അജയ് പി മങ്ങാട്ടിന്റെ മൂന്നു കല്ലുകളെപ്പറ്റി വി.എം.ഗിരിജ

 

അനുഭവക്കുറിപ്പുകളിലൂടെയും കഥകളിലൂടെയും അടുത്തകാലത്ത് മലയാളി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒരാളായി മാറിയ അജയ് പി. മങ്ങാട്ടിന്റെ രണ്ടാമത്തെ നോവലിനെപ്പറ്റി കവയിത്രി വി.എം.ഗിരിജ എഴുതിയ കുറിപ്പാണു ചുവടെ:

 

“അജയ് പി മങ്ങാട്ടിന്റെ മൂന്നു കല്ലുകൾ എന്ന പുതിയ [രണ്ടാമത്തെ]നോവൽ ഒരു രാത്രി മുക്കാലും ഒരു പ്രഭാതവും എടുത്ത് വായിച്ചു തീർന്നപ്പോൾ വലിയ ആഹ്ളാദം തോന്നി. ഈ “മൂന്നു കല്ലുകൾ” പ്രാചീനമായ പായലും ചെളിയും ജലവിരലുകളുടെ പാടും ഉള്ള, ദേവാലയം ആയിട്ടില്ലാത്ത ഏതോ അനുഭൂതിയെ മുങ്ങി എടുത്തു തന്നു.’ചോര’യിൽ ഹിംസയും വഞ്ചനയും ഉള്ള [ചോര ഒരാളുടെ പേര് കൂടിയാണ്]അപൂർവം ചിലരല്ലാതെ എല്ലാവരും മറ്റുള്ളവരെ മനസ്സിലാക്കാൻ പാട് പെടുന്നവർ ആണെങ്കിലും ഹിംസക്കാരോ ക്രൂരരോ അല്ല.

ആത്മഹത്യ ചെയ്യുന്നവരുടെ കൈവിരലുകളിൽ പോലും കവിതയുടെ സ്വർണ പരാഗങ്ങൾ വിഷാദത്തിന്റെ നീലത്തരികൾക്കൊപ്പം പറ്റിയിരിക്കുന്നത് കാണാം.ഹിംസ ചെയ്യുന്നവരും അതിന്റെ തീക്ഷ്ണ വശ്യതയിൽ ,സ്വാർഥതയിൽ പെട്ട് മുങ്ങുമ്പോഴും മനസ്സിൽ തിരിച്ചു നടക്കുകയും കാലിൽ കുരുങ്ങിയ കാട്ടുവള്ളികൾ ഊരി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.

രണ്ടു കറുപ്പന്മാർ ഇതിലുണ്ട്. ഒന്നു ഒരു പ്രൂഫ് റീഡർ ആയി ജോലി ചെയ്യുന്ന ഒരു പഴയ നടന്റെ ആത്മകഥ “ഗോസ്റ്റ് റൈറ്റ്” ചെയ്യാൻ കോഴിക്കോട്ട് എത്തുന്ന ഇതിലെ കഥപറച്ചിൽകാരൻ. [Narrator]മറ്റൊന്ന് മാധവന്റെ അച്ഛൻ. മാധവന്റെ ഭാര്യ റഷീദ. അവളുടെ അമ്മ മിന ആത്മഹത്യ ചെയ്തു കഴിഞ്ഞപ്പോളാണ് അവൾ കവിത എഴുതുമായിരുന്നു എന്ന് ഉപ്പ ഇമാം അറിഞ്ഞത്.അത് വരെ മകൾ പ്രസന്നയും സംതൃപ്തയും ആണെന്ന് അയാൾ സ്വയം വിശ്വസിപ്പിച്ചു.മാധവന് ഏക എന്ന്ഒരു കൂട്ടുകാരിയുണ്ട്. റഷീദയുടെ അച്ഛൻ ഊറായി ശരിക്കും ആരായിരുന്നു?കൊച്ചാപ്പാ എന്നു അയാളെ വിളിക്കുന്ന മാധവൻ കുട്ടിക്കാലത്ത് തന്റെ ഭാര്യയുടെ ഉമ്മയെ ഗർഭിണി ആയി കണ്ടിട്ടു പോലുമുണ്ട്.

ഊറായി ആർക്കിയോളജിസ്റ്റ് ആണോ രാഷ്ട്രീയ തീവ്രവാദി ആണോ ജനസേവകൻ ആണോ. അറിയില്ല. ഇതെല്ലാം കബീർ എന്ന സൌമ്യനായ ചെറുപ്പക്കാരൻ കറുപ്പന് എഴുതാൻ വേണ്ടി പറഞ്ഞു കൊടുത്ത കഥകളാണ്. കാക്കയുടെയും ചോരയുടെയും കഥകളിൽ മാത്രമേ ഇരുട്ടും ചോരയും മണക്കുന്നുള്ളൂ. മറ്റ് കഥകളിൽ ഇരുട്ടിന്റെ കൂടെ പിണയുന്നത് രതിയോ,ലളിതവും മൂകവുമായ പേരിടാത്ത അനുരാഗമോ ആണ്. പ്രകാശം പരത്തുന്ന ഒരാൺകുട്ടിയാണ് ഇതിലെ കബീർ.അവൻ മാത്രമേ പെണ്ണിനെയും പുരയെയും പൂർണമായി സമർപ്പണബുദ്ധിയോടെ സ്നേഹിക്കുന്നുള്ളൂ.

 

മറ്റ് ആണുങ്ങൾക്ക് ഒന്നും സ്നേഹം സുഖം അല്ല,പൂർണ്ണമോ ഹൃദയം തുളുമ്പുന്നതോ അല്ല. പലയിടങ്ങളിലേക്ക് അവരുടെ വേരുകൾ നീളുന്നു. മാധവന്റെ അമ്മ രാധ,ത്രേസ്യ,റൂഹ മറിയാമ്മ,ഇരുട്ടുകാനം,മലമുണ്ട.. ഒരു പാട് എഴുതാനുണ്ട് ഇതേ പറ്റി. ആദ്യത്തെ രണ്ടു മൂന്നു അദ്ധ്യായങ്ങൾ അത്ര ആകർഷകം അല്ലായിരിക്കാം. എന്നാലും പ്രിയ വായനക്കാരെ ,വരുന്ന താളുകളിൽ വളരെ തണുപ്പുള്ള ആദിമമായ എന്തൊ തൊട്ടുണർത്തുന്ന വാക്കുകളാണ്. വായിക്കുക.. ഇഷ്ടപ്പെടും തീർച്ച.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here