മനസ്സ് പറയുന്നപോലെ ചെയ്യാൻ ഒട്ടും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് പ്രിയപ്പെട്ടവരുടെ അലങ്കരിച്ച പെട്ടിക്കരികിലെ നിൽപ്. സ്വയം മറന്നൊന്നു കരഞ്ഞാൽ ‘കരയല്ലേ’ എന്ന് ആശ്വാസമൊഴികൾ. എന്നാൽ മൗനമായി ഓർമ്മകളിൽ ആശ്വസിച്ചു നിന്നാലോ ‘ഒന്ന് കരയൂ’ എന്ന മനഃശാസ്ത്ര സമീപനം. ആരോ എന്നോ എഴുതി വച്ച ‘സംസ്കാര തിരക്കഥ’ ഒന്നാം തരമായി അഭിനയിച്ചു സന്ധ്യാനേരത്തു യാത്ര പറഞ്ഞു പിരിഞ്ഞവർക് കഷ്ടപ്പെട്ടൊരു ചിരിയും സമ്മാനിച്ച് തനിച്ചാകുന്നത് വരെ ഞാനെന്നെ മറന്നുപോയിരുന്നു. ഇനിയല്ലേ വേർപാടുമായുള്ള യഥാർത്ഥ യുദ്ധവും ഒടുവിലത്തെ സന്ധിക്കലും എല്ലാം.
പപ്പയുടെ തണുത്ത ശരീരത്തെ കണ്ണീരൊഴുക്കി ചൂടാക്കി പിന്നിരയിലേക്കൊളിച്ച പെങ്ങന്മാരുടെ കുശുകുശുപ്പിൽ നിന്ന് കേട്ട ചിലത് എന്റെ ചങ്കിലൊരു തുള വീഴ്ത്തി മറഞ്ഞിരിക്കുകയാണ്.
“കുടിച്ചും വലിച്ചും നേരത്തെ പോയില്ലേ, മോൾ പറഞ്ഞാലവൻ കേട്ടനെ..എങ്ങനെയാ അതിനു സ്നേഹമുണ്ടെങ്കിലല്ലേ.”
നാടകക്കാരന് കയ്യിൽ പുകയും ഉള്ളിൽ വെള്ളവും വേണമെന്ന എഴുതാനിയമം പപ്പയായിട്ട് തെറ്റിച്ചിട്ടില്ല. കലാകാരന്റെ വേർപാട് അവന്റെ സര്‍ഗാത്മകതയുടെ പീക് പോയിന്റിൽ ആയിരിക്കണമെന്ന് ഉദ്‌ഘോഷിച്ചവരാരും അവനു തെളിയാനിരുന്ന നാളെയുടെ രചനകളെ പറ്റി വേവലാതിപെട്ടതായി കണ്ടതുമില്ല.
‘തട്ടകത്തിന്റെ നഷ്ടം’ എന്ന് രണ്ടു ഫ്ലക്സ് അടിച്ചു തൂക്കി കൂട്ടുനാടകക്കാർ അനുശോചിച്ചു മടങ്ങി. ഒടുവിൽ എനിക്കവശേഷിച്ചത് ഒന്ന് തിരുത്തമായിരുന്നു എന്ന തിരുത്തിന്റെ കുത്തു മാത്രം.
സ്നേഹത്തെ പ്രായോഗികത നിർവചിക്കുന്നത് ഇങ്ങനെയാകാം. അപരനെ നന്മക്കായി തിരുത്തുന്ന സ്നേഹം. ഈ സ്നേഹവ്യാഖ്യാനം തലക്ക് പിടിച്ചു ഞാനുമൊരിക്കൽ ആവേശപൂർവം പുറപ്പെട്ടിരുന്നു; ഉപദേശിച്ചു നേരെയാക്കാൻ.
മനസ്സിൽ ഒരായിരം തവണ പറഞ്ഞു പഠിച്ചു ഒടുവിൽ പപ്പയുടെ അരികിലെത്തിയപ്പോൾ ആ കണ്ണുകളിൽ കണ്ടത് നിസ്സഹായതയായിരുന്നു. മക്കൾക്കായി ഒന്നും സമ്പാദിച്ചില്ലെന്ന നൈരാശ്യത്തിന്റെ തുള്ളികൾ തുളുമ്പാൻ വെമ്പി നിൽക്കുന്നു. കഴിഞ്ഞില്ല ഒന്നും.
അരങ്ങിൽ ആയിരങ്ങൾ വാഴ്ത്തിയ ജ്വലിക്കുന്ന ആ കണ്ണുകൾ നനയുന്നത് താങ്ങാൻ എനിക്കാവില്ല. വാക്കുകൾ തൊണ്ടയിൽ തന്നെ തോറ്റു മടങ്ങി. മൗനവും സ്നേഹമാണെന്നു ആരെങ്കിലും നിർവചിച്ചിരുന്നെങ്കിൽ….വാചാലയാകുന്നതിനുമപ്പുറം മധുരം പപ്പയുടെ ചിരികൾക്ക് കൂട്ടിരിക്കുന്നതിലാണെന്നു തോന്നി; കൈവിട്ടു പോകുമെന്നറിഞ്ഞിരുന്നെങ്കിലും. നീതിയുടെ കോടതിയിൽ സ്വാർത്ഥയെന്ന വിധി വരുമോയെന്നറിയില്ല. എങ്കിലും ഒന്നെനിക്കറിയാം, തന്നെ താനായി കണ്ടു, ഉപദേശിക്കാതെ കൂടെയിരുന്ന മോൾടെ മുഖത്തേക് നോക്കിയാ പപ്പാ അവസാനമായി ചിരിച്ചത്..!