ഫയലുകൾ അങ്ങനെയാണ്
അടച്ചു വെച്ചിരിക്കുമ്പോൾ നമ്മളറിയില്ല
എത്രയോ കഥകൾ അവയിലുറങ്ങുന്നുവെന്ന്..
തുറന്നു നോക്കുമ്പോഴാണ് കഥകളായി
അവ നമുക്ക് മുന്നിലേക്ക് പറന്നിറങ്ങുന്നത്..
കദനങ്ങളായി പടർന്ന് നിറയുന്നത്..
തുറന്ന ഫയലുകൾ ചിലപ്പോൾ കരയും
ചിലപ്പോൾ ചിരിക്കും
ചിലപ്പോൾ ഒരു സുഹൃത്തിനെപ്പോലെ
തോളിൽ കയ്യിടും
ചിലപ്പോൾ ഒരു ശത്രുവിനെപ്പോലെ
കണ്ണുരുട്ടും..
എത്ര പേരുടെ നൊമ്പരങ്ങളും ജീവിതങ്ങളുമാണ്
അടച്ച ഫയലുകളിലുറങ്ങുന്നത്
ഇടയ്ക്ക് അവ തുറന്നു നോക്കുമ്പോൾ
പൊടിയോടൊപ്പം ഓർമ്മകളും താഴേക്ക് വീഴും
ഹൈക്കോടതിയിൽ നിന്നും
ഹാജരാക്കാൻ നിർദ്ദേശം വന്നപ്പോഴാണ്
തൊണ്ണൂറ്റൊമ്പതിലെ ഒരു ഫയൽ പൊടി തട്ടിയെടുത്തത്
ഇരുണ്ട റെക്കോഡ് മുറിയിൽ നിന്നും
ഫയലുകൾ തപ്പിയെടുക്കാൻ സമയം കുറെ എടുത്തു
ഒറ്റയ്ക്ക് റെക്കോഡ് മുറിയിൽ നിൽക്കുമ്പോൾ
വല്ലാത്ത പേടിയാണ്
പൊടി പിടിച്ച ഫയലുകളിൽ അട്ടിയട്ടിയായി
കെട്ടി വെച്ചിരിക്കുന്നത് മനുഷ്യരുടെ വ്യഥകളാണ്..
അടക്കി വെച്ച ഫയലുകളുടെ വീർപ്പുമുട്ടലുകൾക്കിടയിൽ
അടർന്നു വീഴുന്ന ഗദ്ഗദങ്ങളുടെ നൊമ്പരം
ഭിത്തിയിൽ ചെവി ചേർത്തു വെച്ചാൽ
ഹൃദയമിടിപ്പു പോലെ കേൾക്കാം..
അവയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ ദു:ഖമുണ്ട്
ജീവൻ നഷ്ടപ്പെട്ടവരുടെ വേദനയുണ്ട്..
ഒരു നഷ്ടപരിഹാര കേസിന്റെ ഫയലായിരുന്നു
കണ്ടെത്തേണ്ടിയിരുന്നത്
ഭാര്യയുടെയും മക്കളുടെയും
തേങ്ങലുകൾ ചേർത്ത് കെട്ടിവെച്ച ഫയൽ..
അത് തുറന്നപ്പോൾ സങ്കടക്കടലാണ്
പുറത്തേക്കൊഴുകിയത്..
മറിച്ചു നോക്കുമ്പോൾ നഷ്ടപ്പെട്ട വർഷങ്ങൾ
മങ്ങലായി പടർന്നിറങ്ങിയ ഫയലിന് ജീവൻ വെച്ചു
മഴയും മഞ്ഞും നിറഞ്ഞ ഫയലിൽ നിന്നും
ആത്മാവുകൾ പറന്നിറങ്ങി
മരണശേഷം ഭർത്താവിന്റെ മറ്റൊരു
ഭാര്യയെപ്പറ്റി അറിയാനിടയായ
നൊമ്പരവും അമ്പരപ്പും ഫയലുകൾക്കിടയിൽ
രോഷമായി പടർന്നു..
അടക്കി വെച്ച സങ്കടത്തിന്റെ ശേഷിപ്പുകൾ
പരിഭവം പറഞ്ഞു കരഞ്ഞു..
ഫയലുകൾ അങ്ങനെയാണ്
അടച്ചു വെച്ചിരിക്കുമ്പോൾ നമ്മളറിയില്ല
എത്രയോ കഥകൾ അവയിലുണ്ടെന്ന്
തുറന്നു നോക്കുമ്പോഴാണ്
അവയിലുറങ്ങുന്ന ജീവിതം നമുക്ക് മുന്നിലേക്ക്
കഥകളായി പറന്നിറങ്ങുന്നത്