രാത്രിയുടെ നിശബ്ദതയിൽ നീലിമ തനിച്ചിരുന്നു തേങ്ങി. അവളുടെ മനം അത്രേമേൽ നൊന്തിരിക്കാം. നോവാതെ ഇത്രമേൽ ഒറ്റക്കോരാളും കണ്ണീർപൊഴിക്കില്ല. വേദനക്ക് കാരണം ചെറുതോ വലുതോ എന്നതിൽ ഇവിടെ പ്രശസ്തിയില്ല. കാരണം ഓരോ വ്യക്തിയുടെയും വികാരവും വ്യത്യസ്തപെട്ടിരിക്കും. കണ്ണീരിങ്ങനെ ഒഴിക്കിയൊരു പുഴയാക്കുന്നവരെല്ലാം ദുർബലരാണെന്നണല്ലോ പൊതുവെ പറയാറ്. ഈ പൊതുവെ പറച്ചിലാണ് പലതിനും അടിസ്ഥാന കാരണം. രാത്രിയേറെ വൈകിയാണ് നീലിമയൊന്ന് കിടന്നത്. മെത്തയിൽ മുട്ടിൽമേൽ മുഖമൊന്നമർത്തി കരഞ്ഞത് എത്രനേരാമെന്നു നീലിമ പോലും ചിന്തിച്ചിരിക്കില്ല. പുലർച്ചെയമ്മ ശാരത ഫാൻ ഓഫാക്കാനായി മുറിയിൽ വന്ന് ലൈറ്റ് ഇടുമ്പോളും നീലിമയുണർന്നു കിടന്നിരുന്നു.
“നീ നേരെത്തെ ഉണർന്നോ?,”അമ്മയുടെ അത്ഭുതത്തോടുള്ള ചോദ്യം നീലിമ ശ്രദ്ധിച്ചിരുന്നില്ല. അവൾ കഴിഞ്ഞരാത്രിയിൽ ഉറങ്ങിയെങ്കിൽ വേണ്ടേ എഴുനേൽക്കാൻ?. ആ നിമിഷം അമ്മക്ക് പിന്നാലെ നീലിമയും എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. ഇത് ഒരിക്കലും പതിവുണ്ടായിരുന്നില്ല. മുഖമെത്ര കഴുകിയിട്ടും കണ്ണുകൾ കുഴിഞ്ഞുതന്നെയിരുന്നു.
അടുക്കളയിൽ അമ്മ ചായയുണ്ടാക്കുന്നതിനിടയിൽ നീലിമ ചോദിച്ചു.
“അമ്മേ. ഞാൻ കോളേജിൽ യൂത്ത്ഫെസ്റ്റിവലിനു ഡാൻസ് ചെയ്യുന്നതിന് അമ്മ എതിരാണോ?”
എടുത്തവായിൽ അമ്മയൊരു മറുചോദ്യമാണ് ചോദിച്ചത്.
“ശരത് എന്ത് പറഞ്ഞു?”.
“ശരത്തേട്ടനാണോ അതൊക്കെ നിച്ഛയിക്കുന്നത്?”
നീലിമ ചോദിച്ചു.
“പിന്നല്ലാതെ, നിന്നെ കെട്ടേണ്ടവനാ ശരത്. അവന്റെയിഷ്ടം നോക്കണ്ടേ… അടുത്തമാസം കഴിഞ്ഞാൽ കല്യാണമാ. അത് നിയ് മറക്കണ്ട.”
ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കുന്ന നീലിമയെ നോക്കി ശാരത പറഞ്ഞു.
“എന്തെ?.”മറുപടിയൊന്നും പറയാതെ നില്കുന്നത് ശ്രദ്ധിച്ച ശാരത തിരക്കി.
“ശരത്തേട്ടന് താല്പര്യമില്ലമ്മേ. ഞാനിന്നലെ ചോദിച്ചിരുന്നു.”
നീലിമ പറഞ്ഞു.
“എന്നിട്ട് എന്താ അവൻ പറഞ്ഞത്?”
“ആൺകുട്ടികൾ ഒക്കെയില്ലേ.. അവർക്കൊപ്പം തുള്ളിചാടാനായി നിന്നെ വിടാൻ എനിക്ക് താല്പര്യമില്ലന്ന്.”
നീലിമയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
“എന്നാ നീ ചെയ്യണ്ട. അവന് താല്പര്യമില്ലേൽ അതിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല.”
അമ്മ വ്യക്തമാക്കി.
“എന്നാലും.”
“ഒര് എന്നാലുമില്ല, നിയെ ഈ ചായ യെടുത്തു കുടിക്ക്.”.
ശാരത തന്റെ മകൾക്ക് നേരെ ചായ നീട്ടി പറഞ്ഞു. നീലിമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഡിഗ്രി അവസാനവർഷം, കോളേജിലെ അവസാനത്തെ യൂത്ത് ഫെസ്റ്റിവൽ. നീലിമ ഒരുപാട് കൊതിച്ചിരുന്നു. പത്തിലേറെ വർഷമായി നീലിമ ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും പഠിച്ചിട്ടുണ്ട്.കോളേജിൽ ഡാൻസിന് പേര് നൽകിയത് നീലിമ പോലും അറിയാതെ കൂട്ടുകാരികളായിരുന്നു. നീലിമ ആവട്ടെ അത്രമേൽ സന്തോഷത്തിലുമായിരുന്നു. കാര്യങ്ങൾ കൂട്ടുകാർ പറഞ്ഞപ്പോ ഡാൻസ് പഠിപ്പിച്ചതും നീലിമ തന്നെ. മുൻകൂട്ടി വീട്ടിലും ശരത്തിനോടും പറയാൻ വിട്ടുപോയി എന്നത് സത്യമായിരുന്നു. സമ്മതിക്കുമെന്ന് വിശ്വസിച്ചു.
‘തന്റെ കൂട്ടുകാരോട് ഇനിയെന്ത് പറയും, നാളെ കഴിഞ്ഞാൽ യൂത്ത് ഫെസ്റ്റിവൽ തുടങ്ങും. ഇനി പിന്മാറിയാൽ,നശിക്കുന്നത് തന്റെ മാത്രം ആഗ്രഹമല്ലല്ലോ. പത്തോളം പേരുടെ ആഗ്രഹമല്ലേ. പകരം ഒരാളെ നിർത്താനാണേലും രണ്ടു ദിവസം കൊണ്ടെങ്ങനെ അത്രയും പാടുള്ള ചുവടുകൾ പഠിച്ചെടുക്കും’. നീലിമയുടെ ചിന്തയിങ്ങനെ കാടുകയറി.
“എല്ലാം തുടങ്ങുമുൻപേ പറയണമായിരുന്നു. വീട്ടുകാർക്കും ശരത്തേട്ടനും സർപ്രൈസ് കൊടുക്കാനായി ശ്രമിച്ചതൊടുവിൽ ഇങ്ങനെയായി..”
നീലിമ സ്വയം പഴിചാരി.
കഴിഞ്ഞ രണ്ടുവർഷമായതേയുള്ളു നീലിമയും ശരത്തും പ്രണയത്തിലായിട്ട്. അതിനൊരു വർഷമുൻപ് ശരത് നീലിമയുടെ പിന്നാലെ നടന്നു തുടങ്ങിയതാണ്. ഇരുവരുടെയും വീട്ടുകാരറിഞ്ഞു ആറുമാസം മുൻപ് നിച്ഛയം നടത്തുകയും ചെയ്തു. പ്രണയിക്കുന്നതിനു മുൻപും പ്രണയിച്ച രണ്ട് വർഷകലവും ശരത് ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്തിനും പൂർണ പിന്തുണനൽകുന്ന ഒരാൾ. സ്വന്തമായിയെന്ന് തോന്നിയതിനാലാവാം ഇങ്ങനെ. തന്റെ മുറിയിൽ കതക് അടച്ചിരുന്നോരുന്നും ആലോചിക്കുകയാണ് നീലിമ. അതിനിടയിൽ ശരത്തിന്റെ ഫോൺ കാൾ വന്നതൊന്നും നീലിമയറിഞ്ഞില്ല. അല്പം കഴിഞ്ഞ് മൊബൈലിൽ നോക്കുമ്പോൾ മിസ്സ്ഡ് കാൾ. തിരികെ വിളിച്ചു.
“നിനക്ക് ഞാൻ വിളിച്ചാൽ എടുക്കാൻ വയ്യാതായില്ലേ.”
അതായിരുന്നു കാൾ എടുത്തപാടെ മറുപടി.
“ഞാൻ കേട്ടില്ല.”
വളരെ താഴ്മയായി നീലിമ പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ താൻ ചോദിച്ചതൊന്നുടെയൊന്ന് ആവർത്തിച്ചു ചോദിച്ചു.
“ശരത്തേട്ട. ഞാൻ ഡാൻസ് ചെയ്തോട്ടെ? ഇത് കഴിഞ്ഞാൽ പിന്നെ ഞാൻ ചോദിക്കില്ല. പിന്നെ ഞാൻ ഡാൻസ് എന്നല്ല ഒരു പരിപാടിയിലും പങ്കെടുക്കില്ല. സത്യം. ഈയൊരു തവണത്തേക്ക്.”
അവൾ കരയുംപോലെയായിരുന്നു അത് പറഞ്ഞത്.
“നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ. പറ്റില്ല. ഞാൻ പറഞ്ഞിട്ടും നീയിത് ചെയ്താൽ… ആയിക്കോ.. പക്ഷെ എന്നെ മറന്നേക്കണം.”
ശരത് കാൾ കട്ട് ചെയ്തു.നീലിമ വിങ്ങി കരഞ്ഞിരുന്നു. അവൾ കതക് തുറന്നു പുറത്തേക്കിറങ്ങി. കതകിനടുത്തായി അമ്മ നിന്നിരുന്നു.
“സാരമില്ലടി, അവനു ഇഷ്ടപെടാതിരിക്കാൻ എന്തേലും കാരണം കാണും.നമ്മൾ പെണ്ണുങ്ങൾ കെട്ടിയവനെ അനുസരിക്കണം, ബഹുമാനിക്കണം. നല്ല പെണ്ണിന്റെ ലക്ഷണമാതാണ്.”
അമ്മയാവളെ ആശ്വസിപ്പിച്ചു.
അടുക്കളയിലേക്ക് തിരികെപോകുന്നതിനിടയിൽ പല്ല് തേച്ച്
വന്ന് കഴിക്കാൻ പറയാൻ മറന്നില്ല. ശാരത പോയതിനു പിന്നാലെ നീലിമ മുറിയിൽ കയറി കതക് വീണ്ടുമടച്ചു. തന്റെ മുറിയിൽ മേശയുടെ പുറത്തായി വെച്ചിരുന്ന ചിലങ്കയും ഭിത്തിയിൽ മനോഹരനായി ഒട്ടിച്ചിരിക്കുന്ന മൃണാളിനിയുടെയും മല്ലികയുടെയും ചിത്രങ്ങൾ മറ്റൊരു ചുവരിൽ ഇരുന്ന് ഹൃതിക് റോഷനും പ്രഭുദേവയും തന്നെ നോക്കി പുഞ്ചിരിക്കുന്നതായി നീലിമക്ക് തോന്നി.ശാരത കതകിൽ വന്ന് തുടരെ തുടരെ തട്ടുന്നവരെയവൾ വാതിൽ തുറന്നില്ല. നീലിമ ഫോൺ എടുക്കാഞ്ഞിട്ടാവും ശാരതയുടെ ഫോണിൽ ശരത് വിളിച്ചത്.
“ഡി.. കതക് തുറന്നെ..”
ശാരതയുടെ പല തവണയുള്ള വിളികേട്ടു നീലിമ വാതിൽ തുറന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ നീലിമ തുടച്ചുമാറ്റി.
‘എന്താ “അവൾ തിരക്കി.
“ഫോണിൽ ശരത്.സംസാരിക്ക്.”.
ശാരത പറഞ്ഞു.
“ഹലോ..”നീലിമ കാതിൽ ഫോൺ വെച്ച് പറഞ്ഞു.
“നിനക്ക് എന്റെ കാൾ എടുക്കാൻ പറ്റില്ലല്ലേ?”
ശരത് ആകെ കലികയറി നിൽക്കയാണ്.
“എടുക്കാൻ തോന്നിയില്ല. മനസ്സ് ശരിയല്ല… പിന്നെ ഞാൻ വിളിക്കാം.”
നീലിമ വിനയം തെല്ലും പോകാതെ പറഞ്ഞു.
“ഓ. നിന്റെ സമയത്ത് വിളിക്കാമെന്ന്..”
നീലിമ അതിനു മറുപടി പറഞ്ഞില്ല. ശരത്തിന്റെ രക്തം തിളച്ചുകയറി, അയാൾ ഫോണിന്റെ മറുവശം നിന്ന് അലറാൻ തുടങ്ങി. കാതിൽ നിന്നും മൊബൈൽ ഒരല്പം മാറ്റി പിടിച്ചതിനു ശേഷം വീണ്ടും കാതിനോട് ചേർത്തുവെച്ച് നീലിമ ചോദിച്ചു.
“കഴിഞ്ഞോ?”
നീലിമയുടെ ശാന്തത വീണ്ടും ശരത്തിനെ കലികയറ്റി.
“ശരത്തേട്ടൻ ഇനികേട്ടോ..”നീലിമ പറഞ്ഞു തുടങ്ങി.”എനിക്ക് ഇരുപത്തിരണ്ട് വയസായി. വെക്തി സ്വാതന്ത്ര്യം എന്നത് എനിക്കുമുണ്ട്. നിയമപ്രകാരം സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും എനിക്ക് ഉണ്ട്. പിന്നെ.. ശരത്തേട്ടനെ ഞാൻ പ്രണയിച്ചത് ഒരു നല്ല ജീവിത പങ്കാളി ആകുമെന്ന് കരുതിയാണ്. ശരത്തെട്ടന് ഉള്ള അവകാശങ്ങൾ തന്നെയാണ് എനിക്കുമുള്ളത്. എന്റെ അവകാശത്തെ, എന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ഹനികനും ഞാൻ ആർക്കും അനുമതി നൽകിയിട്ടില്ല. വീട്ടുകാർക്ക് പോലും ഒരു പ്രായം കഴിഞ്ഞാൽ മക്കളെ ഭരിക്കാൻ കഴിയില്ല., കേട്ടോ ശരത്തേട്ട. പത്ത് വർഷമായി ഞാൻ നൃത്തം പഠിക്കുന്നു. സിനിമാറ്റിക് ഡാൻസും എനിക്ക് അത്രമേൽ പ്രിയമാണ്. എന്റെ സ്വപ്നം, എന്റെ ഇഷ്ടം അത് യാഥാർഥ്യം ആകാൻ വേണ്ടിയാണ് എന്റെ അച്ഛനും അമ്മയും എന്നെ നൃത്തം പഠിക്കാനായി അയച്ചതും ഞാൻ പഠിച്ചതും. ഒരാൾക്കു വേണ്ടി ഞാൻ എന്തിന് എന്റെ സ്വപ്നങ്ങൾ മറക്കണം?”
“എന്ന് വെച്ചാൽ?”ശരത്തൊന്നു ഇടയിൽ കയറി ചോദിച്ചു.
“എന്ന് വെച്ചാൽ മറ്റൊന്നുമല്ല, ഞാൻ നാളെ കഴിഞ്ഞുള്ള യൂത്ത് ഫെസ്റ്റിവലിൽ ഡാൻസും ചെയ്യും. അടിച്ചുപൊളിക്കുകയും ചെയ്യും. അതിനു ശേഷം കൂടുതൽ മത്സരങ്ങളിൽ ഞാൻ അവസരം വന്നാൽ പങ്കെടുകയും ചെയ്യും. എനിക്കെന്റെ ചെറിയ ജീവിതം വെറുതെ പാഴാക്കാൻ കഴിയില്ല. മറ്റൊരാൾക്ക് വേണ്ടി എന്റെ സന്തോഷം ഇല്ലാതാക്കാൻ പറ്റില്ല. ശരത്തേട്ടനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ അതും പറഞ്ഞ് എന്റെ സ്വാതന്ത്ര്യം പൂട്ടി വെക്കാൻ പറ്റില്ലന്ന്. മനസ്സിലായോ. ഇനി ശരത്തേട്ടന് തീരുമാനിക്കാം. എനിക്ക് പിന്തുണ തരനൊന്നും ഞാൻ പറയില്ല. പക്ഷെ എന്റെ ഇഷ്ടങ്ങളിൽ തലയിടരുതെന്നു മാത്രം.
ഒരു കാര്യം കൂടി പറയട്ടെ. ഞാൻ ഒരു വളർത്തു മൃഗമല്ല, വാലാട്ടാനും അനുസരിക്കാനും. എന്നെ ഭരിക്കാൻ ഞാൻ ആരുടെയും വേലകാരിയുമല്ല. എനിക്ക് വേണ്ടത് അധികാരിയെയല്ല പങ്കാളിയെയാണ്, ആലോചിച്ച് മറുപടി പതിയെ പറഞ്ഞാമതി, നാളെയോ മറ്റന്നാളോ. മറ്റന്നാ എന്റെ ഡാൻസ് ഉണ്ട് ആരേലും വീഡിയോ എടുക്കുവാണേൽ അയച്ചുതരാം. ഓക്കേയെന്നാൽ.”
നീലിമ കാൾ കട്ട് ചെയ്തു. അവളുടെ മുഖത്തൊരു ഭാരമിറാക്കിയതിന്റെ ആശ്വാസം പ്രകടമായിരുന്നു.