തൊട്ടപ്പൻ

 

bk_9804പുതിയകാല കഥയുടെ വ്യത്യസ്തതയും കരുത്തും വെളിവാക്കുന്ന കഥകളാണ് ഫ്രാൻസിസ് നെറോണയുടേത്. വിനോയ് തോമസ് അബിൻ ജോസഫ്,അമൽ എന്നിങ്ങനെ കഥയിൽ പ്രാദേശികമായ മാന്ത്രികത കൊണ്ടുവരുന്ന എഴുത്തുകാരുടെ നിരയിൽ സജീവ സാന്നിധ്യമാണ് ഈ എഴുത്തുകാരൻ.
‘കള്ളികളും കള്ളന്മാരും കാമാതുരരും ഒളിഞ്ഞുനോക്കികളും കൊലപാതകികളും പുണ്യാളരും പ്രേതാത്മാക്കളും കൂടിക്കുഴയുന്ന ഒരു കീഴാള തീരപ്രപഞ്ചത്തിന്റെ രഹസ്യസ്ഥാനങ്ങളില്‍നിന്നാണ് ഫ്രാന്‍സിസ് നൊറോണയുടെ കഥകള്‍ കടല്‍
ക്കാക്കകളെപ്പോലെ ചിറകടിച്ചുയരുന്നത്.

മീനുളുമ്പും ചാരായത്തിന്റെ എരിവും ഭക്തിയുടെ പുകയലും തെറിയുടെ നീറ്റലും നിറയുന്ന ഒരു നാട്ടുഭാഷയുടെ മുഖത്തടിക്കുന്ന മനുഷ്യഊര്‍ജ്ജം അവയില്‍നിന്ന് പ്രസരിക്കുന്നു. തീരത്തിന്റെ ഉപ്പിലും വിയര്‍പ്പിലും മദജലത്തിലും കുതിര്‍ന്നു പൊട്ടിത്തെറിക്കുന്ന ഒരു രതിയുടെ ക്രൗര്യവും ഉന്മാദവും ശരീരഭാഷയും മലയാളകഥ ഇതുവരെ കാണാത്ത വിധങ്ങളില്‍ നൊറോണ ആഖ്യാനം ചെയ്യുന്നു.

പിടിച്ചിരുത്തി വായിപ്പിക്കുന്ന ഈ കഥകള്‍ എനിക്കു തന്നത് ഭയാനകസൗന്ദര്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ഒരു മാന്ത്രിക അധോലോകത്തിന്റെ മധുരാനുഭവങ്ങളാണ്.
കേരളപ്രമാണിത്തങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാത്ത ആ ലോകത്തിന്റെ മനുഷ്യരാഷ്ട്രീയത്തെയും ജീവിതസമരത്തെയും ശക്തിയേറിയതും സുന്ദരവും മൗലികവുമായ ഒരു പുതുകഥാഭാവുകത സൃഷ്ടിച്ചുകൊണ്ട് നൊറോണ അനാവരണം ചെയ്യുന്നു’- സക്കറിയ

‘മാറുന്നകാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്താവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ എന്ന ചെറുപ്പക്കാരന്‍ തന്റെ കഥകളിലൂടെ സാധിക്കുന്നത്’- സേതു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here