തുണി സഞ്ചി

ചെറിയൊരു അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ശ്രദ്ധിക്കപ്പെട്ട ഒരു മാറ്റം പ്ലാസ്റ്റിക് നിരോധനത്തിനുള്ള ആഹ്വാനമായിരുന്നു. അതുകൊണ്ട് തന്നെ കടയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഒരു പഴയ തുണി സഞ്ചി ‘അമ്മ എടുത്ത് തരുമായിരുന്നു.വളരെ നല്ലൊരു തീരുമാനമായി തോന്നി ഈ പുതിയ (പഴയ ) തീരുമാനം പഴയത്തിലേക്കുള്ള നടത്തം .

കുറച്ച് ദൂരെയുള്ള നഗരത്തിൽ നിന്നും തിരികെ വരുന്ന വഴി ഏതോ ഗ്രാമപ്രദേശത്ത് എത്തിയപ്പോൾ ഇവിടെയുള്ള ഒരു കടയിൽ നല്ലയിനം അച്ചാറുകൾ കിട്ടും,എന്ന ഭാര്യ പറഞ്ഞു .. അവർ വീട്ടിൽ സ്വയം ഉണ്ടാക്കുന്നതാണത്രേ. തിരികെ വിദേശത്തേക്കു പോകുമ്പോൾ കൊണ്ട് പോകാമല്ലോ എന്നും ഒരു മേമ്പൊടി ചേർത്തപ്പോൾ നല്ലൊരു കാര്യമായി എനിക്കും തോന്നി.
.

സ്ഥലം കണ്ട് പിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അത്ര കണ്ട് സവിശേഷമാണ് അവരുടെ ഉൽപ്പന്നങ്ങൾ ഒരു ചെറിയ കട. കടയെന്നു പറയാൻ പറ്റില്ല , കാരണം അവരുടെ വീടിന്റെ ഒരു മുറിയിലാണ് അലമാരയും മറ്റും സജ്ജമാക്കിയിരിക്കുന്നത്. മുണ് വശത്തേക്കു തുറക്കുന്ന ജനലാണ് ക്യാഷ് കൗണ്ടറും ഡെലിവറി കൗണ്ടറും രണ്ടും ഒന്ന് തന്നെ .

ചെറിയൊരു ക്യൂ ഇല്ലാതില്ല. അല്ലെങ്കിലും നല്ല സാധനങ്ങൾ കിട്ടുന്നിടം വിജനമായിരിക്കുകയില്ലല്ലോ. ആ വരിക്ക് അലപം നീളം കൂട്ടിക്കൊണ്ട് ഞങ്ങളും നിന്നു .

മുറ്റത്തെ പടർന്നു പന്തലിച്ച മാവിന്റെ ഇലകൾ നൽകിയ കാറ്റ് ആസ്വദിച്ച് നിൽക്കവേ കൗണ്ടർ എത്തിയത് അറിഞ്ഞില്ല .

” എന്ത് വേണം സാർ”

ഞാൻ ഭാര്യയെ മുന്നിലോട്ട് കയറ്റി നിർത്തി സാധനങ്ങളുടെ എണ്ണം കൂടു ന്നത് അയാളുടെ മുഖത്ത് പ്രകട മാകുന്ന വെളിച്ചത്തിൽ നിന്നും വായിക്കാമായിരുന്നു . ഒടുവിൽ എല്ലാ വാങ്ങി പൈസ കൊടുത്തു. ഒരു ചെറിയ തുണി സഞ്ചി സാധങ്ങൾ നിറച്ച് തന്നു. കൂട്ടത്തിൽ മഞ്ഞ.ച്ചിരിയോടെ അയാൾ പറഞ്ഞു.

” അഞ്ചു രൂപ സഞ്ചിക്കായി എടുത്തിട്ടുണ്ട് പ്ലാസ്റ്റിക്കെല്ലാം നിരോധിച്ചില്ലേ സാറേ”

” ആയിക്കോട്ടെ ”

ഞാൻ സഞ്ചിയുമായി ക്യൂവിൽ നിന്നും പുറത്ത് കടന്നു. നാലഞ്ചു നട കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം സഞ്ചിയുടെ വള്ളിയെങ്ങാനും പൊട്ടുമോ. റോഡിലേക്ക് അൽപ്പം നടക്കാനുണ്ട്. ഒരു മുൻ കരുതലെന്നോണം തിരിച്ചു ചെന്ന് കൗണ്ടറിലുള്ള ആളോട് ചോദിച്ചു.

” ഇതിന്റെ വള്ളി ഉറപ്പുള്ളതാണല്ലോ അല്ലെ?”

അടുത്തയാളുടെ ഓർഡർ എഴുതിക്കൊണ്ടിരുന്ന അയാൾ തലയുയർത്തി നോക്കി പറഞ്ഞു.

”അതെ സാർ ഇനി വീണാലും കുഴപ്പമില്ല അച്ചാറുകളെല്ലാം നല്ല ഗുണമുള്ള പ്ലാസ്റ്റിക് കവറുകളിലാ ഒരു തരി പോലും താഴെ പോകില്ല ”

” ശരി”

ആശ്വാസത്തോടെ ഞാൻ തിരിഞ്ഞു നടന്നു.

പിന്നെ പെട്ടന്ന് നിന്ന് കൈയിലെ സഞ്ചിയെ നോക്കി മന്ത്രിച്ചു.

” പാവം സഞ്ചി”

————————————————————————————————————————————————-

സതീഷ് കൊടുങ്ങല്ലൂർ

കടപ്പാട് – സായാഹ്‌ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here