ത്രിവേണി സംഗമം

സംഗമം..! .സംഗമം..!..ത്രിവേണി സംഗമം…!..
പെരിയാറും, മഞ്ഞുമ്മൽ പുഴയും ഞാറക്കലേയ്ക്കുള്ള കൈ വഴിയും ഒത്തു ചേരുന്ന മനോഹര കാഴ്ച.
ബോട്ടുജട്ടിയിൽ ആളുകളിറങ്ങി, കുറച്ചു പേർ അകത്തേക്ക് കയറി….!
ബോട്ടിൻെറ കെട്ടുകൾ അഴിച്ച് ജട്ടിയിൽ നിന്നും ആഞ്ഞ് തള്ളി..
മുകളിൽ കിളികൂട്ടിലിരിക്കുന്ന സ്രാങ്ക് ഇരട്ടമണി അടിച്ചു.
പുക കുഴലിലൂടെ കറുത്ത പുക, ഒപ്പം എൻജിൻെറ വലിയ ശബ്ദവും വെള്ളത്തിൽ പതയും ചുഴികളും ഉണ്ടാക്കികൊണ്ട് ബോട്ട് പുറകോട്ട് നീങ്ങി..
….. ഒറ്റ മണിയുടെ ശബ്ദം ,,, എൻജിൻെറ ആരവം കുറഞ്ഞു…..!
സ്രാങ്ക് ചുക്കായം ഇടത്തോട്ട് ആഞ്ഞ് കറക്കി. പിന്നെ കൂട്ട മണി . ബോട്ട് സർവ്വ ശക്തിയുമെടുത്ത് മുന്നോട്ട് കുതിക്കുകയാണ്.
മുകളിലെ കൂട്ടിൽ മുടി പിന്നോട്ട് ചീകിയ ചെറിയ മുഖമുള്ള മനുഷ്യൻ് ചുണ്ടിൽ ചെറിയ ബീഡിയുമായ് മുന്നോട്ട് അൽപ്പം ആഞ്ഞിരുന്നു.
എറണാകുളത്ത് നിന്നും ചരക്കും ,നിറയെ യാത്രക്കാരുമായി, പിൻഭാഗം ഭാരം കൊണ്ട് കുറച്ചു താഴ്ന്ന നിലയിൽ , വാട്ടർ ലില്ലി ചെട്ടിഭാഗത്തേക്ക് പോവുകയാണ്.
പൂഴയുടെ തെക്കു വശത്ത് കാത്തുനിന്ന മത്തേവൂസ് പുക തുപ്പി കൊണ്ട് ജെട്ടിയിലേക്ക് പതുക്കെ വരുന്നു. എറണാകുളത്തേക്കാണ് യാത്ര.
വരാപ്പുഴ ഭാഗത്തു നിന്നു യൂണിഫോമിട്ട സ്കൂൾ കുട്ടികളെ കയറ്റി കടവിലേക്ക അടുത്തു വരുന്ന കടത്തു വഞ്ചി ബോട്ടിൻെറ ഓളത്തിൽ മുകളിലേക്കും താഴേക്കും ചാഞ്ചാടി.
തെങ്ങോലകളുടെ നിഴൽ നിലത്ത് ചിത്രങ്ങൾ വരക്കുന്നു, കടത്തു കടവിൽ നല്ല തിരക്ക്. ചേരാനല്ലൂരിലേക്കും മണ്ണൻതുരുത്തിലേക്കും ആളുകളെ കയറ്റി കൊണ്ടു പോകുന്ന വഞ്ചികൾ
യാത്രക്കാരെയും കാത്ത് പങ്കായം നിലത്തൂന്നി വഞ്ചിതലക്കൽ കാല് കയറ്റി വച്ച് നിൽക്കുന്ന കടത്തുകാരൻ.
അക്കരെ, വെയിലേറ്റ് കാറ്റിൽ പതുക്കെ ആടുന്ന സ്വർണ്ണം പൂശിയ തെങ്ങോലകൾ, രാത്രിയാവാൻ വേണ്ടി അനങ്ങാതെ, ക്ഷമയോടെ കാത്തു നിൽക്കുന്ന വളവിലെ ചീനവല.
പായകെട്ടി, കാറ്റ് പിടിച്ച്, വായുവിലെന്ന പോലെ ഓടി പോകുന്ന ചന്തവള്ളം.
മൂന്നു മണിയായി കാണുമായിരിക്കും,
രണ്ടു നില കെട്ടിടത്തിൻെറ താഴത്തെ കടയിൽ സർബത്ത് കുടിക്കുന്ന കറുത്ത പാൻെറസ് ഇട്ട മനുഷ്യൻ, സിനിമാക്കാരനാണെന്നു തോന്നുന്നു.
മുകളിലേക്കുള്ള, മരത്തിൻെറ ഇടുങ്ങിയ കോണിപടിയിൽ കൂടി ഞാൻ ഞെരുങ്ങി ഞെരുങ്ങി മുകളിലേക്ക് കയറി, നല്ല തിരക്കാണ്.
തിക്കി തിരക്കി താഴേക്കും മുകളിലേക്കും പോകുന്ന ജനം…
മുറിയുടെ ഒരു ഭാഗത്ത് മേശക്കു പിന്നിൽ താടിക്ക് കൈ ഊന്നി ചെറു പുഞ്ചിരിയുമായി ഇരിക്കുന്നു. പ്രേംനസീർ.
അടുത്ത മുറിയിൽ അടഞ്ഞ വാതിലിന് പിന്നിൽ പുഴയിലേക്ക് കണ്ണും നട്ട് , എന്തോ ആലോചിച്ചിരിക്കുന്ന മെലിഞ്ഞ് ഉയരം തോന്നിക്കുന്ന, മുഖത്ത് ചായം തേച്ച ശാരദ,
നോക്കി നിൽക്കുമ്പോൾ പിന്നിൽ നിന്ന് ഒരു തടിയൻ എന്നെ ജനലിനടുത്തു നിന്ന് തള്ളി മാറ്റി ആ സ്ഥലം കൈയ്യിലാക്കി.
രണ്ടു പേരേയും കണ്ട സന്തോഷത്തിൽ ഞാൻ താഴേക്കിറങ്ങി.
കല്ല് കെട്ടിയ പുഴയോരത്ത് ആൾകൂട്ടം , അങ്ങോട്ട് നടന്നു.
വലിയ മീശയും കുടവയറും അതുപോലെ വണ്ണവുമുള്ള അബ്ബാസ് കൂട്ടുകാരുമായി തമാശ പറഞ്ഞ് കുലുങ്ങി ചിരിക്കുന്നു,
ദൂരെ വോളീബോൾ കളിക്കുന്ന ചെറുപ്പക്കാർ,
കമ്പനിയിൽ നിന്നും കേൾക്കുന്ന ഇരമ്പൽ ഒപ്പം ഏതോ ഭാരമുള്ള വസ്തുക്കൾ കൂട്ടി മുട്ടുന്ന ശബ്ദവും.
ആ കാലത്ത് ഒന്നിനു പുറകെ ഒന്നായി ദുർഗ്ഗാ ടാക്കീസിൽ വരുന്ന പ്രേംനസീറിൻെറ പടങ്ങൾ,
മരം ചുറ്റി ഓട്ടവും, മണ്ടി പ്പെണ്ണും , അങ്ങനെ മനസ്സിൻെറ ഉള്ളിൽ നീരസം തോന്നി,
വർഷങ്ങൾ കഴിഞ്ഞു.
ചാറ്റൽ മഴയുള്ള ദിവസം, ആകാശം മൂടികെട്ടി നിൽക്കുന്നു. വെറുതെ ഒരു പനി , നസീറ് മരിച്ചു പോയി എന്നു കേട്ടപ്പോൾ വളരെ സങ്കടം തോന്നി………….ഇന്നും.
ഇന്നത്തെ ചില മഹാ നടൻമാർ…….എവിടെ നോക്കിയാലും നൂറ് കണക്കിന് ഫോട്ടോകളും സ്വയം പുകഴ്തലും മാത്രം..
കണ്ടും കേട്ടും തല പുളിച്ചു പോകും.
ഇവനെയൊക്കെ പിടിച്ച് പഞ്ചായത്തു വക പൈപ്പിനടിയിൽ കൊണ്ടു പോയി നിർത്തി, അലക്കാൻ ഉപയോഗിക്കുന്ന 666 ബാർസോപ്പും ഇഞ്ചയും കൊണ്ട് ശരിക്ക് തേച്ച് കുളിപ്പിച്ചാൽ….!
താടിയും മുടിയും, ചായവും ഗ്ലാമറും, പൈപ്പിനടുത്തു നിൽക്കുന്ന ഞാലി പൂവൻ വാഴകടക്കലേക്ക് ഒഴുകിപ്പോയാൽ………..!
ബാക്കി വരുന്നത്………..വസന്ത പിടിച്ച് ചുണ്ണാമ്പ് നിറത്തിൽ കാഷ്ഠിച്ച് തൂങ്ങി പിടിച്ച് നിൽക്കുന്ന കോഴിയെ പോലെയോ…….വെള്ളക്കായിൽ ഈർക്കിലി കുത്തിയപോലെയെന്നോ ആരെങ്കിലും മനസ്സിൽ വിചാരിച്ചു പോയാൽ………!!………………അത് തെറ്റാണോ ചേട്ടാാാാാാാാ………….?
നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ
നഖചിത്രമെഴുതും നിലാവിൽ..!
നീയും ഞാനും നമ്മുടെ പ്രേമവും കൈ മാറാത്ത വികാരമുണ്ടോ…………???.
(കടപ്പാട്,
ത്രിവേണി, 1970.യേശുദാസ്,വയലാർ, ദേവരാജൻ ടീം…..)

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here