ്ണാ എന്ന് വിളിച്ചത്?
വൃന്ദാവനത്തിലെ ഗോപികമാരുടെ ഹൃദയം കവർന്ന ആ മിഴികൾ.. മനം മയക്കുന്ന ആ വേണുഗാനം… ഹാ ! കണ്ണാ.. ആ ഗോപികമാരിൽ ഒരാളായി ജനിക്കാൻ നീ എനിക്ക് ഭാഗ്യം തന്നില്ലല്ലോ.. ആ മനോഹര രൂപം കാണാൻ എന്റെ കണ്ണുകൾക്ക് ഭാഗ്യമുണ്ടായില്ലല്ലോ? ആ മനോഹര ഗാനം കേൾക്കാൻ എന്റെ കാതുകൾക്കും.
മഞ്ഞപട്ടുടുത്ത് വനമാലയും മാറിലണിഞ്ഞ് മരത്തണലിൽ മുരളികയൂതുന്ന കാർവർണ്ണാ.. അങ്ങ് തന്നെയല്ലേ… പ്രണയം. കവികൾ വാഴ്ത്തിപ്പാടുന്ന ആ അതുല്യ പ്രേമം നീ തന്നെയല്ലേ.. പകരം വയ്ക്കാനാവാത്ത സൗഹൃദവും നീ തന്നെയല്ലേ? കണ്ണുകൾ കൊണ്ട് നീ പുഞ്ചിരിക്കുമ്പോൾ കണ്ണാ… നിന്റെ മുന്നിൽ അലിയാത്ത ഹൃദയങ്ങളുണ്ടോ?
നിന്നെ പ്രണയിച്ച ഗോപിക മാരിൽ നിനക്ക് പ്രണയം രാധയോട് തന്നെയായിരുന്നോ കണ്ണാ? ജീവിതകാലം മുഴുവൻ നിന്നെയും പ്രതീക്ഷിച്ച് കാത്തിരിക്കാനും മാത്രം എന്തൊക്ക രഹസ്യങ്ങളാ കണ്ണാ നീ രാധയോട് പറഞ്ഞത്? ഇത്രയും അധികം പ്രണയിച്ചിട്ടും മധുരയിലേക്കുള്ള യാത്രയിൽ രാധയെ കൂടി കൂട്ടാഞ്ഞതെന്തേ? പാൽകുടമുടച്ചും, വെണ്ണ കട്ടുതിന്നും വൃന്ദാവനത്തിലെ അമ്മമാരുടെ ഹൃദയത്തിലെ വാത്സല്യമായി നീ മറിയതെങ്ങനെയാണ് കണ്ണാ…
ഒരു ജന്മം തീരില്ല കണ്ണാ… നിന്നെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ.. ഒരുയുഗം പറഞ്ഞാലും തീരില്ല കണ്ണാ.. നിന്റെ മായകളും, ലീലകളും. ഭഗവാനെ.. കണ്ണാ.. ഞാനെന്തെഴുതണം നിന്നെ കുറിച്ച്… എങ്ങനെ എഴുതി നിർത്തണം നിന്നെ കുറിച്ച്…
എന്റെ ഈ തൂലിക ഒന്നുപോലും
നിൻ വിരൽ തുമ്പിലെ ലീലയല്ലോ
മരണമായെത്തിയോരമ്പ് പോലും
ഒരു ജന്മത്തിൻ പ്രായശ്ചിത്തമല്ലോ
പാടിയാൽ തീരുമോ നിന്റെ ലീല
എഴുതുവാനാകുമോ നിന്റെ മായ
വാക്കിലൊതുങ്ങുമോ നിന്റെ ദയ
വരയ്ക്കുവാനാകുമോ നിന്റെ രൂപം