എല്ലാവരെയും പോലെ അത്ഭുതത്തോടെയാണ് ഞാനും ആ വാർത്ത കേട്ടത്. അയൽവാസിയായ വേലായുധൻ പുലിയെ കൊന്നിരിക്കുന്നു. കേട്ടവർ കേട്ടവർ ആശുപത്രിയിലേക്ക് ഓടി. എന്താണ് സംഭവമെന്നറിയാൻ. പുലിയുമായുള്ള മൽപ്പിടുത്തത്തിൽ പരുക്കേറ്റ വേലായുധൻ ആശുപത്രിയിലാണുള്ളത്.
അവിടെ ചെന്നപ്പോൾ രണ്ടു വർഷത്തെ ഇടവേള്യ്ക്ക് ശേഷം നെഹ്രുട്രോഫി വള്ളംകളി നടന്നപ്പോൾ കാണാൻ കൂടിയ ആൾക്കൂട്ടത്തെക്കാൾ വലിയ ആൾക്കൂട്ടം. അതിനിടയിൽ അകത്തു കേറി എങ്ങനെ കാണാനാണ്?
ചാനലുകാരുടെയും പത്രക്കാരുടെയും തള്ളിക്കയറ്റം കണ്ടപ്പോൾ ഇതിനെക്കാൾ ഭേദം പുലിയായിരുന്നു എന്ന് വേലായുധന് തോന്നിക്കാണണം. കയ്യിൽ പ്ളാസ്റ്ററിട്ട് എങ്ങനെയും ജീവിതം തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ കിടക്കുന്ന വേലായുധനോട് അകത്തേക്ക് ഇടിച്ചു കയറി ചാനലിന്റെ പേരുള്ള നീണ്ട മൈക്ക് നീട്ടി ഒരു സ്വന്തം റിപ്പോർട്ടർ ചോദിച്ചു.
മൈക്ക് കണ്ട് വേലായുധൻ ഒന്നു പേടിച്ചു, ലേഖികയുടെ വേഷം കണ്ടും പേടിച്ചിരിക്കണം. പാവം വേലായുധൻ, പുലിയെ കണ്ടപ്പോൾ ഇത്രയും പേടിച്ചിരിക്കില്ല.
‘’ചേട്ടാ,ചേട്ടന് പുലിയെ കണ്ടപ്പോൾ ആദ്യം എന്താണ് തോന്നിയത്?’’
കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ എന്നായിരുന്നു പഴയ സ്വഭാവമനുസരിച്ച് വേലായുധൻ പറയേണ്ടിയിരുന്നത്. എങ്കിലും ക്ഷമിച്ചു. ഒരു പുലിയെ നേരിട്ടു വന്ന താൻ ഒരു ചാനൽ ലേഖികയുടെ മുന്നിൽ അധീരനാകരുതല്ലോ…
ഇതെന്ത് വിവരക്കേടാണ് ചോദിക്കുന്നതെന്ന മട്ടിൽ വേലായുധൻ മാത്രമല്ല മറ്റുള്ളവരും ഒന്നു നോക്കിയതു കൊണ്ടാകാം റിപ്പോർട്ടർ പിന്നൊന്നും ചോദിച്ചില്ല.
കാണാനും ഇന്റർവ്യൂ ചെയ്യാനും വന്നവരുടെ തിരക്ക് ഒന്നൊതുങ്ങിയപ്പോഴാണ് ഞാൻ വേലായുധനെ കാണാൻ കയറിയത്. ആരും അടുത്തെങ്ങുമില്ലെന്ന് ഉറപ്പാക്കിയിട്ട് ഞാൻ വേലായുധനോട്
ചോദിച്ചു.
‘’സത്യത്തിൽ എന്താണ് സംഭവിച്ചത് വേലായുധാ..’’
അങ്ങനെ ചോദിക്കാൻ
കാരണം, ഞാനറിയുന്ന വേലായുധൻ ഇതുവരെ പുലിയെ പോയിട്ട് ഒരു എലിയെപ്പോലും കൊല്ലാൻ ധൈര്യപ്പെടും എന്ന് തോനുന്നില്ല, ആ അത്ഭുതത്തോടെയാണ് ഞാൻ വേലായുധനോട് ചോദിച്ചത്..
‘’എന്റെ സാറേ, ആ സമയത്ത് സാറാണെങ്കിൽ പോലും പുലിയെ കൊന്നു പോകും..അല്ലെങ്കിൽ എന്നെ അവൻ കടിച്ചു കീറിയേനെ..’’
അപ്പുറവും ഇപ്പുറവും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് പതുക്കെ അവൻ എന്റെ ചെവിയിൽ പറഞ്ഞു.
“പിന്നെ,ഇതിനെക്കാൾ വലിയ പുലിയെ അല്ലേ, സാറേ വീട്ടിൽ എല്ലാ ദിവസവും നേരിട്ടു കൊണ്ടിരിക്കുന്നത്. പിന്നെ ഈ ചിന്ന പുലിയൊക്കെ നമുക്കൊരു പ്രശ്നമാണോ..’’
പ്രിയതമ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് വേലായുധൻ പറഞ്ഞത് കേട്ടപ്പോൾ ഞാനോർത്തു, എന്നെക്കൂടി ഉദ്ദേശിച്ചാണോ അവൻ പറഞ്ഞത്. ആർക്കറിയാം? കൂടുതൽ ആലോചിക്കാൻ സമയം കിട്ടുന്നതിനു മുമ്പ് വേലായുധനെ ഇന്റർവ്യൂ ചെയ്യാൻ അടുത്ത ചാനൽ സംഘം അകത്തേയ്ക്ക് ഇടിച്ചു കയറി.