നോക്കുകുത്തി
മഴയോട് മഴ, പരിഭവത്തിലും വഴക്കിലും. വെയിലോട് വെയിൽ,
തിളച്ചുമറിയുന്ന അരിശത്തിൽ. തണുപ്പോടു തണുപ്പ്,
സൗന്ദര്യപ്പിണക്കത്തിൽ.
നിലാവോട് പൂനിലാവ്, രതിയുന്മാദത്തിന്റെ ഊഞ്ഞാലാട്ടങ്ങളിൽ.
കാലത്തിനും അവസ്ഥയ്ക്കുമപ്പുറം ഒറ്റപ്പെട്ടു പോയ അവൾ ജാലകത്തിനരികെ ഒരു നോക്കുകുത്തിയായി കാത്തിരിക്കുന്നു, പിണങ്ങിപ്പോയ പ്രീയന്റെ കാലൊച്ചകൾക്കായി.
പൊഴിഞ്ഞ കരിയിലകളിൽ മഞ്ഞുതുള്ളികൾ പതിഞ്ഞ സ്വരത്തിൽ
ഉടുക്ക് കൊട്ടുമ്പോൾ ഉടൽ വലിച്ചു കീറപ്പെട്ട ഒരു ചൂരിദാർ പോലെ നോക്കുകുത്തി പുൽപ്പായിലേക്കു വീഴുകയായിരുന്നു. ഒരിക്കലും മുഴങ്ങാത്ത പ്രീയന്റെ കാലൊച്ചകൾ കേട്ടു അവളുടെ മൗനം ഉടയുകയായിരുന്നു.
മൂക്കുത്തി
കാതും കഴുത്തും അരയും കാലും പൊന്നിൽ കുളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മൂക്കിന് പെരുത്ത് കയറി അസൂയ.
“ഞാനെന്താ കടലീന്നു ഒലിച്ചു വന്നതാ?” അനസൂയ എന്ന പേരുള്ള ഏകമകളുടെ മൂക്ക് മുക്കുവത്തിയോട് ചൊല്ലി പരിഭവവും ഭീഷണിയും: ” തട്ടാനെ വിളിപ്പിക്കുന്നുണ്ടോ അതോ സ്വയം ചെത്തിക്കൊത്താൻ മലപ്പുറംകത്തിയെടുക്കണോ”
മുക്കുവത്തി എന്ത് പറയാൻ. അടുപ്പിൽ തീ പുകഞ്ഞിട്ട് ദിവസം
മൂന്നായി. ന്യൂനമർദം കാരണം കടലിലേക്കിറങ്ങാൻ തുറയിൽ
വിലക്ക്. കണവനെ കാണാനുമില്ല. കഴിഞ്ഞ കൊല്ലം ചാകരയ്ക്കു
തോന കിട്ടി. തോല കണക്കിന് പൊന്നു വാങ്ങി. ഒറ്റപ്പുത്രിയല്ലേ. പൊന്നിൽ കുളിപ്പിച്ച് കിടത്തി. ഒരു ഓർമ്മപ്പിശകിൽ മൂക്കിന്റെ കാര്യം വിട്ടു പോയതാ, അല്ലാതെ സ്നേഹക്കൊറവല്ല.
.
അന്തിക്ക് നിഷേധിയായ മുക്കുവൻ മരിച്ച ഒരു ഡോൾഫിനെപ്പോലെ കരയ്ക്കടിഞ്ഞപ്പോൾ അയാളുടെ വായിൽ നിറയെ മുന്നാഴി മുത്തായിരുന്നു.
മുക്കുവത്തി അലമുറയിട്ടു മൂക്ക് പിഴിഞ്ഞ് കരഞ്ഞപ്പോൾ
മകൾ അനസൂയ ഉള്ളിൽ അനല്പമായി സന്തോഷിക്കുകയായിരുന്നു.
പല്ലിടകുത്തി
ഇടയിൽ കുടുങ്ങി നിൽക്കുന്ന മീനിറച്ചിത്തുണ്ടുകളെ ഇടയ്ക്കെപ്പോഴോ കുത്തിയെടുത്തു തുപ്പിക്കളയാതെ നാക്കിൻ തുമ്പത് നുണഞ്ഞു രസിക്കുന്നതും പിന്നെ ആരും അറിയാതെ മൂക്കിലേക്ക് അടുപ്പിച്ചു പല്ലിടകുത്തിയിൽനിന്ന് വമിക്കുന്ന ഹൃദ്യമായ ദുർഗന്ധത്തെ ലഹരിയാക്കുന്നതും കുട്ടികളെപ്പോലെ ചില മുതിർന്നവർക്കും ഒരു ടൈംപാസ്സ്!
അപരന്റെ നാറ്റമല്യോ അസഹ്യം. സ്വനാറ്റത്തിന് അയിത്തം കല്പിക്കേണ്ട കാര്യമെന്ത് ? ആകയാൽ ഉപയോഗിച്ച പല്ലിടകുത്തി
ചവറ്റുകുട്ടയിലേക്കിടാതെ അപരന്റെ മൂക്കുപാലത്തിന്നരികെ
പിടിച്ചാൽ സംഗതി ശുഭമായിരിക്കും. ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിലും ഇടയ്ക്കിടെ കുറേശെയായി ഉപദ്രവിക്കുന്നത് തുടരണം.
ഉപദ്രവസ്മരണ മറ്റൊരു ദുർഗന്ധലഹരിയാണ്!