ശരിയും തെറ്റും

”ങാ മോളീ.. ശരീരമനങ്ങാതെ കിടന്നോ ഞാന്‍ ഒരിടം വരെ പോയിട്ടു വരാം”
തോമസ് പറഞ്ഞു.
” എവിടെയാ പോണെ ”? മോളിയുടെ ചോദ്യം.

”അത് പിന്നെ ആന്‍സനെ ഒന്നു കാണാന്‍”

”ങേ എന്തിനാ ആന്‍സണെ കാണുന്നെ? എന്റെ ചികിത്സക്കായി നാടൂ മുഴുവന്‍ നടന്ന് കടം വാങ്ങിയത് പോരാഞ്ഞ് ഇപ്പോ അവനടുത്തും പോയി കൈനീട്ടാന്‍ പോവാ? കല്യാണത്തിനു ശേഷം ഒരു പ്രാവശ്യമെങ്കിലും അവന്‍ നമ്മളെ വന്നു കണ്ടിട്ടുണ്ടോ? എനിക്കു വേണ്ടീ നിങ്ങള്‍ കടം കൊണ്ടതു മതി. ഇനീം കുറച്ചു നാളത്തേക്കു മാത്രം മരുന്നും മന്ത്രോം കൊണ്ട് എന്റെ ജീവന്‍ പിടിച്ചു നിറുത്തീട്ടെന്തു കാര്യം? എന്തായാലും ആന്‍സനെ കാണാന്‍ പോവേണ്ട” മോളി തറപ്പിച്ചു പറഞ്ഞു.

”അങ്ങനല്ല മോളി എനിക്കും മക്കള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു നീ. നിന്നെ എളുപ്പം മരണത്തിനു വിട്ടു കൊടുക്കാന്‍ ആവില്ല. നിനക്കു വേണ്ടി എന്തും ചെയ്തെ പറ്റു എറണാകുളത്തു പോയി ആന്‍സനെ കണ്ടിട്ട് ഉടനെ വരാം നീ മനസു വിഷമിപ്പിക്കാതിരി”

പറഞ്ഞ ശേഷം പെട്ടന്ന് തോമസ് മുറിയില്‍ നിന്നിറങ്ങിപ്പോയി. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രണയ വിവാഹം ചെയ്ത ശേഷം എറണാകുളത്ത് താമസമാക്കിയ ആന്‍സന് അവിടെ അമ്മായി അപ്പന്റെ വക സ്വന്തം ഹോട്ടല്‍ ഏറ്റെടുത്തു നടത്തുകയാണ്. നല്ല വരുമാനവും കാറും ഫ്ലാറ്റും ഒക്കെയായിക്കഴിഞ്ഞു. സുഖ സൗകര്യങ്ങളുടെ നടുവിലാണു ജീവിതം.

”അല്ലാ അപ്പനോ വരു അപ്പാ”

അപ്രതീക്ഷിതമായി പിതാവിനെ കണ്ടതും ആന്‍സന്‍ ചെറു ചിരിയോടേ ക്ഷണിച്ചു. വീടിനകത്തു കയറിയ തോമസിന്റെ കണ്ണൂകള്‍ ചുറ്റിനും സഞ്ചരിച്ചു. ടി വി. മ്യൂസിക്സിസ്റ്റം. കമ്പ്യൂട്ടര്‍ അടക്കം വില കൂടിയ ആഡംബര വസ്തുക്കളെല്ലാം മുറിയെ അലങ്കരിച്ചിരിക്കുന്നു. കൊള്ളാം കേട്ടറിഞ്ഞതിലും നല്ല പൊസിഷനിലാണു മകന്‍. സന്തോഷം തോന്നി. തീര്‍ച്ചയായും അമ്മക്ക് ചികിത്സാ ചിലവിലേക്കായി പണം തരാതിരിക്കില്ല.

”എന്താപ്പ ഇങ്ങനെ പെട്ടന്ന് എന്തെങ്കിലും വിശേഷമുണ്ടോ അമ്മക്കെങ്ങെനെണ്ട് കുഴപ്പമില്ലല്ലോ?”

”സത്യം പറഞ്ഞാ തിരെ വയ്യാ അമ്മക്ക്. ഒരു ഓപ്പറേഷന്‍ നടത്തിയാ വേഗം സുഖപ്പെടും അതാ നിന്നെ കാണാന്‍ വന്നെ.”

കുറച്ചു നേരം മൗനമായി നിന്ന് ആന്‍സന്‍ അകത്തേക്കു പോയ ശേഷം തിരിച്ചു വന്നു.

”കാണുന്ന പോലെയൊന്നുമല്ല അപ്പാ കയ്യില്‍ സമ്പാദ്യമായിട്ടൊന്നൂല്ല. കച്ചവടമാണെങ്കി ഇപ്പ വല്യ ഡള്ളാ. പിന്നെ എന്നെ കൊണ്ട് കഴിയുന്നത് ദാ ഇതു മാത്രം”

മകന്റെ മുഖത്തേക്കും നീട്ടിപ്പിടിച്ച് ആ കുറച്ചു നൂറു രൂപാ നോട്ടുകളിലേക്കും തോമസ് മാറി മാറി നോക്കി. അതു വാങ്ങാന്‍ അയാളുടെ കൈ നീണ്ടില്ല. കോടീശ്വരനായിട്ടു പോലും അമ്മയുടെ ആശുപത്രി ചിലവിനു മുടക്കാന്‍ പണമില്ല ! വേദനയോടെ എഴുന്നേറ്റ അയാള്‍ നിശബ്ദം തല താഴ്ത്തി ഇറങ്ങി നടന്നു.

നാട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയില്‍ ഒരിടത്തു ബസ് നിന്നു. തളര്‍ന്ന മനസോടെ പുറത്തേക്കു ശ്രദ്ധിച്ചപ്പോള്‍ തലച്ചോറിലൊരു മിന്നല്‍. ഈ സ്ഥലം ഇവിടെയല്ലേ ജെസ്നി അതെ ശരിയാണ്. അവളെ ഒന്നു ചെന്നു കണ്ടാലോ? പെട്ടന്ന് ഒരു ചിന്ത ഉയര്‍ന്നു. സമയം കളയാതെ ബസില്‍ നിന്നും ചാടിയിറങ്ങി.

കാലുകള്‍ സ്വയം അറിയാതെ മുന്നോട്ടു ചലിച്ചു. ഒടുവിലത് ഒരു ഇടത്തരം ടെറസ് വീടിനു മുന്നില്‍ നിശ്ചലമായി നിന്നു.

അയാളെ കണ്ടതും അകത്തു നിന്നു ജെസ്നി ഓടിയെത്തി.

”അപ്പാ” അവളുടെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. മിഴി രണ്ടും നിറഞ്ഞു വന്നു.
ആ ഒരു നിമിഷത്തില്‍ അതുവരെ തോമസില്‍ കുടി കൊണ്ടിരുന്ന ദേഷ്യം. അനിഷ്ടം. പിടിവാശി എല്ലാം മഞ്ഞു പോലെ ഉരുകിപ്പോയി. അയാളുടെ കണ്ണുകളിലും നീര്‍ മൂടി.

”എന്താപ്പാ എന്തു പറ്റി?”

”ഒന്നുമില്ല മോളേ നീ അപ്പനുമമ്മയുടേയും വാക്ക് ധിക്കരിച്ച് സ്നേഹിച്ചവനോടൊപ്പം ഇറങ്ങിപ്പോയി കല്യാണം കഴിച്ചപ്പോ നിന്നെ ഞങ്ങള്‍ ഉപേക്ഷിച്ചു. ഇപ്പോഴിതാ ആന്‍സന്‍ സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്ത് വീടു വിട്ടിറങ്ങി ഞങ്ങളേം ഉപേക്ഷിച്ചു. കഷ്ടപ്പെട്ട് നിങ്ങളെ വളര്‍ത്തി നന്നായി പഠിപ്പിച്ച ഞങ്ങള്‍ വാര്‍ദ്ധക്യത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ആലോചിച്ചിരുന്നു. ഇപ്പോ നിങ്ങടെ അമ്മയെ ചികിത്സിക്കാന്‍‍ നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. ആന്‍സന്റെ കയ്യില്‍ പണമുണ്ടായിട്ടും ഇല്ലെന്നു പറഞ്ഞു. അവന്‍ പോലും കൈമലര്‍ത്തിയ സ്ഥിതിക്ക് ഇനിയെന്തു ചെയ്യും എന്ന ആധിയോടെ വരുമ്പഴാ നിന്റെ കാര്യം ഓര്‍മ്മിച്ചെ. നിന്നെ കാണണമെന്നു തോന്നി അതാ വന്നെ”

”അമ്മക്ക് എന്തു പറ്റി? എന്താണസുഖം? ഞാനറിഞ്ഞില്ലല്ലോ” ജെസ്നിയുടെ മുഖത്ത് ഉത്കണ്ഠ നിറഞ്ഞു.

തോമസ് മോളിയുടെ അസുഖത്തെ പറ്റിയും ചികിത്സാകാര്യങ്ങളെ പറ്റിയും വിശദമായി പറഞ്ഞു. ഇതെല്ലാം കേട്ടു നിന്നിരുന്ന ജെസ്നിയുടെ ഭര്‍ത്താവ് ലിവിന്‍ അകത്തു നിന്നും വന്നു.

”വിഷമിക്കേണ്ട അപ്പാ ഇനി കാശിന്റെ കാര്യം മറന്നേക്ക് എല്ലാം ഞങ്ങളേറ്റു. ഉടന്‍ തന്നെ അമ്മയുടെ ഓപ്പറേഷന്‍ നടത്താം”

”എന്നോടു ക്ഷമിക്കു മോനേ നിന്റെ നല്ല മനസ് കാണാതെയാണ് അകറ്റി നിര്‍ത്തിയത്. ഇപ്പോ തെറ്റും ശരിയും ബോധ്യമായി. കഴിഞ്ഞതെല്ലാം രണ്ടുപേരും വിട്ടു കള. എന്നോടൊപ്പം വീട്ടിലേക്കു വരണം ”
അയാളുടെ നിര്‍ബന്ധത്തിനു ജെസ്നിക്കും ലിവിനും വഴങ്ങാതിരിക്കാനായില്ല.

മകളേയും ഭര്‍ത്താവിനേയും കണ്ടപ്പോള്‍ മോളിയുടെ ഹൃദയത്തില്‍ സന്തോഷത്തിരമാലകള്‍ ഉയര്‍ന്നു. രോഗം മൂലം ക്ഷീണിച്ചിരുന്ന സ്വന്തം ശരീരത്തില്‍ പുതിയൊരു ഉന്മേഷം വന്നു നിറയുന്നതു പോലെ അവര്‍ക്കു തോന്നി.

എം. ബി ബാബു
കടപ്പാട് – സായാഹ്നകൈരളി

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here