ഒരു മനുഷ്യനിതാ ഇടർന്നിരുന്ന്
‘മകനേ’യെന്നു തേങ്ങുന്നു.
മരിച്ചവരെ മറച്ചിടുന്ന സ്ഥലമായതുകൊണ്ടു മാത്രം
കരച്ചിൽ കഥകളിലൊതുങ്ങുന്നു.
ഉറക്കത്തിൽ തട്ടി കരച്ചിൽ,
മുരടിച്ച ജീവിതത്തിൽ
മുടന്തുന്നു.
അയാൾക്ക് വേണ്ടി അന്നാട്ടിലെ
പുഴ കുത്തിയൊലിക്കുന്നു.
മനുഷ്യരിൽ നിന്ന്
മനുഷ്യരിലേക്ക് കരച്ചിൽ
മിനുക്കപ്പെടുന്നു.
വെയിലിൽ പൊട്ടുന്ന
അപ്പൂപ്പൻ കായ പറിച്ചു
വയസ്സന്മാർ ഉപ്പിലിടുന്നു.
പക്ഷിപിടുത്തക്കാരായ
വികൃതിപ്പിള്ളേർ പക്ഷേ,
ഒറ്റയേറിന് കരച്ചിൽ
നിർത്തുന്നു.
ശബ്ദമില്ലാത്ത മനുഷ്യനായി
അയാൾ അവിടെത്തന്നെ
കാത്തിരിക്കുന്നു.