പ്രതീക്ഷയും നിരാശയും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ് .രാമായണമെന്ന മാഹാരണ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ഈ രണ്ടു മുഖങ്ങളും മാറി മാറി നമുക്ക് ദർശിക്കാനാകും . ചിലരുടെ നിരാശകൾ ചിലരുടെ പ്രതീക്ഷകളും ചിലരുടെ പ്രതീക്ഷകൾ മറ്റു ചിലരുടെ നിരാശകളും ആകുന്നു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും ബുദ്ധിമാന്മാരും വിവേകശാലികളുമായവർ മനസ്സ് എന്ന മാന്ത്രിക കുതിരയെ പിടിച്ചു കെട്ടി മനശ്ശാന്തിയിലേക്കുള്ള പന്ഥാവിൽ യാത്ര തുടരുകയാണ് ചെയ്യുക .
പ്രതീക്ഷയും മനശ്ശാന്തിയും നഷ്ടപ്പെടുമ്പോൾ ദൈവികമായ ചില ശക്തികൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. കടൽ കടന്ന് ലങ്കയിലെത്തി സീതാദേവിയെ കാണാനാകില്ലെന്നു കരുതി നിരാശനായി ഇരുന്ന ഹനുമാന് അപ്പോൾ കൂട്ടാളികളിൽ നിന്ന് പ്രചോദനത്തിന്റെയും ഊർജതിന്റെയും വചനങ്ങൾ ശ്രവിക്കാനാകുന്നു. എത്ര ശക്തനാണെന്നു കരുതുന്നവനും ജീവിത യാത്രയിൽ ചിലപ്പോലെല്ലാം തകർന്നു പോകും. അവരെ നയിക്കുന്നതും ഉയർത്തുന്നതും ചില മഹാവ്യക്തികളും അവരുടെ മഹത് വചനങ്ങളുമാണ്.
രാമായണത്തിലെ സുന്ദരകാണ്‍ഡത്തിൽ ദു:ഖിതയായിരിക്കുന്ന അശോകവനിയിലെ സീതയെ കാണാം . രാമൻ മോചനത്തിനായി വരുമെന്ന പ്രതീക്ഷ വറ്റി, വേദനയിൽ നീറുന്ന സീതയുടെ മനസ്സുമാറ്റാൻ രാവണൻ ത്രയാക്ഷി , ഏകപാദ, ദീർഘ ജിഹ്വ എന്നീ രാക്ഷസികളെ നിയോഗിക്കുന്നു .രാവണന്റെ അധികാരശക്തിയെ കുറിച്ചും എടുത്താൽ തീരാത്ത സമ്പത്തിനെ കുറിച്ചും രാക്ഷസികൾ സീതയോട് പറയുന്നുണ്ട് . കാട്ടിൽ അലയുന്ന, പുല്ക്കൊടിയുടെ വിലപോലുമില്ലാത്ത, രാജ്യമില്ലാത്ത രാമനെക്കാൾ പതിന്മടങ്ങ് ശക്തനാണ് രാവണൻ എന്ന് അവർ സീതാദേവിയെ ഓർമിപ്പിക്കുന്നു.
പ്രലോഭിപ്പിച്ചു മനസ്സ് മാറ്റി സീതയെ വിവാഹം കഴിപ്പിക്കാൻ സമ്മതിപ്പിക്കുക എന്നതാണ് അവരുടെ ദൌത്യം .എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയായ ത്രിജട എന്ന രാക്ഷസി ,സീതയോട് പറയുന്നത് നേരെ മറിച്ചാണ് . വിഭീഷണപുത്രിയായ അവൾ സൂര്യനെപ്പോലെ തേജസ്വിയായ, ഉത്തമ പുരുഷനായ ശ്രീരാമൻ നാലു കൊമ്പുള്ള ആനപ്പുറത്തേറി സീതയെ മോചിപ്പിക്കാൻ ലക്ഷ്മണനോടൊപ്പം വരുന്നതു സ്വപ്നം കാണുന്നു. ദുർഗുണങ്ങളുടെ വിളനിലമായ രാവണൻ യുദ്ധത്തിൽ പരാജപ്പെട്ടു യമപുരിക്ക് പോകുമെന്ന് ത്രിജട സ്വപ്നത്തിന്റെ സൂചനകളുടെ അടിസ്ഥാനത്തിൽ സീതാദേവിയോട് പറയുന്നു. ത്രിജടയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൾ രൂപത്തിൽ മാത്രമാണ് രാക്ഷസി എന്ന് വ്യക്തമാണ് . വാക്കുകളിലും പ്രവൃത്തികളിലും അവൾ നന്മയുടെ മൂർത്തീഭാവമാണ്. ഒരു അമ്മയുടെ വാത്സല്യവും ഗുരുവിന്റെ ക്രാന്തദർശിത്വവും ഉറ്റമിത്രത്തിന്റെ സന്മനസ്സും ത്രിജടയുടെ വാക്കുകളിൽനിന്ന് നമുക്ക്മനസ്സിലാക്കാനാകുന്നു.
രാക്ഷസകുലത്തിൽ പിറന്നിട്ടും ത്രിജടയിൽ രാക്ഷസീയമായ ദുർഗുണങ്ങൾ ഒന്നും തന്നെ ദർശിക്കാൻ നമുക്കു കഴിയില്ല.കുലമല്ല, ഉദാത്തമായ ചിന്താഗതിയാണ് ത്രിജടയെ രാമായണത്തിൽ നല്ലൊരു വ്യക്തിത്വതിന്റെ ഉടമയാക്കിയത് .
നിത്യജീവിതത്തിൽ കാര്യ സാധ്യത്തിനായി മറ്റുള്ളവർ വച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾ കണ്ട് മനുഷ്യൻ ഭ്രമിച്ചു പോകുന്നു. അത് ഭുജിച്ച് സുഖലോലുപതയിൽ ആറാടി ജീവിക്കാമെന്നും അവർ മോഹിക്കുന്നു. ജീവിതത്തിന്റെ പരമമായ സന്തോഷം ഒളിച്ചുകിടക്കുന്നത് എവിടെയാണ് എന്ന് തിരിച്ചറിയാൻ മൂഡമതികളായ അവർക്ക് കഴിയുന്നില്ല.സീതയുടെ മനസ്സുമാറ്റിയാൽ ത്രിജടക്കും നിരവധി ഉപഹാരങ്ങൾ രാവണനിൽ നിന്ന് ലഭിക്കുമായിരുന്നു.പക്ഷെ ത്രിജട ഒരു ഉത്തമസ്ത്രീയുടെ മാതൃകയായി, ലോകത്തെ യഥാർത്ഥ സത്യത്തെ തിരിച്ചറിഞ്ഞ് പരിലസിക്കുകയാണ് ചെയുന്നത് .സത്യധർമങ്ങൾക്കും നീതി ബോധത്തിനും മൂല്യം കല്പ്പിക്കുന്നവർ പണം കണ്ടോ പദവികൾ കണ്ടോ ഭ്രമിക്കുന്നില്ല.പകരം ഏതു പ്രതികൂലാവസ്ഥയിലും വ്യക്തിയുടെയും അതുവഴി ലോകത്തിന്റെയും നന്മ മാത്രമായിരിക്കും അവരുടെ ലക്‌ഷ്യം.അവർ ഏറ്റവും വലിയ സമ്പത്തായി കാണുന്നത് നീതി ധർമങ്ങളാണ് .രാമായണം എന്ന മഹാകാവ്യം ഇത്തരം കൊച്ചു കൊച്ചു മുഹൂർത്തങ്ങളിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുന്നതു മഹത്തും ബ്രുഹത്തുമായ ഇത്തരം നീതിധർമങ്ങളുടെ പ്രകാശ ഗോപുരങ്ങളാണ് .