തൊട്ടപ്പൻ സിനിമയെക്കുറിച്ച് രഘുനാഥ് പലേരി

പുതിയ കഥയിലെ വ്യതസ്ത സാന്നിധ്യമായ ഫ്രാൻസിസ് നെറോണയുടെ തൊട്ടപ്പൻ അടുത്തു തന്നെ വെള്ളിത്തിരയിലെത്തും.
വിനായകന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പന്റെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി ആണ്. ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ പുതിയ പോസ്റ്റര്‍ അടുത്തിടെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

വിനായകന്‍ പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഏറെ നിരൂപകശ്രദ്ധ നേടിയ കിസ്മത്തിന്റെ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി.

സിനിമയെക്കുറിച്ച് രഘുനാഥ് പലേരിയുടെ കുറിപ്പ്  വായിക്കാം:

തൊട്ടപ്പൻ.
ഷാനവാസ് കെ ബാവക്കുട്ടിയുടെ കിസ്മത്ത് കഴിഞ്ഞുള്ള സിനിമ.

ഈ സിനിമ എന്റെ മനസ്സിന്റെയും ഒരു ഭാഗമാണ്. അതെങ്ങിനെ സംഭവിച്ചുവെന്നറിയില്ല. ഒരു ദിവസം ഷാനവാസ് വിളിക്കുന്നു. പരസ്പരം കാണാൻ അനുവാദം ചോദിക്കുന്നു. കാണുന്നു. മുന്നിൽ അഞ്ചു മിനുട്ട് നേരത്തേക്ക് വന്ന ആ ”കിസ്മത്ത് മുഖം” മണിക്കൂറുകളോളം മുന്നിൽ സിനിമയെക്കുറിച്ചു വാചാലനാവുന്നു. ആ ഒറ്റ ഇരുപ്പിൽ എത്രമാത്രം കഥകളാണ് ആ മുഖം ചുറ്റും പ്രസരിപ്പിച്ചത്.

പൊന്നാനിയിലെ ഒരു സാധാരണക്കാരൻ. പൊന്നാനിയും ഉപ്പച്ചിയുമാണ് പ്രാണൻ. ഉപ്പച്ചി തനിച്ചാക്കി പോയശേഷം കുറെ നേരം അടുത്ത വീട്ടിൽ പോയി ഉച്ചത്തിൽ കരഞ്ഞ ശേഷം പെട്ടെന്ന് കരച്ചിൽ നിർത്തി തല തണുപ്പിച്ച് തിരികെ വന്ന് ഉപ്പച്ചിയെ യാത്രയാക്കിയ കുഞ്ഞ്. സത്യത്തിൽ ആ കുഞ്ഞ് തന്നെയാണ് ഇന്നും ഷാനവാസ്. അവിടുന്നങ്ങോട്ട് ആ കുഞ്ഞ് കണ്ടതു മുഴുവൻ ജീവിതത്തോട് ഒട്ടിച്ചേർന്ന് പച്ചക്ക് ജീവിക്കുന്ന മനുഷ്യരെയാണ്. ഷാനവാസിന്റെ കഥകളും, പച്ചയായ, മസാലകളൊന്നും തീരെയില്ലാത്ത, മനുഷ്യരെക്കുറിച്ചാണ്. പൊന്നാനിയാണ് ഷാനവാസിന്റെ മഹാഭാരതം. ഉപ്പച്ചിയാണ് സാരഥി.
ഉപ്പച്ചിയെക്കുറിച്ച് എന്നോട് പറയാത്ത ഒരു ദിവസംപോലും ഇല്ല. വന്നു വന്ന് എന്നെ ഇപ്പോൾ വിളിക്കുന്നതും ഉപ്പച്ചി എന്നാണ്. ഷാനവാസിന്റെ പത്‌നി സാബിറക്കും ഞാൻ ഉപ്പച്ചിയാണ്. കഴിഞ്ഞൊരു ദിവസം എന്റെ മക്കളുടെ അമ്മ സ്മിത എന്നോട് ചോദിച്ചതും,
”ഉപ്പച്ചിയുടെ മോന്റെ സിനിമ തീരാറായോ..”
എന്നാണ്.

അത്തരം അന്വേഷണങ്ങളും വിളികളും മനസ്സെന്ന സൗരമണ്ഡലത്തിൽ അപൂർവ്വമായി ലഭിക്കുന്ന സൂര്യോദയം.

ഒരു മനുഷ്യൻ എങ്ങിനെ മനുഷ്യനെ പറയുന്നു എന്നതിന്റെ ഉദാഹരണമാണ് ഷാനവാസിന്റെ കിസ്മത്തും തൊട്ടപ്പനും. കിസ്മത്ത്, കിസ്ത്താണെങ്കിൽ, തൊട്ടപ്പൻ തൊട്ടപ്പനാണ്. അത്രയും വിഭിന്നമാണ് രണ്ടും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here