ത്രീ റോസസ്

 

അടുക്കളയിൽ  കറിക്കരിയുന്ന സുഗുണ. കോഴിക്കോട്ടേക്ക് പോകാൻ ധൃതിയിൽ സാരിയുടുക്കുന്ന മീനു.

ജീവിതത്തിന്റെ പുതിയൊരദ്ധ്യായം തുറന്നതാണോ പഴയൊരദ്ധ്യായം അടച്ചതാണോ എന്നറിയാതെ  ജനാലക്ക് പുറത്തേക്ക് നോക്കി,  രാവിലത്തെ രണ്ടാമത്തെ കാപ്പി ആസ്വദിക്കുന്ന ബാലു.

ഈ പുതിയ വീട്ടിൽനിന്ന് നോക്കിയാൽ എനിക്ക് ബാലുവിന്റെ വീടിന്റെ ഹാൾ കാണാം. ഇപ്പോൾ ബാലുവിനേയും.

എന്തിനാണ്  ഇന്ന് സാരിതന്നെ ഉടുക്കുന്നതെന്ന്  മീനു ചിന്തിച്ചു. സാരിയുടെ ഫ്‌ളീറ്റ്‌  കുഴഞ്ഞുപോകുന്നതിൽ വല്ലാത്ത അരിശം തോന്നി. പിന്നെ കുറേ ചോദ്യങ്ങളും. സുഗുണക്ക് അടുക്കളയിൽ നിന്ന് വന്ന് തന്റെ കൂടെ നിന്നാലെന്താണ്?
ഈ സമയം എന്തിനാണ് തന്നിൽനിന്ന് മനപ്പൂർവ്വം അകന്ന് നിൽക്കുന്നത്?.
ഇന്ന് കഴിഞ്ഞാൽ പിന്നെ എന്ന്  കാണാനാണ്?.

വണ്ടി വിളിക്കാനും പിന്നെ എ. ടി. എമ്മിൽ നിന്ന് പൈസയെടുക്കാനുമായി  പോയ കാർത്തിക്കിനെ ഇനിയും കാണാൻ ഇല്ല. ഈ ഹയർ സെക്കൻഡറി വിട്ട് വല്ല സ്‌കൂളിലും കൂടിയ മതിയായിരുന്നു. മൂന്ന് വർഷം കൂടുമ്പോഴുള്ള ഈ തട്ടൽ. മടുത്തു.

മിനു സാരി ഒരുവിധം ഒപ്പിച്ചുടുത്ത് ബാഗുമായി മുറിക്ക് പുറത്തേക്കിറങ്ങി. ബാഗ് ഹാളിൽ വെച്ച്, സുഗുണയെ കാണാൻ അടുക്കളയിലേക്ക് പോയി. സുഗുണ ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്നവണ്ണം കറിക്കറിയൽ തുടരുകയാണ്. അവൾ തിരിഞ്ഞു നോക്കണമായിരുന്നു. മീനുവിന് സുഗുണയെ വിളിക്കാൻ ശബ്ദം പൊന്തിയില്ല. എന്തിനെന്നറിയാത്ത ദേഷ്യം മനസ്സിൽമൂടി മീനു അടുക്കളവിട്ടിറങ്ങി.

കാപ്പികുടിക്കുന്ന ബാലുവിന് പക്ഷെ, സിഗരറ്റ് വലിക്കുന്ന ഗൗരവം ഉണ്ട്. എന്തിനാണെന്ന് മീനുവിന് മനസ്സിലായില്ല. ടാക്സി വന്ന ഹോൺ ശബ്ദം കേട്ട്, മീനു ബാഗ് തൂക്കിയെടുത്ത് പുറത്തേക്കിറങ്ങി. ബാലു എന്തെങ്കിലും പറയണം എന്നവൾ ആഗ്രഹിച്ചിരിക്കാം. ഒരുപക്ഷെ ഇല്ലായിരിക്കാം. എനിക്കറിയില്ല. കാരണം എനിക്ക് ബാലുവിനെ മാത്രമേ കാണുന്നുള്ളൂ.

ടാക്സിയിൽ ഇരിക്കുമ്പോൾ മീനു ഓർത്തു.
ഈ വീടുമായുള്ള ബന്ധത്തിൽ ഒരു രാത്രിയുടെ കുറവ് മാത്രമാണ് സുഗുണയും താനും തമ്മിലുള്ളത്. കല്യാണ ദിവസം ഈ വീട്ടിൽ എത്തിയ ശേഷം പുറത്തുപോയ  ബാലു കേറി വന്നത് ഒരു മണിക്കാണ്. പിറ്റേ ദിവസം  രാവിലെയാണ് സുഗുണ കേറി വന്നത്. അന്ന്  കേറിയതാണ് അടുക്കളയിലവൾ. ഒരു വേലക്കാരിയായി അവളെ ഒരിക്കലും കണ്ടിട്ടില്ല. സ്വന്തം വീടിന്റെ സ്‌നേഹ സമ്പൂർണതയിൽ നിന്ന്  പെട്ടെന്നൊരു ദിനം ഒറ്റപ്പെട്ട തനിക്ക്  എല്ലാമെല്ലാമായി മാറുകയായിരുന്നു സുഗുണ. താൻ അവൾക്കും അങ്ങനെ ആയിരുന്നല്ലോ.

എനിക്കിപ്പോഴും ബാലുവിന്റെ വീട്ടിലെ ഹാൾ മാത്രമേ കാണുന്നുള്ളൂ. ബാലു എന്നെ നോക്കുന്നുണ്ട്. ഞാൻ ബാലുവിനേം.

(മീനുവിന് തിരിച്ചു വന്നേ മതിയാകൂ. ടാക്സിയിൽ ഉള്ള മകന്റെ കയ്യിൽ  പൈസ എടുക്കാൻ ബാലു ഏൽപിച്ച എ. ടി. എം. കാർഡ് അവൻ ബാലുവിന് തിരിച്ചേല്പിച്ചിട്ടില്ല. പൈസ മീനുവിന് കൊടുക്കാൻ ഉള്ളതാണ്. മകൻ പൈസ മീനുവിന്റെ കയ്യിൽ ഏല്പിച്ചപ്പോൾ അതിനോടൊപ്പം ഏല്പിച്ച മിനി സ്റേറ്മെന്റ് ആണ് കാര്യങ്ങൾ കറക്കിക്കളഞ്ഞത്.)

ഇപ്പോൾ ഹാളിൽ സുഗുണയും ബാലുവും മാത്രം.

“ബാലു സാറേ, ഈ കത്തി ഞാൻ ഉപയോഗിച്ചോട്ടേ? വല്ലപ്പോഴും കാണുമ്പോൾ, അയാളുടെ ഓർമ്മ എന്നെ കാർന്നു തിന്നുന്നു. ഇനി അത് വേണ്ട. എനിക്ക് ഇത്തിരി ധൈര്യത്തോടെ ജീവിക്കണം എന്നുണ്ട്. ഈ ഇരുപത്തഞ്ചുകൊല്ലം! ഇനി ഞാൻ അല്പം വെളിച്ചം കണ്ടോട്ടെ”

മീനു ഇപ്പോൾ കേറി വരും.

അല്ല വന്നു.

ഹാളിൽ ഇപ്പോൾ മീനുവും സുഗുണയും ബാലുവും ഉണ്ട്.

അപ്പോൾ ഞാൻ….
ഇപ്പോൾ ഞാൻ അവിടെ ഉണ്ടാവുമായിരിക്കും.

“ബാലു..

ബാലുവെന്താ എന്നെ പൊട്ടിയാക്കുകയാണോ?

ഒരു വീടുണ്ടായിട്ടും ഇല്ലാത്ത കാശ് മുടക്കി പുതിയ വീട് പണിതത് എന്തിനായിരുന്നു?

അത് വിറ്റ മുപ്പത്തിയഞ്ച് ലക്ഷം രൂപ എവിടെ? മുപ്പത്തിയഞ്ചിന്റെ ഒരു വിഡ്രോവലും അതേ മുപ്പത്തിയഞ്ചിന്റെ ഡെപ്പോസിറ്റ് തുകയും. പറ. എന്താ ഇവിടെ നടക്കുന്നേ? . അത്രമാത്രം കടുംപിടുത്തം നടത്തി ആ വീട് ആ ടീച്ചർക്ക് കൊടുക്കാൻ, അവർ ആരാ ബാലുവിന്റെ?

സുഗുണ ഇപ്പോൾ അടുക്കളയിലേക്ക് കയറിപ്പോയി.

ഞാൻ ജനാല അടച്ചു.

ഇപ്പോൾ ആ ഹാളിൽ ബാലുവും മീനുവും മാത്രം. കൂടെ മീനുവിന്റെ കിതപ്പും ബാലുവിന്റെ മൗനവും.

മീനു, കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി. ജഗ്ഗിലെ വെള്ളം എടുത്ത് കുടിച്ച് സുഗുണയെ നോക്കി. ആവശ്യത്തിലധികം വലിപ്പമുള്ള കത്തിയാൽ തക്കാളി അരിയുന്ന സുഗുണയോട് മീനു.

എന്താ സുഗുണേ ഇത്?

കഴിഞ്ഞ മുപ്പതുവർഷത്തെ രഹസ്യം.

സുഗുണ മീനുവിനോട് യാതൊരു വികാരാധിക്യവും കൂടാതെ പറഞ്ഞുതീർത്തു.

ഇപ്പോൾ അടച്ചിട്ട മുറിയിൽ പൊട്ടിക്കരഞ്ഞ് തളർന്ന‌ മീനു മാത്രം. കൂടെ സുഗുണയുടെ വാക്കുകൾ.

“നിങ്ങളുടെ വിവാഹ ദിവസം തന്നെയായിരുന്നു. എന്റേയും വിവാഹം. ചേച്ചി ബാലുസാറെ അറിയാതെയാണ് സ്വീകരിച്ചത്. ഞാൻ അതിന് മുൻപേ ഏറെക്കാലമായി ബാലുസാറെ അറിയും. എന്നേക്കാൾ ഞാൻ അയാളെ സ്നേഹിച്ചിരുന്നു. എനിക്ക് എന്റെ അന്നത്തെ സാഹചര്യത്തിൽ അയാളെ സ്വീകരിക്കാൻ യാതൊരു വഴിയും ഇല്ലായിരുന്നു. അയാൾക്കും അങ്ങനെതന്നെ. നിങ്ങളുടെ ഇടയിലൊക്കെ ഞാൻ ആരാണ്? എന്ത് യോഗ്യതയാണുള്ളത്?

പിന്നെ എന്റെ കല്യാണം ഒരു കച്ചവടം ആണെന്ന് അയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. ഒരു ദിവസം കൊണ്ട് അയാളെ എന്നെ വിൽക്കാൻ ഏർപ്പാടാക്കി. ആ രാത്രിയാണ് സാറ് വന്നെന്നെ ഇവിടേക്ക് കൊണ്ടുവന്നത്. പിന്നെ ഈ കത്തി. അതിൽ അയാളുടെ രക്തമുണ്ട്. അത് എനിക്ക് വിശ്വാസത്തിന്റെ പ്രതീകമാണ്. ‘നിന്നെ ഞാൻ കൈവിടില്ല’ എന്ന സാറിന്റെ വാക്ക്. ആ വാക്കാണ് ഇന്നെന്റെ ജീവൻ.

സുഗുണയുടെ വാക്കുകൾക്ക് ശേഷം ആ മുറിയിൽ മീനു വീണ്ടും ഒറ്റക്കായി.

കത്തി താഴെ വീണ ശബ്ദമായിരിക്കാം.

ഇപ്പോൾ ഹാളിൽ ബാലുവും സുഗുണയും മാത്രമേ ഉള്ളൂ.

ഞാൻ, അല്പനേരം കഴിഞ്ഞ് ജനാല തുറക്കാമെന്ന് വെച്ചു.

ഹാളിലേക്കുള്ള ജനൽ ഇപ്പോഴും തുറന്നുതന്നെയിരിക്കുന്നുണ്ടാവും എന്ന് ഞാൻ വിശ്വസിച്ചോട്ടെ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here