തോറ്റു പോയെന്നറിയുന്നതിന്നലെ
ചന്ദ്രബിംബം മറയുന്നതിൻ മുൻപേ…
നേർത്തു പെയ്യുന്ന പാതിരാച്ചാറലിൽ
പേർത്തുമെന്നുള്ളം ചോരുന്നതിൻ മുൻപേ…
കാറ്റു പാതി വഴിക്കെൻ്റെ തോളിലായ്
കൂട്ട് വെച്ച കരമെടുക്കും മുൻപേ…
കൂരിരുൾ മിഴി ചിമ്മും വരാന്തയിൽ
പേടി,യുൾക്കാമ്പിലാഞ്ഞു കൊത്തും മുൻപേ…
ചാഞ്ഞു നിൽക്കുന്ന ചെമ്പകച്ചോട്ടിലെ
കാറ്റെഴും നിഴൽ ഭൂതമാകും മുൻപേ…
കണ്ടു മോഹിച്ച സുന്ദര സ്വപ്നങ്ങൾ
നഷ്ടജീവിതമായി മാറും മുൻപേ…
കേട്ട താരാട്ടു ശീലിൻ്റെയീണത്തിൽ
സ്വാർഥമോഹ,മലയടിക്കും മുൻപേ…
ഞാന്നു കത്തുന്ന റാന്തലിൻ ചിന്തലെൻ
ചിന്തകൾക്കു മേൽ കൊള്ളി വെക്കും മുൻപേ…