തോട്ട

 

images-1

ജന്മശ്ശനിയും അഷ്ടമത്തില്‍ വ്യാഴവും കേന്ദ്രാധിപത്യം വന്നു ഭവിച്ച ബുധന്റെ അപഹാരവും ഒക്കെച്ചേര്‍ന്ന് കാലക്കേടിന്റെ പരമോച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണന്‍ കുട്ടിക്ക് സാഹിത്യ സാഗരത്തില്‍ തോണിയിറക്കാന്‍ ഉള്‍വിളി ഉണ്ടായത്. ട്രോളിംഗ് നിരോധനം ചെറുതോണിക്കാര്‍ക്ക് ബാധകമല്ലാത്തതിനാല്‍ ആ ഗ്രഹപിഴക്കാരനെ ആരും തടഞ്ഞതുമില്ല.

ആഴക്കടലില്‍ ചെറുകഥയുടെ നാടന്‍ വലയില്‍ കുടുങ്ങിയത് കാലപ്പഴക്കം ചെന്ന ഒരു മണ്‍കുടമായിരുന്നു.

ഏഴരശനിക്കാരന്‍ ഏറെ പ്രതീക്ഷകളോടെ എടുത്തുകൊണ്ടു വന്ന ആ മാരണത്തെ കരപ്രമാണിമാര്‍ ഒന്നു തൊട്ടു നോക്കാന്‍ പോലും കൂട്ടാക്കിയില്ല. കിട്ടിയിടത്തു തന്നെ കൊണ്ടു ചെന്നിടാനായിരുന്നു ഉപദേശം.

വൃത്താലങ്കാരാദികളാല്‍ നെയ്തെടുത്ത കാവ്യകലയുടെ വലയില്‍ കുടുങ്ങിയത് ഒരു മത്സ്യകന്യകയായിരുന്നു കാലുപിടിച്ച് കരഞ്ഞപേക്ഷിച്ചപ്പോള്‍ അവളെ കടലിലേക്കു തന്നെ പറഞ്ഞു വിടേണ്ടി വന്നു.

ഏറെ പണിപ്പെട്ട് പാകപ്പെടുത്തിയെടുത്ത നോവലിന്റെ പെരും വലയില്‍ കുടുങ്ങിയത് ഒരു തിമിംഗലത്തിന്റെ അസ്ഥികൂടമായിരുന്നു. വലയോടുകൂടി അതിനെ ഉപേക്ഷിച്ചിട്ടു മടങ്ങേണ്ടി വന്നു.
ഒടുവില്‍ നാടകങ്ങളില്‍ നിന്നും കണ്ടെടുത്ത ചൂണ്ടയുമായി രണ്ടും കല്പ്പിച്ച് നടുക്കടലിലേക്കു ചെല്ലുകയായിരുന്നു. കണക്കുകൂട്ടല്‍ പിഴച്ചില്ല ചൂണ്ടയില്‍ കുടുങ്ങിയത് ഒരു കൊമ്പന്‍ സ്രാവ്.

കൃഷ്ണന്‍ കുട്ടിയും സ്രാവും കൂടി നടുക്കടലില്‍ ഒരു വടം വലി മത്സരം തന്നെ നടത്തുകയുണ്ടായി ഏറെ നേരം നീണ്ടൂ നിന്ന ആ പിടിവലിക്കൊടുവില്‍ ചൂണ്ടയുമായി സ്രാവ് കടന്നു കളഞ്ഞു.

ഇനി അവശേഷിക്കുന്നത് നിരൂപണത്തിന്റെ തോട്ടയും ചാട്ടുളിയും.

അപ്പോഴേക്കും ഏഴരശനിയും വ്യാഴപ്പിഴയും കൃഷ്ണന്‍ കുട്ടിയെ ഏറെക്കുറെ വിട്ടൊഴിഞ്ഞിരുന്നു. ഒരു നാള്‍ നിലാവുദിച്ച നേരം നോക്കി തോട്ടയുമായി കൃഷ്ണന്‍കുട്ടി കടവിലേക്കു ചെന്നു. ഒരു പിടി പഴഞ്ചോറും പൊതിഞ്ഞെടുത്തിരുന്നു .

വാരി വിതറിയ പഴഞ്ചോറു വിഴുങ്ങാന്‍ നാലു ഭാഗത്തുനുനിന്നും പാഞ്ഞെത്തിയ മത്സ്യകൂട്ടത്തിനു നടുവില്‍ കടുകിട പിഴക്കാതെ കൃഷ്ണന്‍ കുട്ടിയുടെ തോട്ട വീണു പൊട്ടി.

വെടി മരുന്നിന്റെ ഗന്ധം പുരണ്ട മത്സ്യകൂമ്പാരത്തിനു ചുറ്റും കരപ്രമാണിമാര്‍ തടിച്ചു കൂടി. പറഞ്ഞ വില കൊടുത്ത് അവരതു പങ്കിട്ടെടുത്തു.

കൃഷ്ണന്‍ കുട്ടിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കവിതയുടെ നീരുറവകളിലും കഥയുടെ കടവുകളിലും നോവല്‍ തടാകങ്ങളിലും കൃഷ്ണന്‍കുട്ടിയുടെ തോട്ടകള്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി.

മൂപ്പര്‍ക്കിപ്പോള്‍ ശുക്രദശ. മീനത്തിലത്യുച്ചന്‍! മന്ദനും ഗുരുവും ബുധകുജാദികളും ചാരവശാല്‍ വാരിക്കൊടുക്കുന്ന ഭാവങ്ങളില്‍ തോട്ട പൊട്ടിക്കാന്‍ ഒരു തടസ്സവുമില്ലെന്നു ചുരുക്കം ഇടക്കു വല്ലപ്പോഴും കറങ്ങിത്തിരിഞ്ഞെത്തുന്ന ഏഴര കണ്ടകശ്ശനികളുടെ കാലത്ത് തോട്ട കയ്യില്‍ വച്ചു തന്നെ പൊട്ടാതിരിക്കാന്‍ ചെറിയൊരു ശ്രദ്ധ വേണമെന്നു മാത്രം അത്ര തന്നെ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here