പരേതന്റെ വിചാരങ്ങൾ

 

 

എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവാൻ വഴിയില്ല ഞാൻ പീറ്റർ പോൾചാക്കോള.
സ്ഥലത്തെ സെമിത്തേരിക്ക് രണ്ടുവീടപ്പുറത്തു താമസം. എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശനം നിങ്ങളുമായി പങ്കുവെക്കാം. ഈയടുത്ത് എല്ലാ രാത്രികളിലും എന്റെ അപ്പൻ, പോൾ എബ്രഹാം ചാക്കോള സെമിത്തേരിയിൽ നിന്നും എന്റെ വിട്ടിലേക്കിറങ്ങി വരുന്നുണ്ട്. അപ്പൻ ഗേറ്റ് തുറന്ന്‌ വീട്ടിനകത്തേക്ക് നടന്നു വരുന്ന കാലടി ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. അപ്പൻ വരുന്നത് രണ്ടുകണ്ണുകളും കല്ലറക്കുള്ളിൽ വെച്ചിട്ടാണ്. എന്റെ ബെഡ് റൂമിൽ അപ്പൻ ഒളിപ്പിച്ചു  വെക്കുന്ന, എന്നെ ഇടക്കെല്ലാം ദണ്ഡിക്കാറുള്ള ആ മുളവടിയാണ് ലക്‌ഷ്യം. റൂമിൽ കടന്നയുടനെ തിരച്ചിലാരംഭിക്കും. അപ്പോൾ ഞാനും ഒരു കുസൃതി കാണിച്ചു. ഓരോ രാത്രിയാരംഭത്തിലും വടിയുടെ സ്ഥാനം മാറ്റും. അപ്പൻരണ്ടു കൈകളും വിടർത്തിപ്പിടിച്ചു മുറി മുഴുവൻ അരിച്ചു പെറുക്കും. അവസാനം ഹതാശനായി തലയും താഴ്ത്തി ഈസി ചെയറിൽ വീഴുമ്പോൾ അമ്മച്ചിയും,  പെണ്ണുമ്പിള്ള മേരിക്കുട്ടിയും  അറിയാതെ ഞാൻ അപ്പനെ കൈ പിടിച്ചു നടത്തി സെമിത്തേരിയുടെ പടി കടത്തിവിടും. അപ്പോൾ അപ്പൻ അപാരമായ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും തന്റെ കല്ലറക്കു നേരെ നടന്ന്‌ അപ്രത്യക്ഷമാകും.

അപ്പന്റെ വരവ് ഒഴിവാക്കാനായി ഒരിക്കലും ഞാൻ ആ വടി വീടിനു പിന്നിലുള്ള പുഴയിൽ ഒഴുക്കുകയോ വെട്ടുകത്തി കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ചു കളയുകയോ ഉണ്ടായില്ല. അങ്ങിനെയിരിക്കെ അടുത്ത മൂന്നു രാത്രികളിൽ അപ്പൻ വന്നതേയില്ല. ഞാനാകെ ഉത്കണ്ഠാകുലനായി. ഇനി അപ്പന് എന്റെ ചുറ്റിക്കളി മനസ്സിലായോ? അതോ തിരഞ്ഞു കണ്ടുപിടിക്കാമെന്ന വിശ്വാസം നഷ്ടപ്പെട്ടോ ?. എന്തായാലും ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനിച്ചു. ഒരു പക്ഷെ അപ്പന് ഇനി വഴി തെറ്റുകയോ സെമിത്തേരിയിലെ കല്ലറയിൽ നിന്നും ഉണരാൻ പറ്റാതെ ഇരിക്കുകയോ മറ്റോ ആണോന്ന് നോക്കാമല്ലോ. അപ്പനെ ബുദ്ധിമുട്ടിക്കാതെ ആ വടി കല്ലറക്കു മുകളിൽ വെച്ചിട്ടു വന്നാലോ എന്ന ചിന്തയും എന്നെ തേടി വന്നു. എത്ര നാളാന്നു വെച്ചാണ് അന്ധനായ ഒരു പരേതനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്!!

അങ്ങിനെ നാലാമത്തെ രാത്രി
പന്ത്രണ്ടടിച്ചപ്പോൾ അമ്മച്ചിയും മേരിക്കുട്ടിയും ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി ഞാൻ അപ്പനെ തേടി ഇറങ്ങി. മുറ്റവും പടിയും കടന്നു് ഞാൻ സെമിത്തേരിയിലേക്കു നടന്നു. അപ്പൻ ഇനി രാത്രി ഇറങ്ങി നടക്കരുതെന്നും വടി ഞാൻ എത്തിക്കാമെന്നും കാണുമ്പോൾ പറയണം. രാത്രി കല്ലറക്കു പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അപ്പൻ മുഷിയുമോ എന്നും അറിയില്ല. പരേതനും ഇത്തിരി ശുദ്ധവായു ശ്വസിക്കാനും കയ്യും കാലും വീശി ഒന്ന് നടക്കാനുള്ള തൃഷ്ണ ഉണ്ടാകുമല്ലോ.

ഓരോന്ന് ചിന്തിച്ചുകൊണ്ട് സെമിത്തേരിക്കുള്ളിൽ കടന്നപ്പോഴാണ് എന്തോ നിഴലനക്കം ശ്രദ്ധയിൽ പെട്ടത്. ഇരുട്ടിൽ ആരാണെന്നോ എന്താണെന്നോ മനസ്സിലായില്ല. കുറേക്കൂടെ അടുത്ത് ചെന്ന് ഒരു തടിയൻ തേക്ക് മരത്തിന്റെ മറവിൽ നിന്നുകൊണ്ട് രംഗം വീക്ഷിച്ചു. ഇപ്പോൾ വ്യക്തമായി കാണാം. അമ്മച്ചി ആ വടി കൊണ്ട് അപ്പനെ ദണ്ഡിക്കുകയാണ്. ഇടക്ക്‌

“കാലമാടാ ചെക്കനെ ഈ വടി കൊണ്ട് തലക്കടിക്കരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ”

എന്നു ചോദിക്കുന്നുമുണ്ടായിരുന്നു.അപ്പനാകട്ടെ അടിയിൽ നിന്നും ഒഴിഞ്ഞു മാറുകയോ ഒരക്ഷരം മിണ്ടുകയോ ചെയ്യാതെ അടികളെല്ലാം ഒരു നിസ്സംഗതയോടെ ഏറ്റുവാങ്ങി കൊണ്ടിരുന്നു.

ഞാൻ ഒരു ഉൾവിളിയിലെന്നോണം വലത്തേ കൈവിരലുകൾ കൊണ്ട് എന്റെ തലയുടെ പിൻവശം തപ്പി നോക്കി. അവിടെ വലിയ ഒരു മുറിപ്പാടും ഉണങ്ങി വടുകെട്ടിയ ചോരയും ഉണ്ടായിരുന്നു. അല്പസമയത്തെ ഇടവേളക്കുശേഷം അപ്പനും അമ്മച്ചിയും ഉറച്ച കാൽ വെപ്പുകളോടെ സെമിത്തേരി പടി കടന്നു പുറത്തു പോകുന്നതും എന്റെ വീടിന്റെ നേരെ നടന്നകലുന്നതും കണ്ടു. ഞാൻ സെമിത്തേരിയിലെ ഇരുട്ടിലൂടെ അപ്പന്റെ കല്ലറക്കു നേരെ നടന്ന്‌ അപ്രത്യക്ഷനായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here