അപ്പുമണി സ്വാമികളുടെ മരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരില്‍ രാമന്‍മാഷും ഉള്‍പ്പെടുന്നു. ആശ്രമിക്കുന്നന്നടുത്ത് ലക്ഷങ്ങള്‍ മുടക്കി ലോഡ്ജ് പണിതതും മൂന്നാല് ഓട്ടോറിക്ഷകള്‍ വാങ്ങിയിട്ടതുമൊക്കെ വെറുതെയായിരിക്കുന്നു. സ്വാമികളില്ലാത്ത ഈ കുഗ്രാമത്തില്‍ ഇനി ഒരു ലോഡ്ജിന്റെ ആവശ്യമെന്താണ്?
“ഓടുന്നസ്വാമിക്ക് ഒരു മുഴം മുമ്പേ’ എന്നാണ് സഹപ്രവര്‍ത്തകര്‍ രാമന്‍ മാഷുടെയും ലോഡ്ജിന്റെയും വിശേഷിപ്പിച്ചത്.
ഇരുപത്തിനാലു മുറികളുള്ള ‘സ്വാമികൃപ’ ലോഡ്ജ് രാമന്‍ മാഷിനെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. മാഷിന്റെ മാസശമ്പളത്തേക്കാള്‍ കൂടുതലായിരുന്നു ലോഡ്ജില്‍ നിന്നുള്ള വരുമാനം. മൂന്നാമൊതൊരു നിലകൂടി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു മാഷ്.
പന്ത്രണ്ടു മുറികളുള്ള മൂന്നാം നിലയുടെ പ്ലാനും എസ്റ്റിമേറ്റും മാഷ് ബാങ്കിലേയ്ക്കുപോകാനൊരുമ്പോഴായിരുന്നു സ്വാമികളുടെ മരണവാര്‍ത്ത അറിയുന്നത്. ഉമ്മറത്തെ ചാരുകസേരയിലേക്കു ചരിഞ്ഞ മാഷ് മൂന്നാലുമണിക്കൂറുകളോളം അതേ കിടപ്പു കിടന്നു.
രാജലക്ഷ്മി ടീച്ചര്‍ ഭഗവത്ഗീതയ്ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി രാമന്‍ മാഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്നും ഒരു സൂര്യനസ്തമിക്കുമ്പോള്‍ ആയിരം നക്ഷത്രങ്ങള്‍ ഉദിക്കുമെന്നും മറ്റുമുള്ള ടീച്ചറുടെ സാരോപദേശങ്ങള്‍ നാഴികകളോളം നീണ്ടുപോയി.
ഉപദേശം നിര്‍ത്തി ടീച്ചര്‍ അടുക്കളയിലേക്കു പോയപ്പോള്‍ രാമന്‍ മാഷ് പതുക്കെ ഒന്നു നിവര്‍ന്നിരുന്നു. മൂന്നാം നിലയുടെ പ്ലാനും കാര്യങ്ങളും അപ്പോഴും മാഷുടെ കൈയില്‍ തന്നെ ചുരുണ്ടു കിടന്നിരുന്നു.
നാലുമണിയോടെയാണ് രാമന്‍ മാഷ് ആശ്രമത്തിലെത്തിയത്. അവിടം ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. പ്രഭാഷണമണ്ഡപത്തില്‍ ദര്‍ശനത്തിന് വെച്ച സ്വാമികളുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മാഷ് വേഗം ലോഡ്ജിലേയ്ക്കുചെന്നു.
“ഇന്നിപ്പോള്‍ ആയിരം മുറികളുണ്ടെങ്കിലും മതിയാവില്ല മാഷേ.”
മാഷെ കണ്ടതും കാര്യസ്ഥന്‍ ഗോപാലന്‍ ഓടിവന്നു പറഞ്ഞു.
“നാളെയോ?” – മാഷ് ഒരു നിമിഷത്തെ മൗനത്തിനൊടുവില്‍ ചോദിച്ചു.
“നാളെ…” ഗോപാലന്‍ ഒന്നു പതറി.
സ്വീകരണമുറിയിലെ സ്വാമികളുടെ ഛായാചിത്രത്തിലേയ്ക്കുനോക്കി രാമന്‍ മാഷ് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.