ത്രിവിക്രമന്മാഷ് കഥ പറയുന്നു

mash2ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു പുറകുവശത്തുള്ള മുരിങ്ങ മരച്ചുവട്ടില്‍ ആളൊഴിഞ്ഞ നേരം നോക്കി മൂത്രമൊഴിക്കാനിരുന്നതാണ് ത്രിവിക്രമന്മാഷ്. മുരിങ്ങ മരത്തിന്റെ തെക്കോട്ടു ചാഞ്ഞ ചില്ലയില്‍ മുണ്ടശേരി മാഷുടെ കാലം തൊട്ട് തല കീഴായി തൂങ്ങിക്കിടന്ന വേതാളം , കിട്ടിയ അവസരം പാഴാക്കാതെ മാഷുടെ ചുമലിലേക്കു ചാടി കഴുത്തില്‍ ചുറ്റിപ്പിടിച്ച് അട്ടഹസിച്ചു. പിന്നെ അമ്പരന്നു പോയ ത്രിവിക്രമന്‍ മാഷിനോടായി അല്പ്പം ഗൗരവത്തില്‍ ഇങ്ങനെ മൊഴിഞ്ഞു.

” മാഷേ എന്നെ എങ്ങനെയെങ്കിലും കുടഞ്ഞു കളയാമെന്നു വിചാരമൊന്നും വേണ്ട ഒരു വേതാളത്തെ കുടഞ്ഞിടാന്‍ നിങ്ങളുടെ കെ. ഇ. ആര്‍ – ലെ ചട്ടങ്ങളൊന്നും മതിയാകില്ല അതുകൊണ്ട് എന്നെ അനുസരിക്കുന്നതാണ് നല്ലത്. ”

അന്ധാളിപ്പില്‍ നിന്നുണര്‍ന്ന ത്രിവിക്രമന്‍ മാഷ് വേതാളത്തിനു കീഴടങ്ങുന്നതയി ഭാവിച്ച് മുന്നോട്ടു നടന്നു .

”അപ്പോള്‍ കീഴ്വഴക്കമനുസരിച്ച് വേതാളം ഒരു കഥ പറയുന്നു കഥക്കൊടുവില്‍ ഏതാനും ചോദ്യങ്ങള്‍ . ഞാനതിനു ഉത്തരം പറയുന്നു വേതാളം വീണ്ടും മുരിങ്ങ മരത്തിലേക്ക് അങ്ങനെയല്ലേ ഇനിയുള്ള കാര്യങ്ങള്‍?” ത്രിവിക്രമന്‍ മാഷ് തഞ്ചത്തില്‍ ചോദിച്ചു.

വേതാളം മാഷുടെ കഴുത്തിലെ പിടി ഒന്നുകൂടി മുറുക്കി.

” മാഷേ വേല മനസിലിരിക്കട്ടെ വേതാളം കഥ പറയുന്ന പതിവൊക്കെ പണ്ട്. അല്ലെങ്കില്‍ തന്നെ അതിലൊന്നും ഒരു പുതുമയുമില്ല. അതുകൊണ്ട് മാഷ് കഥ പറയുന്നു കഥാന്ത്യത്തില്‍ മാഷു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം പറയാന്‍ എനിക്കു കഴിയാതെ വന്നാല്‍ മാത്രം ഞാന്‍ മുരിങ്ങമരത്തിലേക്ക്, അല്ലെങ്കില്‍ ഈ അദ്ധ്യയ വര്‍ഷം മുഴുവനും മാഷെന്നെ ചുമക്കേണ്ടി വരും”

വേതാളത്തെ അത്ര എളുപ്പത്തിലൊന്നു ഒഴിവാക്കാന്‍ കഴിയില്ലെന്ന ബോധ്യപ്പെട്ട ത്രിവിക്രമന്‍ മാഷ് കാരൂരിനെ മനസില്‍ ധ്യാനിച്ച് കഥാ കഥനം ആരംഭിച്ചു.

മാമുനിപുരം പഞ്ചായത്തിലെ ഒരു എയ്ഡഡ് എല്‍. പി സ്കൂള്‍. ഒന്നാം ക്ലാസിലെ ഡിവിഷന്‍ നില നിര്‍ത്താനായി മൂന്നു മന്ദബുദ്ധികള്‍ക്ക് – അരുണ്‍ , വരുണ്‍, കിരണ്‍ – പ്രവേശനം നല്‍കാന്‍ ആ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകന്‍ നിര്‍ബന്ധിതനായി.

ഒന്നാമന്‍ അരുണിന് എപ്പോഴും പെരുവിരല്‍ – കൈ ഏതുമാകാം- വായിലിട്ടുകൊണ്ടിരിക്കണം. ആരെങ്കിലും അതില്‍ നിന്നും അവനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ മുഖത്ത് തുപ്പുകയും മുടിയില്‍ പിടിച്ചു വലിക്കുകയും വായില്‍ വന്നതൊക്കെ വിളിച്ചു പറയുകയും ചെയ്യും.

രണ്ടാമന്‍ അരുണിന് എപ്പോഴും എന്തെങ്കിലുമൊക്കെ തിന്നുകൊണ്ടിരിക്കണം. വായൊഴിയാന്‍ ഇടയായാല്‍ അവന്‍ അലമുറയിടുകയും അടുത്തു ചെല്ലുന്നവരുടെ ചെവിയോ മൂക്കോ കടിച്ചു പറിക്കുകയും ചെയ്യും.

മൂന്നാമന്‍ കിരണ്‍ – ഈ മാതീരി കുഴപ്പങ്ങളൊന്നുമില്ല പക്ഷെ മൂത്രമൊഴിക്കാന്‍ മുട്ടിയാലാണ് പ്രശ്നം. വട്ടത്തില്‍ നടന്നു മൂത്രമൊഴിക്കുകയും ആ മൂത്രവൃത്തത്തിനകത്ത് ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന അവനെ പുറത്തിറക്കാന്‍ ആര്‍ക്കു കഴിയില്ല. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ നടക്കുന്നതു വേറെയാണ് . ഒരിക്കല്‍ മൂത്രവൃത്തില്‍ നിന്നും അവനെ ബലമയി പിടിച്ചിറാന്‍ ശ്രമിച്ച ബാലന്‍ മാഷുടെ അടിവയറ്റിനിട്ട് അവന്‍ ചവിട്ടി മൂത്രമൊഴിക്കാന്‍ കഴിയാതെ മൂന്നാഴ്ചക്കാലമാണ് മാഷ് ആശുപത്രിയില്‍ കിടന്നത്.

ഭാഗ്യവതി ടീച്ചറിന്റെ കാര്യമാണ് ഇതിലും ഭയങ്കരം. അരുണിന്റെ വായൊഴിഞ്ഞ നേരത്ത് അവന്റെ മുന്നില്‍ ചെന്നു പെട്ട ടീച്ചറുടെ മൂക്കിന്‍ തുമ്പ് അവന്‍ കടിച്ചു മുറിച്ചു . പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ടീച്ചറിപ്പോള്‍‍ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്.

ആരുണിന്റെ ആക്രമം സഹപാഠികള്‍ക്കു നേരെയായിരുന്നു. അടുത്തിരിക്കുന്ന കുട്ടികളെ പെന്‍സില്‍ കൊണ്ടു കുത്തിയും മുഖത്ത് തുപ്പിയും അവന്‍ തന്റെ ശേഷികള്‍ പ്രകടിപ്പിക്കും. ആക്രമണത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കള്‍ നിന്ന നില്‍പ്പില്‍ ടി സി വാങ്ങി സ്ഥലം വിട്ടു.

എന്തിനേറെ പറയണം , ഇരുന്നൂറോളം കുട്ടികളുണ്ടായിരുന്ന ആ വിദ്യാലയത്തില്‍ ഇപ്പോള്‍ ഇരൂപത്തഞ്ചു കുട്ടികള്‍ ഇല്ല. അനാദായകരമായ പ്രസ്തുത വിദ്യാലയം എപ്പോള്‍‍ വേണമെങ്കിലും അടച്ചു പൂട്ടാമെന്ന് ചുരുക്കം.

ഇനി ചോദ്യങ്ങളിലേക്ക് ഇത്രയൊക്കെ പ്രശനങ്ങളുണ്ടായിട്ടും ആ ഹെഡ്മാസ്റ്റര്‍ എന്തുകൊണ്ടായിരിക്കാം ആ മന്ദബുദ്ധികളെ വച്ചുകൊണ്ടിരിക്കുന്നത് ? ആ ഹെഡ്മാസ്റ്റര്‍ ഇപ്പോള്‍‍ എന്തു ചെയ്യുന്നു?

കഥയും ചോദ്യങ്ങളും കേട്ടതോടെ വേതാളം ത്രിവിക്രമന്‍ മാഷുടെ കഴുത്തിലെ പിടി അല്പ്പമൊന്ന് അയച്ചു

” എന്റെ മാഷേ, ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം വേതാളത്തിനെന്നല്ല , പാതാളത്തിലുള്ളവര്‍ക്കും പറയാനാകില്ല . എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടി ഏതു മന്ദബുദ്ധിക്കും‍ പറയുവാന്‍ പറ്റുന്നതാണ്. അതെ ആ പ്രധാനാധ്യാപകന്‍ ഇപ്പോള്‍ ഒരു വേതാളത്തെ ചുമന്നുകൊണ്ടു നടക്കുന്നു”
വേതാളത്തിന്റെ മറുപടി കേട്ട് ത്രിവിക്രമന്‍ മാഷ് ഒന്നും മിണ്ടാതെ നടന്നു.

വേതാളം തുടര്‍ന്നു.

” ഞാനേതായാലും മുരിങ്ങ മരത്തിലേക്കു പോകുകയാണ് എനിക്കൊരബദ്ധം പറ്റിയതാണെന്നു കരുതിയാല്‍ മതി ഒരബദ്ധം ഏതു വേതാളാത്തിനും പറ്റും”

അത്രയും പറഞ്ഞ് വേതാളം അപ്രത്യക്ഷമായി. വീണ്ടും മൂത്രമൊഴിക്കാന്‍ മുട്ടിയ ത്രിവിക്രമന്‍ മാഷ് മുരിങ്ങമരവും മുരിക്കുമരവും ഇല്ലാത്ത ഒരു മറ തേടി തിടുക്കത്തില്‍ നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here