UP ക്ലാസ്സു മുറിയാണ് ദൃശ്യത്തിൽ. അഖിലേഷേട്ടന്റെ, ദാദ്രി, ഗോ,ദളിത് കത്തി നില്ക്കുന്ന UP അല്ല. കാലൊടിഞ്ഞ ബഞ്ചുകളും,തകര ഷീറ്റുകൾ കൊണ്ട് മറച്ചതുമായ ഞങ്ങളുടെ ക്ലാസ്സു മുറിയാണ്.
വലതു കയ്യിൽ ചൂരൽ വടിയും മറുകയ്യിൽ മലയാളം പുസ്തകവുമായി ശാന്ത ടീച്ചർ, പേരിനോട് ഒരു പ്രതിപത്തിയും കാണിക്കാത്ത തരത്തിൽ നില്ക്കുന്നു. ‘പെട്ടെടാ പെട്ടു’ പിറകിൽ നിന്നും മർമ്മരം. മൂന്നാമത്തെ ബെഞ്ചിൽ രണ്ടാമതാണ് ഞാൻ. തല താഴ്ത്തിയാൽ എന്തായാലും ടീച്ചർ പൊക്കും. അറിയുന്ന പോലെ നടിച്ചു ടീച്ചറിന്റെ മുഖത്തേക്ക് നോക്കി ഇരിക്കാം. ചിലപ്പോൾ രക്ഷപെടും. പടച്ചോനെ കാത്തോണേ..ന്നു മനസ്സില് പറഞ്ഞു ടീച്ചറുടെ മുഖത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങി. എവിടെയോ കേട്ടതാണ്.. തുഞ്ചനാണോ കുഞ്ചനാണോ എന്നൊരു സംശയവും ഉണ്ട്.
ഉം പറയു.. പിറകിലേക്ക് തിരിഞ്ഞു നോക്കി .. നീ തന്നെ ..
പടച്ചോനെ വീണ്ടും വിളിച്ചു, ഇങ്ങനെ പെടുത്തരുതായിരുന്നു
എണീറ്റ് നിന്നു. മനസ്സില് തുഞ്ചനെയും കുഞ്ചനെയും വെച്ച് വെയ് രാജാ വെയ് കളിച്ചു. അവസാനം കുഞ്ചനെ ഒഴിവാക്കാമെന്ന് കരുതി. അങ്ങേരു സിനിമ നടനല്ലേ. മറ്റേ പുള്ളി ആവും.. കണ്ണും ചിമ്മി മറുപടി പറഞ്ഞു തുഞ്ചത്ത് എഴുത്തച്ചൻ കണ്ണ് തുറക്കുന്നതിനു മുമ്പു തന്നെ ഇടതു തോളിൽ രണ്ടെണ്ണം. വിഷൂനു പടക്കം പൊട്ടുന്ന തരത്തിൽ
നിന്റെ അച്ഛനെ ഞാനൊന്നു കാണട്ടെ.
“അതുകൊണ്ടരിശം തീരാത്തവനാ …
പുരയുടെ ചുറ്റും മണ്ടി നടന്നു ”
കണ്ണ് തുറന്നപ്പോൾ ടീച്ചർ തുള്ളലിൽ ജീവിക്കുകയായിരുന്നു.
എനിക്ക് ഇങ്ങേരോടുള്ള വൈരാഗ്യം അന്ന് തുടങ്ങിയതാണ്. മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിപ്പോയതിന്റെ പേരില്‍ ഇത്ര വലിയൊരു പ്രസ്ഥാനം കേരളത്തിൽ പിറവി കൊള്ളാൻ കാരണക്കാരനായ ..
ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ. പ്രാചീന കവിത്രയത്തിൽ പെട്ട തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്..
അന്നേ മനസ്സില്‍ കുറിച്ചിട്ടതാണ് ഒന്ന് നേരിൽ കാണണം എന്ന്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് കലക്കത്ത് കിള്ളിക്കുറിഷി മന. കുഞ്ചൻ നമ്പ്യാർ ജനിച്ചതെന്ന് കരുതുന്ന ഈ ഭവനം ഇപ്പോൾ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തുള്ളൽ,സംഗീത,നൃത്ത കല വിദ്യാലയമാണ്. ഒറ്റപ്പലത്തിനു നാലു കിലോമീറ്റർ കഴിഞ്ഞപ്പോൾ മനയിലേക്കുള്ള വഴിതെളിക്കുന്ന രണ്ടു വലിയ കുടങ്ങൾ (കുടം ആണോ എന്നാ കാര്യത്തിൽ ഇപ്പോഴും ചില തർക്കങ്ങൾ നടക്കുന്നുന്ടെന്നതാണ് വസ്തുത,എന്റെ മനസ്സിൽ).
ഏതായാലും അവിടെ നിന്നും തിരിഞ്ഞു രണ്ടോ മൂന്നോ കിലോമീറ്റർ ആ വഴി പോയിക്കാണണം. അതി മനോഹരമായ ഗ്രാമം. പച്ച വിരിച്ച നെൽപ്പാടങ്ങളും, വൃക്ഷ ലതാതികളും ഹരിത വർണം ആക്കിയിരിക്കുന്നു ഈ ഭൂമികയെ. വഴിതെറ്റിയോ എന്ന് സംശയം തോന്നിയിടത്താണ് വയലിനുമായി ഒരു വിദ്യാർഥിയെ കണ്ടത്. ചെറിയ കയറ്റം കയറി ചെല്ലുമ്പോൾ വലതു വശത്തായി കാണാൻ തുടങ്ങി കലക്കത്ത് ഭവനം. വഴി നേരെ ചെല്ലുന്നത് ഒരുക്ഷേത്രത്തിലേക്കായിരുന്നു. കുടുംബ ക്ഷേത്രമാവണം.
എന്നാലും ഒരു ദിവസം കൊണ്ട് ഒരു കലാരൂപം ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ.. പണ്ട് ആപ്പിള് തലയിൽ വീണിട്ടാണ് ഗുരുത്വകര്‍ഷണം കണ്ടു പിടിച്ചതെന്നു പറയുന്നപോലെ വല്ലതുമാവും. എങ്കിലും അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യം അപാരമായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ
“പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ”
വണ്ടി നിർത്തുമ്പോൾ കേള്‍ക്കുന്നുണ്ടായിരുന്നു ഓട്ടൻ തുള്ളൽ പദങ്ങൾ.
ഞായറാഴ്ചയും ക്ലാസ്സു നടക്കുന്നുണ്ട്. ഓട്ടൻ തുള്ളൽ കൂടാതെ നൃത്തവും സംഗീതവും അഭ്യസിക്കുണ്ടായിരുന്നു ആ സമയം. മുഴുവനും തരുണികൾ ആണല്ലോ. ആവേശത്തോടെ കാലെടുത്തു വെക്കാൻ തുടങ്ങിയതും ഡാൻസ് ടീച്ചർ ഇറങ്ങി വന്നു. മനയുടെ സമീപം പുതുതായി കെട്ടിയ കെട്ടിടത്തിലാണ് ഡാൻസ് ക്ലാസ്സു നടക്കുന്നത്.
ഓഫീസിൽ പോയി അനുവാദം വാങ്ങിയിട്ട് വരൂ… ടീച്ചറുടെ കല്പ്പന
താഴെ മനയിലേക്ക് നടന്നു. പ്രാചീനതയുടെ എല്ലാ പ്രൗഡിയും നില കൊള്ളുന്ന ഇല്ലം. ഓട്ടൻ തുള്ളൽ പദങ്ങൾ ചൊല്ലിക്കൊടുക്കുന്ന പെണ്‍കുട്ടിയോട് ഏതാണ്ട് തുള്ളൽ ഭാഷയുടെ ആംഗ്യത്തോടെ ആണ് ഓഫീസ് എവിടെ എന്ന് ചോദിച്ചത്. തല മുകളിലേക്ക് കാണിച്ചു കൊണ്ട് ഞാൻ നില്‍ക്കുന്നതിന്റെ എതിർ വശത്ത് രണ്ടാം നിലയാണെന്ന് സൂചന നല്കി. അല്പം നന്ദി ആംഗ്യത്തിലൂടെ നല്കി മരക്കോണി കയറി രണ്ടാം നിലയിൽ എത്തി. ഭാഗ്യം… തുറന്നിട്ടില്ല..
ഇനി എന്ത് ചെയ്യും.. കുറച്ചു സമയം തുള്ളൽ എന്ന കലാരൂപം ഒന്ന് കാണണം എന്നുണ്ടായിരുന്നു. രണ്ടും കൽപ്പിച്ചു കയറി ഇരുന്നാലോ …
വേണ്ട ചിലപ്പോൾ കല്യാണ സൗഗന്ധികം ടീച്ചറുടെ വായിൽ നിന്നും വന്നാലോ.
“നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ,
നീയങ്ങു മാറിക്കിടാശ്ശെടാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ
തോന്നുവനെന്തെടാ സംഗതി?”
അതോർത്തപ്പോൾ വേണ്ടെന്നു വച്ചു. ചുറ്റി നടന്നു കാണാൻ തുടങ്ങി .
തുള്ളൽ കൃതികളുടെ പ്രത്യേകത പുരാണ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം കേരള പശ്ചാത്തലം കൊടുക്കുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ ഭീമനും ഹനുമാനും പാഞ്ചലിയുമെല്ലാം മലയാളികളായി മാറുന്നു. അളകപുരിയിലും സ്വർഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. തെങ്ങുകളും കവുങ്ങുകളും പായസവും കുഞ്ഞി പ്പെണ്ണും എല്ലാം പുരാണങ്ങളിൽ വരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കൃതികൾ നിശിതമായ വിമർശനത്തിനും കാരണമായിട്ടുണ്ട്. പുരാണേതിഹാസങ്ങളെ തരം താഴ്ത്തുകയാണ് നമ്പ്യാർ കൃതികൾ എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ മറ്റു ചില നിരൂപകരാവട്ടെ നമ്പ്യാരെ “ഉന്നതജ്ഞാനിയായ….കോമിക് ജീനിയസ്”, “ജ്ഞാനിയായ വിദൂഷകൻ” എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
1700 കളിലാണ് അദ്ദേഹത്തിന്റെ കാലഘട്ടമായി കണക്കാക്കി വരുന്നത്. അദ്ദേഹത്തിന്റെ സ്മാരകം ഇല്ലത്തിന്റെ ഒരു കോണിൽ സ്ഥിതി ചെയ്യുന്നു. അതിനോടനുബന്ധിച് ഒരു സ്റ്റേജ് പണിതിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദി ആയിരിക്കണം. ഏതായാലും ഈ ചരിത്ര സ്മാരകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആശാസ്യമായ ഒരു കാര്യം തന്നെ എന്നുള്ളതിൽ സംശയമില്ല. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ ടീച്ചറോട് തുള്ളൽ രൂപത്തിൽ തന്നെ യാത്ര മൊഴി നല്കാനും മറന്നില്ല.
‘കിരാത’ ത്തിൽ പറയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പോലെ
“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.”
മടങ്ങുമ്പോൾ മനസ്സില് ശാന്ത ടീച്ചറിനോടുള്ള നന്ദിയായിരുന്നു. ഈ മഹാനായ കലാകാരനെ എന്റെ മനസ്സില്‍ പ്രതിഷ്ടിച്ചതിന്. അറിയാതെ ഞാനെന്റെ ഇടതു തോൾ തടവി.. പഴയ സ്കൂൾ വിദ്യാർഥിയായി…
Click this button or press Ctrl+G to toggle between Malayalam and English