മൃഗശാലയിൽ ബന്ധനസ്ഥനായിക്കിടക്കുന്ന സിംഹത്തിന്റെ മർമ്മരം ശ്രദ്ധിച്ചു നിൽക്കുമ്പോൾ പേടിച്ചിട്ടെന്ന വണ്ണം അവൾ അയാളോട് ചേർന്ന് നിന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്? ഒതുങ്ങി നിൽക്കാൻ ശ്രമിക്കുമ്പോൾ അയാളോർത്തു. വെറും സൗഹൃദത്തിനപ്പുറമൊന്നും ഇവളുമായില്ല. എന്നും അയാളുടെ ദൗർബല്യമായിരുന്നു സൗഹൃദങ്ങൾ. ഇ മെയിലും മൊബൈലും വാട്സ് ആപ്പുമൊക്കെ വരുന്നതിന് എത്രയോ മുമ്പേ തൂലികാ സൗഹൃദം ഒരു ലഹരിയായി അയാളിൽ പടർന്നിരുന്നു.ആധുനിക വിനിമയ മാർഗ്ഗങ്ങളിൽ അഭിരമിക്കാതെ അയാൾ കത്തെഴുത്തിന്റെ വഴിയിൽ ഉറച്ചു നിന്നു.
അതിനിടയിലെപ്പോഴോ വാക്കിലൂടെ ,വരയിലൂടെ സുഖവും ദു;ഖവും പങ്കിട്ട് സൗഹൃദത്തിന്റെ ഉൻമാദമായി അവൾ മനസ്സിൽ പടരുകയായിരുന്നു.നാളുകൾ കഴിഞ്ഞപ്പോൾ നേരിൽ കാണാൻ അവൾക്ക് മോഹം.സൗഹൃദം മറ്റൊന്നിലേക്കും വഴുതി മാറരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് ആദ്യമൊന്നും അയാൾ സമ്മതിച്ചില്ല.ഒരു വട്ടം മാത്രം,ഒന്നു കാണാൻ മാത്രം..നിർബന്ധം കൂടിക്കൂടി വന്നപ്പോൾ അയാൾക്ക് സമ്മതിക്കേണ്ടി വന്നു.
‘’ആദ്യ സമാഗമത്തിന്റെ ഓർമ്മയ്ക്കായി എനിക്കെന്താ തരിക?’’ അവളുടെ കണ്ണുകളിലെ അഭിലാഷത്തിന്റെ തിരയിളക്കം അയാൾ കണ്ടു. ’’എന്റെ കയ്യിൽ ഇതു മാത്രമേയുള്ളു’’ .കടലാസിൽ പകർത്തി പോക്കറ്റിൽ വെച്ചിരുന്ന പുതിയ കവിത അവളുടെ കയ്യിലേക്ക് അയാൾ വെച്ചു കൊടുത്തു.പിന്നെ അതൊരു പതിവായി.എല്ലാ കത്തുകൾക്കൊപ്പവും ഒരു കവിത സമ്മാനം.മറുപടിയിൽ വടിവൊത്ത അക്ഷരങ്ങളിൽ അവൾ കുറിച്ചിട്ട അഭിനന്ദനങ്ങൾ അയാളുടെ കവിഭാവന ഉണർത്തി.
കത്തുകളും കവിതകളും മനസ്സിൽ നിന്ന് മനസ്സിലേക്ക് പറന്നു.അതിനിടയിലെന്നോ ആണ് അവളുടെ കത്തുകളിൽ പ്രണയം പൂത്തു തുടങ്ങിയത്. അതിൽ തീരെ താൽപര്യമില്ലാതിരുന്ന അയാൾ ഖേദത്തോടെ മറുപടിയെഴുതി. പരാതികളും പരിഭവങ്ങളും ഗദ്ഗദങ്ങളായി തപാൽപെട്ടിയിൽ നിറഞ്ഞു.പിണക്കം കൂടിയപ്പോൾ അവളുടെ കത്തുകൾ വരാതായി..പിന്നെയെപ്പോഴോ വിസ്മൃതിയുടെ തീരങ്ങളിലേക്ക് അവൾ മറഞ്ഞു.
ഏറെ നാളുകൾ കഴിഞ്ഞ് വീണ്ടും അവളെ ഓർമ്മ വന്നത് അവൾക്ക് ആദ്യമായി സമ്മാനിച്ച അയാളുടെ കവിത ഒരു വാരികയിൽ കണ്ടപ്പോഴാണ്.പ്രസിദ്ധീകരണത്തിന് അയച്ചതായി ഓർമ്മ വരുന്നില്ല..ചിലപ്പോൾ അയച്ചതാവാം. ഏതായാലും പ്രസിദ്ധീകരിച്ച് വന്നല്ലോ..സന്തോഷത്തോടെ വരികൾക്കിടയിലൂടെ കടന്ന് അവസാനമെത്തിയപ്പോഴാണ് അയാൾ നടുങ്ങിയത്. കവിതയുടെ താഴെ അവളുടെ പേര് മനോഹരമായി അച്ചടിച്ചിരിക്കുന്നു..ഇനിയും തന്റെ എത്രയോ കവിതകൾ അവളുടെ പക്കലുണ്ട്.അവയെല്ലാം അവളുടെ പേരിൽ അച്ചടി മഷി പുരണ്ടു വരുന്നത് ഒരു പേക്കിനാവായി അയാളെ വേട്ടയാടി.അന്നാദ്യമായി അയാൾ തീരുമാനമെടുത്തു, മറ്റെന്തു സമ്മാനിച്ചാലും തൂലികാ സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത്….