ഒടുങ്ങാപുരാണങ്ങൾ കേളികൊട്ടിയാടിയതിൻ-
-മുന്നിൽ എണ്ണ കുടിച്ചു തീർത്ത
ആട്ടവിളക്കിന്റെ ശോഭക്കെട്ട തിരിയിലെ
പുകച്ചുരുളുകൾ കാറ്റിൽ നേർത്തലിഞ്ഞുപോയ്
വഴിയമ്പലത്തിൻ ആളില്ലാ ചെറുവരമ്പിൽ
പടകാളി തേർവാഴ്‌ച്ചക്കായ് നടന്നകന്നു.
പരകായം തേടിയലഞ്ഞ പേയും പ്രേതവും
ചുടല തേടിയ നിര്യാതിപ്പിടിയിലമർന്നൊച്ചവെച്ചു
മുറുക്കാൻ കറപിടിച്ച പല്ലിളിച്ചു കാട്ടി
കുനിഞ്ഞും നിവർന്നും കുലുങ്ങിയും
യക്ഷികൾ ചെട്ടിച്ചിപ്പൂച്ചൂടി തീരാദാഹം പേറിയ
വീർത്ത മടിക്കുത്തുകൾക്കായ് കാത്തിരുന്നു.
തമ്മിൽ കെട്ടിവരിഞ്ഞുപ്പുണർന്നു രമിച്ച
നാഗങ്ങളിലൊന്നു വിരഹിച്ചു; ഇണയെയിരയാക്കി
ഫണം വിടർത്തിയെങ്ങോ മറഞ്ഞു.
മാർജാര നഖവും പല്ലും പേടിക്കാതെ
മൂഷികനെച്ചിൽക്കൂനയിലെന്തോ പരതി.
കരഞ്ഞു കലഹിച്ചു കവിളിൽ കല്ലുപ്പ് നക്കി
ഒട്ടിയ വയറുമായ് മാടത്തിൻ മക്കൾ തളർന്നുറങ്ങി.
അത്താഴപഷ്ണിക്കാരെ കാത്തു പടിപ്പുരകോലായിൽ
വെള്ളമൊലിച്ച വളിച്ച ചോറിൽ കണ്ണിട്ട്;
തീയും തിരിയും കെട്ട ഗതിയില്ലാ മൂർത്തികൾ
പടച്ചോറിൻ നേദ്യം പോലെ പങ്കിട്ടു പശ്ശി മാറ്റി.
മോക്ഷമകലെയെന്ന് അറിഞ്ഞിട്ടും
ഉൾക്കനം ശമിപ്പാൻ ചെയ്ത
തർപ്പണത്തിന്റെ കാകൻ അറച്ചു
വെറുത്തയെള്ളും ചെറൂളയും
കൂട്ടിയുരുട്ടിയ ബലിച്ചോറിൽ
ചൊറി പൊട്ടിയൊലിച്ച ശുനകന്റെ
നാവിൻ തുമ്പിലെ തീർത്ഥം കിനിഞ്ഞു.
മുഖം മറഞ്ഞ ഇരുട്ടിൻ ബീജം പേറി
നിറവയറിലരവയറായി
പ്രാകാൻ മറന്ന ഭ്രാന്തി
പേറ്റുനോവിൽ പുളഞ്ഞു.
മുലപ്പാലിന്റെ മധുരം കൊതിച്ച
നിലവിളി മണ്ണിൽ പതിഞ്ഞു.
ഇനിയും തീരായാത്രയുടെ തന്ത കരിമ്പടം പുതച്ചു
തെക്കിനിപ്പടിയിൽ പുകച്ചു കുരച്ചു കഫം തുപ്പുന്നു..
കഫം നുണഞ്ഞു പറന്നയീച്ച
കഴുക്കോല് കണ്ട കഞ്ഞിയിൽ വീണു
സനാതനധർമസ്മാരക ശിലയായി..
വരണ്ട മണ്ണിൽ കിളിർത്ത
കള്ളിചെടിയുടെ മുള്ളിൽത്തട്ടി
കിനിഞ്ഞയെൻ രക്തം വീണ മണ്ണിൽ
വീണ്ടും തീരാസൃഷ്ടികൾ
പിറക്കാൻ ചൊടിക്കുന്നു.
ഒടുവിൽ പൈദാഹം മാത്രം ബാക്കി..
പശ്ശിമ മറന്ന മണ്ണ്
മുകിലിനോട് കടം ചോദിച്ചു
ഒരു നീർതുള്ളിയെങ്കിലും…
പ്രേമ-കാമത്തിന്റെ രേതസ്സോ,
കനിവിന്റെ കണ്ണീരോ,
അതോ തിരസ്കാരത്തിന്റെ കാർക്കിച്ച തുപ്പല്ലോ,
ഭേദമില്ലാതെ കടം കൊള്ളാൻ
ദാഹിച്ചു നില്കുന്നു…
ഒരു ചെറു നീർക്കണത്തിനായ്..
ശവദാഹ ധൂമം പേറി
പശ്ശി മാറ്റിയ വീണ്ണിൻ കീഴിൽ
പൈദാഹം മാത്രം ബാക്കി..