കാറ്റിനൊത്തു തൂറ്റാനും ഒഴുക്കിനൊത്തു നീന്താനുമറിയുന്ന പ്രായോഗികബുദ്ധികളാണ് മനുഷ്യർ. മരവും മരംകേറിയും മനുഷ്യരുമൊക്കെ അതിജീവനത്തിന്റെ സ്വാർത്ഥതമുറ്റിയ ഘോരസമരങ്ങളിൽ ഏറ്റുമുട്ടുന്നതിന്റെ അനുനിമിഷ സാക്ഷ്യമാണ് പ്രകൃതിജീവിതം. കേമനായ ശത്രുവിനെതിരെ ഒന്നിച്ചുനിന്നു പോരാടാൻ സമൂഹജീവിതം തിരഞ്ഞെടുത്തതും ഒരു സ്വാർത്ഥത തന്നെയല്ലേ? മഹാമാരിയോടു മല്ലിടാൻ മാഹേശ്വരനും പോരെന്നു തോന്നുമ്പോൾ മഹാക്ഷേത്രങ്ങളും അടച്ചിടുന്ന പ്രായോഗികബുദ്ധി. ‘നമുക്ക് കോവിഡിനൊപ്പം ജീവിക്കാം.’ എന്നൊരു മുദ്രാവാക്യം ഉയർന്നു വരുന്നതും അത്തരമൊരു പ്രായോഗികബുദ്ധിയിൽ നിന്നാണ്.
രാജകോപത്തിനു ഇരയായാണ് അയ്യാട്ടുമ്പിള്ളിയിലെ വലിയ കാരണവർ കൊല്ലപ്പെടുന്നത്. മനുഷ്യശരീരത്തിന്റെ ആകൃതിയിൽ പണിതെടുത്ത ഇരുമ്പുകൂട്ടിൽ, കൈമെയ്യ് അനക്കാനാവാതെ, മാലോകരൊക്കെ കാണ്കെ മാമരത്തുഞ്ചത്തു കെട്ടിത്തൂക്കിയ അയാൾക്ക് തിന്നാനും കുടിക്കാനും കൊടുത്തില്ലെന്നു മാത്രമല്ല തൂറലും മുള്ളലും നിന്നനില്പിൽ തന്നെ മതിയെന്നും നിശ്ചയിച്ചു നാടുവാഴുന്ന തമ്പുരാൻ. ആർത്തിപൂണ്ടു വന്ന കഴുകന്മാരെയും, ആർത്തിയറ്റവരുടെ ലോകത്തേക്ക് ആനയിക്കാൻ അക്ഷമപ്പെട്ടു കാത്തുനിന്ന യമലോകദേവനെയും, വൃഥാശൗര്യത്തോടെ ‘ഫോ’ ‘ഫോ’ പറഞ്ഞാട്ടി ഇരുപത്തിയേഴു ദിവസം അതിജീവിച്ച അയാൾ കൊടുംപട്ടിണിയിലും സ്ഥലജല വിഭ്രാന്തിയിലും മരണത്തിനു കീഴടങ്ങുന്നത് അത്രയും ഉജ്ജ്വലമായാണ് സുഭാഷ്ചന്ദ്രൻ പറഞ്ഞിരിക്കുന്നത്.
രാജകോപത്തിന്റെ തീക്കണ്ണേറ്റു വാങ്ങിയ ഹതഭാഗ്യരുടെതു കൂടിയാണ് മനുഷ്യചരിത്രം. സ്നാപകയോഹന്നാനും, യേശുദേവനും, സോക്രട്ടീസും, മാർട്ടിൻ ലൂഥർ കിങ്ങും, നെൽസൺ മണ്ടേലയും ഗാന്ധിജിയും.. കക്കയം ക്യാമ്പിൽ പോലീസിന്റെ പേശിബലത്തിനും നവീന പീഡനമുറകൾക്കും ഇരയായി കൊല്ലപ്പെട്ട രാജൻ അത്തരമൊരു രാജകോപത്തിന്റെ ഇരയാണ്. പുകൾപെറ്റ ധീരദേശാഭിമാനികൾ രാജ്യത്തെ ഒറ്റുകൊടുത്തു കാശുവാങ്ങുന്നതിന്റെ പിന്നാലെ ഒളിക്യാമറയുമായി നടന്ന തെഹൽക്ക തേജ്പാലിന്റെ നേർക്കും രാജകോപത്തിന്റെ തീക്കണ്ണുകൾ നീണ്ടു. എത്രയോ വർഷങ്ങൾക്കു ശേഷവും അദ്ദേഹത്തിന്റെ പിന്നാലെ ഒളിഞ്ഞും പതുങ്ങിയും നടന്നു പിടികൂടി കൽതുറുങ്കിൽ അടച്ച ശേഷമേ രാജകോപം ശമിച്ചതുള്ളൂ. ധീരദേശാഭിമാനികളിൽ ഒരാൾ പോലും കൽതുറുങ്കിൽ പോയതായി പിന്നീടു എപ്പോഴെങ്കിലും നാമാരും കേട്ടതുമില്ല. മാനന്തവാടിയിലെയും മറയൂരെയും മന്നാന്മാരോട് മറുഭാഷ പറഞ്ഞെന്നു പറഞ്ഞാണ് പാവം മാവോയിസ്റ്റിനെ കാടിളക്കി ഓടിച്ചിട്ടു പിടിച്ചത്. ഈജിയൻ തൊഴുത്തു വൃത്തിയാക്കിയെ അടങ്ങൂവെന്നൊരു ശാഠ്യബുദ്ധിയോടെ അരങ്ങിലെത്തിയ ഐ എ എസ് ഓഫീസറെ അടുത്തൂൺ പോലും നൽകാതെ പറഞ്ഞു വിട്ടതും സമീപകാല രാജകോപത്തിന്റെ സാക്ഷ്യം. പൗരത്വബില്ലും മറ്റൊരു രാജകോപമാണ്: ഒരു കൂട്ട അനഭിമത്വം; ഭ്രഷ്ട്ട് കൽപ്പിക്കൽ; ഊരുവിലക്ക്.
സോളാറിന്റെ ഉഗ്രകിരണങ്ങളേറ്റു ഉമ്മൻചാണ്ടി ഉടൽതളർന്നു വീഴുന്നതും ഉറ്റുനോക്കിയിരുന്നു നാം. ഒന്നുമുണ്ടായില്ല. അദ്ദേഹം രാജപ്രീതിക്കു പാത്രമായി. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും നിഷ്കളങ്കർ. അവരെ വഴിതെറ്റിക്കാൻ ശ്രമിച്ച കുറ്റത്തിന് ബിജുവിനെയും സരിതയെയും നാൽക്കവലയിലെ മുക്കാലിയിൽ കെട്ടി നാനൂറ്റിയൊന്നടിയും കൊടുത്തു നാടുകടത്താനും രാജകല്പനയായി. സ്വതേ മനമലിവുള്ളവനാണു മാണിക്കോത്ത് മാണിക്യമായ മാണിച്ചായൻ. മാലോകർക്കു നന്മവരട്ടെയെന്നു കരുതി അദ്ദേഹം ബഡ്ജറ്റ് ചോർത്തിയത് ഒരു അഴിമതി ആരോപണമാക്കി (രാജ്യദ്രോഹമല്ല?!) വിസ്തരിക്കാൻ അദ്ദേഹത്തെ കയറ്റി നിർത്തിയ കൂട്ടിന്റെ തൊട്ടപ്പുറത്തെ കൂട്ടിൽ പാവം മാവോയിസ്റ്റും നിൽപ്പുണ്ടായിരുന്നു. നൃപനീതിക്കു തെറ്റിയില്ല: മനിതർ മാണിക്യം മാണിച്ചായൻ നാട്ടുക്ക് നല്ലവൻ. കവിളത്തൊരുമ്മയും കൊടുത്തു പറഞ്ഞുവിട്ടു അദ്ദേഹത്തെ. മാവോയിസ്റ്റിനെ വെളിച്ചം കയറാത്ത കൽഗൃഹത്തിലേക്കയക്കാനും രാജശാസനം വന്നു.
അഴിമതിയെക്കുറിച്ചാണ് നമ്മൾ എപ്പോഴും ഉത്ക്കണ്ഠപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിജീവനത്തിനായി സമൂഹജീവിതം തിരഞ്ഞെടുത്തപ്പോൾ അഴിമതിയും ഒപ്പം കൂടിയിരിക്കണം. ചുട്ടൊരുക്കിയ വലിയൊരു അപ്പമാണ് പ്രകൃതിയെങ്കിൽ അത് വീതംവച്ചു കഴിക്കാനുള്ളൊരു ഉടമ്പടിയല്ലേ സമൂഹജീവിതം? ആരു കൂടുതൽ കഴിച്ചാലും മറ്റെയാൾക്കു കുറയും. മറ്റെയാളുടെ നിലനിൽപ് അപകടപ്പെടും. അങ്ങനെ അഴിമതിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ നിലനിൽപ്പിനെക്കുറിച്ചുള്ള ഉത്കണ്ഠകളും ആയി. അഴിമതി സ്വാർത്ഥമാണ്. അതേക്കുറിച്ചുള്ള ഉത്കണ്ഠകളും ഒപ്പം സ്വാർത്ഥമാകാതെ വയ്യ!
നാടോടി സമ്പാദിച്ചില്ല. നാടോടി നഗരവാസിയായപ്പോഴായിരിക്കണം സമ്പാദ്യവും തുടങ്ങിയത്. നാളെക്കുള്ള കരുതൽ. ക്ഷാമകാലത്തേക്കും ആക്കമില്ലാതെ വരുന്നൊരു കാലത്തേക്കുമായുള്ളൊരു കരുതൽ. ഒരാൾ എത്ര സമ്പാദിക്കണം? ആറടി മണ്ണു മതി എന്നു ടോൾസ്റ്റോയി. അതാരും മുഖവിലക്കെടുത്തില്ല. ഉത്തരം കിട്ടാത്തൊരു ചോദ്യമായി അതിന്നും തുടരുന്നു. മരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തന്നെയാകണം സമ്പാദ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും കാരണം. മരിക്കുന്നതിന്റെ തൊട്ടു തലേന്നും, തന്റെ അവകാശാധികാരങ്ങളിൽ കൈകടത്തുന്ന മറ്റൊരു നേതാവുമായി വലിയവായിൽ വഴക്കിടുന്ന പാർട്ടിയുടെ സ്ഥാപക നേതാവിന്റെ ദൃശ്യം എത്ര സമ്പാദിക്കണം എന്നതിനെക്കുറിച്ചു നമുക്കുള്ള ധാരണക്കുറവ് വ്യക്തമാക്കുന്നു. കൂടുതൽ സമ്പാദിക്കുന്നവൻ കൂടുതൽ കേമനെന്നാണ് നമ്മൾ കരുതുന്നത്. അങ്ങനെ നമ്മൾ സമ്പാദിച്ചു തുടങ്ങി. സമ്പാദ്യമാണ് ജീവിതലക്ഷ്യമെന്നു വന്നു. ‘എന്റെ കാലശേഷം മക്കൾക്കും അവരുടെ കാലശേഷം വീണ്ടും എനിക്കും.’ എന്നു വിൽപത്രം തയ്യാറാക്കിയ കുടുംബക്കാരണവരെക്കുറിച്ചുള്ള ഫലിതം, ഒരു കേവലഫലിതത്തിനപ്പുറം സമ്പാദ്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയുടെ പ്രതിഫലനം തന്നെയായി. അങ്ങനെ സമ്പാദ്യം വെട്ടിപ്പിടുത്തങ്ങളും കൈയ്യടക്കലുകളും അധിനിവേശങ്ങളും അധികാരസ്ഥാപനങ്ങളുമായി. അളന്നു നിറച്ചൊരു പാത്രത്തിൽ നിന്നു ഒരാൾ എത്ര കൂടുതൽ എടുക്കുന്നോ അത്രകണ്ടു മറ്റുള്ളവർക്ക് കുറയും. അതവരെ അപകടപ്പെടുത്തും. സമ്പാദ്യവും അങ്ങനെ തന്നെയല്ലേ? സമ്പാദ്യം ഹിംസയും വലിയ സമ്പാദ്യക്കാരൻ വലിയ ഹിംസകനുമായി.
കനകവിഭൂഷയായ കാമിനി കാലാകാലമായ കവികല്പനയാണ്. നാടോടി നാഗരികനായപ്പോൾ രണ്ടും സ്വകാര്യസ്വത്തായി. കനകവും കാമിനിയും കയ്ക്കുമെന്നും കവി തന്നെ പറഞ്ഞതും ഇക്കാലത്തായിരിക്കണം. തന്റെ സമ്പാദ്യം കനപ്പെടുത്താൻ അപരന്റെ കൈയ്യിലെ കനകത്തിലും കാമിനിയിലും ഒളികണ്ണിടുന്നവനെ കണ്ടാവും കവി അങ്ങനെ പറഞ്ഞത്. ‘ആൾക്കൂട്ടവും ആഘോഷവുമില്ലെങ്കിലും വിവാഹം എനിക്ക് സുദിനമാണെ’ ന്നു കാലത്തിനൊപ്പിച്ചു തന്റെ പരസ്യതന്ത്രങ്ങൾ മാറ്റി നമ്മെ മാറാൻ അനുവദിക്കാത്ത കനകവ്യാപാരി. കനകവും കാമിനിയും തേടി തെങ്ങിൽ കയറുന്ന ശങ്കരനെ നോക്കി , ‘ശങ്കരൻ വീണ്ടും തെങ്ങിലെന്നു’ പഴമക്കാർ പറഞ്ഞു. അപ്പറഞ്ഞത് മനുഷ്യന്റെ സഹജവാസനകളെക്കുറിച്ചുള്ള അർത്ഥവത്തായ ചൊല്ലായി തീർന്നു. കനകം കടത്തുന്നവരെക്കുറിച്ചു നാം അസഹിഷ്ണുക്കളാകുന്നു. ബകന്റെ വായും വയറുമായി നിൽക്കുന്ന നമുക്ക് വേണ്ടിയാണ് വിമാനത്താവളങ്ങളുടെ അതിസുരക്ഷാനാട്യങ്ങളെയും മറികടന്നു അവർ നിത്യേനയെന്നോണം കനകവുമായി എത്തുന്നത്! നമ്മുടെ വായും വയറും നിറഞ്ഞാലെ അവർക്ക് അപ്പണി നിർത്താനാവൂ! പ്രശ്നവും പരിഹാരവും നമ്മൾ തന്നെയായ ഒരു പ്രശ്‌നോത്തരി!
ഉമ്പർക്കോനൊത്തവനായിരുന്നു ദുര്യോധനൻ. ഗംഭീരൻ. പ്രതാപി. കടുത്ത പാണ്ഡവവിരോധവും അസഹിഷ്ണുതയുമായി രുന്നു അദ്ദേഹത്തിന്. രാജ്യക്ഷേമവും പ്രജാക്ഷേമവും മറന്നു ഖജനാവ് മുഴുവൻ കാലിയാക്കി അദ്ദേഹം ആയുധങ്ങൾ വാങ്ങിക്കൂട്ടി.
കുരുക്ഷേത്രയുദ്ധാന്ത്യം അനേകായിരം ജീർണ്ണജഡങ്ങൾക്കിടയിൽ ഒരു ജഡം മാത്രമായി കിടക്കുന്ന ദുര്യോധനനിലേക്കു മഹാകവി കൈചൂണ്ടുന്നു. യുദ്ധം വിനാശമാണെന്നും വ്യർത്ഥമാണെന്നും അദ്ദേഹം നമുക്കു കാണിച്ചു തന്നു. പിന്നീടും ലോകത്തു അനേകായിരം യുദ്ധങ്ങൾ നടന്നു. അലക്സാണ്ടറും, ഓട്ടോമൻ ചക്രവർത്തിമാരും, നെപ്പോളിയനും, ടിപ്പുവും, ഹിറ്റലറും, മുസ്സോളിനിയും, സദ്ദം ഹുസൈനും.. ലക്ഷങ്ങൾ മരിച്ചു. കോടാനുകോടിയുടെ ദ്രവ്യനാശം വന്നു.
നിലമറക്കരുതെന്നും തലമറന്നു എണ്ണ തേക്കരുതെന്നും പഴമക്കാർ പറഞ്ഞു.
ദുര്യോധനൻ പ്രായോഗികത കുറഞ്ഞവനായിരുന്നിരിക്കണം. ജീവിതത്തിന്റെ പ്രസന്നതയും ഉന്മേഷവും അര്ഥവും അറിയാതെ പോയയാൾ.നിലമറന്നയാൾ; തല മറന്നു എണ്ണതേച്ചയാൾ. അയ്യാട്ടുമ്പിള്ളിയിലെ കാരണവർക്കും പ്രായോഗികത കുറവായിരുന്നിരിക്കണം. അയാൾ രാജ്യദ്രോഹമോ, അഴിമതിയോ, കളവോ, കൊലയോ, പെണ്ണുപിടിയോ എന്തു തന്നെ ചെയ്തിരിക്കട്ടെ, ‘വഞ്ചി ഭൂപതെ..’എന്ന രാജഭക്തി ശ്ലോകം ഈണത്തിലും താളത്തിലും പാടാൻ പഠിക്കണമായിരുന്നു.
നാം മുൻപു കണ്ടവരും ഇത്തരത്തിൽ പ്രായോഗികത കുറഞ്ഞവരാണ്. നാടു നന്നാക്കാനെന്നു പറഞ്ഞു നടപ്പില്ലാത്ത കാര്യങ്ങളുടെ പിന്നാലെ നടന്നു കാലുതേഞ്ഞവർ. ജീവിതം കളഞ്ഞവർ.
“സമവായ’ മെന്നാൽ സമത്തിൽ തുറന്നു പിടിച്ച വായ്കൾ എന്നാണോ? നമ്മുടെ രാജ്യപാലകരും രാഷ്ട്രീയക്കാരുമൊക്കെ ഇന്ന് സമവായത്തിലാണ്. അവർ തങ്ങളുടെ വായ് സമമായി തുറന്നു പിടിക്കുന്നു. അധാനിജി അവയിലേക്ക് അളവു വ്യത്യാസങ്ങളേതുമില്ലാതെ യഥേഷ്ടം നിറയ്ക്കുന്നു. കളിക്കാരും കളി നിയന്ത്രിക്കുന്നവരും സന്തുഷ്ടർ.
‘പായസത്തിലെയീ പുളിയാണെനിക്കിഷ്ട ‘ മെന്നു പറഞ്ഞ
കുഞ്ചൻ നമ്പ്യാർ തികഞ്ഞ പ്രായോഗിക ബുദ്ധിക്കാരനായിരുന്നു. പ്രായോഗികബുദ്ധിക്കാരുടെ ലോകമാണിത്. മരവും മരംകേറിയും മനുഷ്യരുമെല്ലാം അതിജീവനത്തിന്റെ ഘോരയുദ്ധങ്ങളിൽ അനുനിമിഷം ഏറ്റുമുട്ടുന്നുണ്ട് എന്നറിയുന്നവരുടെ ലോകം. പ്രകൃതിജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും അർത്ഥമറിഞ്ഞവരുടെ ലോകം. നാടോടുമ്പോൾ നടുവേ ഓടണമെന്നറിഞ്ഞവരുടെ ലോകം. കളിയിലല്ല ഒത്തുകളിയിലാണ് കാര്യം എന്നറിഞ്ഞവരുടെ ലോകം. കാലത്തിനൊത്തു കോലം കെട്ടണമെന്നും പഴമക്കാർ പറഞ്ഞിട്ടുണ്ടു. ഇപ്പോഴും കാണികൾ മാത്രമായി തുടരുന്ന നമ്മെക്കുറിച്ചായിരിക്കുമോ അങ്ങനെ പറഞ്ഞത്? മത്സരലോകത്തു നമ്മളും മാറേണ്ടതില്ലേ; കാണികളെന്ന നിലവിട്ടു കളിക്കാരും ഒത്തുകളിക്കാരുമൊക്കെ ആകേണ്ടതില്ലേ? നമുക്കും സമവായികളാകാം. അവർക്കൊപ്പം വായ് തുറന്നു പിടിക്കാം. ‘ജയ് അദാനിജി ‘ എന്നു പറയാൻ നാവിനെ പരിശീലിപ്പിക്കാം. പ്രായോഗികബുദ്ധികളാകാം.
എന്തും,ഏതും സ്വന്തമാക്കുവാനുള്ള അനിയന്ത്രിതമായ വ്യഗ്രതയാണ് ഏതൊന്നിന്റെയും ആദികാരണം. അതാവട്ടെ ജീവിവർഗ്ഗങ്ങളുടെ മൂലസ്വഭാവമാണുതാനും. പരിണാമത്തിന്റെ ഉത്കൃഷ്ട പടി എന്ന് കരുതപ്പെടുന്ന മാനവജാതിയിലാകട്ടെ ഈയൊരു സ്വഭാവവിശേഷം അതിന്റെ പരമൊന്നതിയിൽ കാണപ്പെടുന്നു. തനിക്കു ചുറ്റുമുള്ള ഏതൊന്നിനെയെയും തന്റെ ആഗ്രഹപൂർത്തീകരണത്തിന് ഉപയുക്തമാക്കാനുള്ള അസാധാരണമായൊരു വൈഭവം അവൻ എന്നും പ്രകടിപ്പിച്ചുപോന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം ചരിത്രത്തിലുടനീളം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനെതിരെ നീന്തിക്കയറിയവർ ഇല്ലാതില്ല എന്ന വസ്തുത അംഗീകരിക്കാമെങ്കിലും അവസാന കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ അവറ്റകളുടെ സാന്നിധ്യം മനഃപൂർവം മറന്നുകളയുവാനുള്ള ബോധപൂർവമായൊരു ശ്രമം ഗുണത്തേക്കാളുപരി എണ്ണത്തിന് പ്രാധാന്യം നൽകുന്ന വികസിത സമൂഹം നടത്തുന്നുണ്ട് എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഭൗതികതയോടുള്ള അടങ്ങാത്ത പ്രണയം താൽക്കാലികമായെങ്കിലും കൈയ്യൊഴിഞ്ഞു മൂല്യബോധത്താൽ (അങ്ങനെയൊന്ന് ഇല്ലായെന്നുള്ള വാദഗതികളോട് ക്ഷമ ചോദിക്കുന്നു ) നയിക്കപ്പെടുന്നൊരു സമൂഹമെന്ന സ്വപ്നം എന്നെങ്കിലും യാഥാർഥ്യമാകുമോ ? ഇല്ലായെന്നുള്ളതാണ് മറുപടി കാരണം അത്തരമൊരു വീക്ഷണം ഒരു മൂടുപടത്തിൻ കീഴിൽ മാത്രമേ പുലർത്താനാവുകയുള്ളൂ. റോൾസ് പറഞ്ഞതുപോലെ അജ്ഞതയുടേതായൊരു മൂടുപടം.