ഇതും ഒരു ജീവിതമാണ്. അതിജീവനം ഇവരുടെയും ആവശ്യമാണ്. അവകാശമാണ്. പണ്ട് തള്ളിപ്പറഞ്ഞ പലരുടെയും മുന്നിൽ ജീവിച്ചു കാണിച്ച കൊടുത്തവരാണ് സജ്‌ന ഷാജി എന്ന ട്രാൻസ്‌ജെണ്ടർ വ്യക്തി.അതിനും മുമ്പ് പിച്ച തെണ്ടി നടന്ന ഒരു കാലം ഇവർക്കും ഉണ്ടായിരുന്നു. “വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ” എന്നൊരു ചോദ്യത്തിൽ നിന്ന് തുടങ്ങിയവരാണിവർ.
ഉണ്ടായിരുന്ന മുഴുവൻ സമ്പാദ്യവുമെടുത്തു (സർജറിയ്ക്ക് വെച്ച കാശു പോലുമിട്ട്) തുടങ്ങിയ സംരഭം. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസും നേടിയിട്ടുണ്ട്. അവരെക്കൊണ്ടാവും പോലെ അവരെക്കാൾ പാവങ്ങളെ പലരെയും സഹായിക്കുന്നുമുണ്ട്. കളമശ്ശേരി, കാക്കനാട്, ഹൈക്കോർട്ട്, ഇരുമ്പനം പരിസരങ്ങളിലാണ് ഇവർ ഭക്ഷണം വിൽക്കുന്നത്.ഒന്നും വേണ്ട, പിച്ച തെണ്ടാതെ അധ്വാനിച്ചു ജീവിക്കാനുള്ള സാഹചര്യം മാത്രം മതി അവർക്ക്.ഏറ്റവും സന്തോഷത്തോടെ അവർ അവരുടെ കഥ പറയുന്ന വീഡിയോ കണ്ടിട്ടുണ്ട്. ബിരിയാണിയും പൊതിച്ചോറും സമാധാനത്തോടെ, സംതൃപ്തിയോടെ ഉണ്ടാക്കി വിറ്റിരുന്നു ഒരിക്കലവർ. അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ഇന്നലെ ഏറ്റവും നിസ്സഹായയായി അവർ ചെയ്ത വീഡിയോയിലേയ്ക്കുള്ള ദൂരം എത്ര ചെറുതായിരുന്നു! വിറ്റു പോവാത്ത കുറെയേറെ ഭക്ഷണപ്പൊതികളും അടുത്തുണ്ടായിരുന്നു.
ഒരാളുടെ ജീവിതത്തിൽ മണ്ണ് വാരിയിടാൻ എത്ര എളുപ്പമാണല്ലേ? നിവൃത്തി കെട്ട് സഹായം ചോദിച്ച് ചെന്നപ്പോൾ എത്ര വേഗമാണ് അധികാരികൾ കൈയ്യൊഴിഞ്ഞത്. വമ്പിച്ച കാര്യങ്ങൾ ഒന്നും ചെയ്തു കൊടുക്കണ്ടായിരുന്നു. നിങ്ങൾ ഒന്ന് മനസ്സു വെച്ചാൽ എപ്പോഴേ തീർക്കാൻ പറ്റുന്ന പ്രശ്നമായിരുന്നില്ലേ ഇത്? എന്തെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കിൽ അവർക്ക് അടുത്ത ദിവസം പാചകത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള കാശെങ്കിലും ഒത്തേനെ.
അവരെ ഉപദ്രവിക്കാൻ മെനക്കെട്ട് നടക്കുന്നവരോടാണ്.നിങ്ങളുടെയൊക്കെ പോലുള്ള ഒരു സാധാരണ ജീവിതം കൊതിക്കുന്നവരാണവർ. നമുക്ക് എളുപ്പം കിട്ടുന്ന പലതും ഒരുപാട് അകലെയാണ് അവർക്ക്. ഒരു വീട്. ബന്ധുക്കൾ. സ്നേഹം. വിദ്യാഭ്യാസം. തൊഴിൽ. സമൂഹത്തിന്റെ അംഗീകാരം. സൗഹൃദം. ചേർത്തുനിർത്തൽ. ഇതൊക്കെ കൊതിയാണ് അവർക്ക്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെയിരുന്നു കൂടെ? വെറുതെ വിട്ടു കൂടെ? ഈ ഭൂമിയിൽ ഒരിത്തിരി സ്ഥലത്ത് അവരും അന്തസ്സോടെ ജീവിച്ചോട്ടെ. വിശക്കുന്ന വയറുകൾ നിറച്ചോട്ടെ. ഒന്ന് ചിരിച്ചോട്ടെ.