ഇതാ ഇവിടെ വരെ

ആരംഭം

ഇതെന്റെ ഭാഗമാണ്
മറുവശം താല്പര്യമില്ല
നാറുന്നെങ്കിലും,നീയുമൊരു പൂവാണ്
നീതിയുടെ വർണ്ണമറിയാം

കഥ

ദുരിത ചവർപ്പിറക്കാൻ
തുടങ്ങിയ സൗഹൃദം
കാലചക്രത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി
പ്രണയികളാക്കി, എന്നെയും അവളെയും.

മൂടുപടമഴിച്ചുവെച്ച് പരസ്പരം പൂക്കാലം
കാത്തിരുന്ന നാളുകളിൽ,അവളെനിക്കു
നൽകിയ തിരിച്ചറിവുകൾ പ്രേമം,കാമം,
ഒടുവിൽ ചതി.

സമാധാത്തിനായ് സ്നേഹിച്ചും,തുടർച്ചക്കായി നിലനില്പിന് സമ്മതം മൂളിയും,
അനുരാഗച്ചിറകിൽ പറന്നു ഞാൻ കണ്ട
ലോകം പകയുടേതാണ്.

ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണെറിഞ്ഞു
കൊളുത്തിയ അനന്തതയിൽ അതിഥിയായെത്തിയവൻ അവളെയും കൂട്ടി പറന്നു അകലേക്ക്.

അവസാനം

ഉള്ളിലെയാൺഗർവ്വെന്നെയുണർത്തിയപാടെ
അവളുടെ ചിറകരിയാൻ തുനിഞ്ഞു,
പിന്തുടർന്നെത്തി ഇതാ ഇവിടെ വരെ.

ക്ലൈമാക്സ്

ചിരി നിർത്തൂ
അവൾ ആ റോസായിലുണ്ട്
സമയമുചിതം
കാലം കാത്തു വച്ചത്
3..2..1
യ്യോ! രണ്ടു വിരലുകൾ.ആരാണിവർ?

അവർ ആ കൂട്ടത്തോട് പറഞ്ഞു
” കുട്ടികളെ
ഇതാണ് മലബാർ ബാൻഡഡ് സ്വാലോടെയിൽ
ശാസ്ത്രീയ നാമം പാപ്പിലിയണോയ്ടെ
അപൂർവ ഇനമാണ്”
ഇവരെങ്ങനെ എനിക്ക് പേരിടും?
എന്താണവകാശം?ആരു നൽകിയത്.

വിരലുകൾ മാറി മാറിയൊടുക്കം മോചനം.
അതാ ,ചെകുത്താൻമാർ!അവളെയും.
അഹങ്കാരികൾ,
എന്തൊരു അസഹിഷ്ണുതയാണിവിടെ.

ശവനാറി പൂക്കൾ പിന്നെയും ചിരിച്ചു,
ആരൊ തണ്ടൊടിക്കും വരെ തുടർന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here