(അഭിലാഷ് പുതുക്കാടിന്റെ ആലാപനത്തിലെ തേനും വയമ്പും -എസ്. ജാനകി എന്ന പുസ്തകത്തില്‍ നിന്ന് ഒരേട്.)
അകലെ അകലെ നീലാകാശം… എന്ന ഒറ്റ പാട്ടില്‍ ശ്രീകുമാരന്‍ തമ്പിയെ അറിയാനാകും. മലയാളത്തിന്റെ അഹങ്കാര തൂലികയെന്ന ചലിച്ചാലതൊരു കാവ്യമാകും. സിനിമയുമായി ബന്ധപ്പെട്ട് ശ്രീകുമാരന്‍ തമ്പി എന്താണ് ചെയ്യാത്തതെന്ന് ചോദിക്കുന്നതാകും ശരി. കേരള ഗവണ്മെന്റില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായി ജോലി ചെയ്യുമ്പോഴാണ് പി. സുബ്രമണ്യത്തിന്റെ ‘ കാട്ടുമല്ലിക’ യിലെ ഗാനങ്ങളെഴുതിയത്. അതും പത്ത് പാട്ടുകള്‍. ആദ്യ ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ എസ്. ജാനകി പാടുകയും ചെയ്തു. എം എസ് ബാബുരാജിന്റേതായിരുന്നു സംഗീതം.
തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി സാറിനെ നേരില്‍ കാണുന്നത്. കാണുവാന്‍ പോയ സന്ദര്‍ഭം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. അത്രക്കും മധുരിതമായിരുന്നു ആ സുദിനം. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ കൂടുതലായി തിളങ്ങി നിന്ന പെണ്‍ സ്വരത്തിന്റെ വിശേഷങ്ങളും പാട്ടനുഭവങ്ങളും അറിയാനായിരുന്നു അദ്ദേഹത്തെ കാണുവാന്‍ പോയത്.
തിരുവനന്തപുരത്ത് വന്നിറങ്ങിയതു മുതല്‍ അദ്ദേഹവുമായി ഫോണില്‍ തന്നെ. ഓരോ ബസും ഓട്ടോയും കയറുന്നതു പോലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോടെയായിരുന്നു. അങ്ങനെ തമ്പി സാറിന്റെ വീടിനു മുന്നില്‍ ഞാനെത്തി. അപ്പോഴും മൊബൈലില്‍ തമ്പി സാറിനോടു സംസാരിക്കുകയാണ്. ‘ഗേറ്റ് തുറന്നു കോളിംഗ് ബെല്ലില്‍ അടിക്കണ്ട, വാതില്‍ ചാരിയിട്ടേ ഉള്ളു, വാതില്‍ തുറക്കു, അതു പോലെ തന്നെ തിരിച്ച് അടക്കു, എങ്ങും നോക്കണ്ട ഇടതു വശത്തുള്ള ഗോവണി കയറി വരാം ഞാനവിടെയുണ്ടാകും’ പറഞ്ഞതുപോലെ ഞാന്‍ ഗോവണി കയറിചെന്നു. നെറ്റിയില്‍ വലിയ കുറിയും പല കളറിലുള്ള വരയന്‍ ഷര്‍ട്ടും വെളുത്ത മുണ്ടും തമ്പി സാറിന്റെ വേഷം. മുഖത്ത് പ്രസാദമുള്ള പുഞ്ചിരി.
‘ഇതാണ് അഭിലാഷ് കുറച്ച് പ്രായം ഞാന്‍ കരുതിയിരുന്നു’ തമ്പി സാര്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍ ഉടനെ അദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്ക്കരിച്ചു. തമ്പി സാറിന്റെ മുറിയിലേക്ക് എന്നെ കൊണ്ടു പോയി. പുസ്തകങ്ങളുടെ ഒരു മായിക ലോകം തന്നെയാണ് ആ മുറി. ഷെല്‍ഫിലും മേശയിലുമൊക്കെയായി അത്ര അടുക്കും ചിട്ടയുമില്ലാതെ പുസ്തകങ്ങള്‍ം വിരഹിച്ചു കിടക്കുകയാണ്. ഞന്‍ അതെല്ലാം നോക്കിക്കണ്ടു. എനിക്കു വളരെ സന്തോഷമായെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ട് പെട്ടന്ന് ഞാനൊന്നു നിന്നു പോയി. വേദനയോടെ ഞാന്‍ പോകാനൊരുങ്ങി. എന്താണ് തമ്പി സാര്‍ പറഞ്ഞതെന്ന് അറിയെണ്ടെ? പറയാം, തമ്പി സാറിന്റെ വാക്കുകളിലേക്ക് ‘ പി സുശീല എനിക്കു ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരി. എന്റെ എത്രയോ പാട്ടുകള്‍ അവര്‍ പാടി. വരും തലമുറ അവരെ കണ്ടു പഠിക്കണം’ തമ്പി സാര്‍ മുഴുമിക്കും മുന്നേ കടുത്ത ജാനകി ആരാധകനായ എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ‘ സര്‍ ഞാന്‍ ഇറങ്ങുകയാണ്’ എന്നു പറഞ്ഞപ്പോള്‍ ഭൂമി തന്നെ കുലുങ്ങുന്ന ഒരു ചിരിയായിരുന്നു പിന്നെ ഞാന്‍ കേട്ടത്. തമ്പി സാര്‍ പൊട്ടി ചിരിക്കുകയാണ്. ‘തന്നെ ഞാന്‍ ഒന്നു പരീക്ഷിച്ചതല്ലേ എങ്ങനെ പ്രതികരിക്കുന്നതെന്ന്‍ അറിയാന്‍ എനിക്കു ജാനകിയമ്മയെ വളരെ ഇഷടമാണ്. എന്റെ സഹോദരിയെ പോലെ സ്നേഹമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണവര്‍’ ഹാവൂ എനിക്കു സമാധാനമായി. പോകാന്‍ കയ്യിലെടുത്ത ബാഗും ക്യാമറയുമെല്ലാം തിരിച്ച് കസേരയില്‍ തന്നെ വച്ചു. തമ്പി സാര്‍ വാചാലനായി, ഒപ്പം ഞാനും. വിഷയം ഇനി ജാനകിയമ്മയല്ലേ?
അന്നത്തെ സംഭാഷണങ്ങളില്‍ നിന്നും രണ്ട് വരി മാത്രം ഇവിടെ കുറിക്കുന്നു. ‘ജാനകിയമ്മ അറിയാലോ, ഒരു മലയാളി അല്ലന്ന് എന്നിട്ടും അവര്‍ എത്ര സ്പഷ്ടമായാണ് ഓരോ ഭാഷയും പാടി മനോഹരമാക്കിയിട്ടുള്ളത് അവരുടെ കഠിനപ്രയത്നം ഒരിക്കലും വിസ്മരിക്കാനാവില്ല’