തെറ്റും ശരിയും?

thetum

ഏതാണ് തെറ്റ്? ഏതാണ് ശരി? ഒരു കൂട്ടരുടെ തെറ്റ് മറ്റൊരുകൂട്ടര്‍ക്കു ശരി. ഒരു കാലത്തെ ശരി മറ്റൊരുകാലത്ത് തെറ്റ് – തെറ്റും ശരിയും ഇങ്ങനെ മാറിമാറി വരുമ്പോള്‍ തെറ്റേത് ശരിയേത് എന്ന് എങ്ങനെ വേര്‍തിരിക്കാന്‍ കഴിയും.

മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നത് ലോകം അംഗീകരിക്കുന്ന മഹത്തായതെറ്റ്. എന്നാല്‍ യുദ്ധക്കളത്തിലെ കൊലയോ…?ലോകം അംഗീകരിക്കുന്ന ഏറ്റവും വലിയ ശരിയായി മാറുന്നു. ദയാവധം ചില രാജ്യങ്ങള്‍ ശരിയായി അംഗീകരിക്കുമ്പോള്‍ മറ്റ് ചില രാജ്യങ്ങള്‍ അവയെ തെറ്റായിക്കാണുന്നു. ഗോഹത്യ മഹാപാപം എന്നു വിധിക്കുമ്പോള്‍ ജന്തുഹത്യ മുഴുവന്‍ പാപമല്ലേയെന്നു മറ്റുചിലര്‍. ജീവന്റെ വില സമസ്ത ജീവികള്‍ക്കും തുല്യമായിരിക്കെ എറുമ്പിനെ കൊല്ലുന്നവനു ശിക്ഷയില്ല ആനയെ വെടിവെച്ചുക്കൊല്ലാം. അപ്പോള്‍ അത് തെറ്റാകുന്നില്ല. ഒരു രാജ്യത്ത് ദു:ഖം പ്രകടിപ്പിക്കുന്നതിന് കറുത്ത വസ്ത്രം ധരിക്കുന്നതാണ് ശരിയെങ്കില്‍ മറ്റൊരു രാജ്യത്ത് വെളുത്ത വസ്ത്രം ധരിക്കുന്നതാണ് ശരി. നേരെവിടെ – നെറിയെവിടെ? ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ലത്രെ. ശക്തമായ നീതിപീഠത്തിന്റെ ശരി. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മരണശിക്ഷവിധിക്കപ്പെട്ടവരില്‍ എത്രയോ നിരപരാധികളുണ്ടായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. നഷ്ടപ്പെട്ട അവരുടെ ജീവിതവും, അതിന്റെ പിന്നില്‍ അനുഭവിക്കപ്പെട്ടവരുടെ കറുത്ത ദു:ഖങ്ങളും പരിഹരിക്കാവുന്നതാണോ…? നീതിപീഠത്തിന്റെ തെറ്റ് എങ്ങിനെ ശരിയാകും?

ഒരു കാലത്തെ തെറ്റ് മറ്റൊരുകാലത്ത് ശരിയാകുന്നു. പണ്ട്കാലത്ത് വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും ദൈവത്തിനു മുന്നില്‍ കുരുതി കൊടുക്കുമായിരുന്നു. ഇന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അടക്കുന്ന ചിതയില്‍ ഭാര്യയും ചാടി മരിക്കമെന്നത് ഒരു കൂട്ടരുടെ ധര്‍മ്മപരമായ ശരിയായിരുന്നു. അത് പിന്നീട് തെറ്റാണന്നു കണ്ടെത്തി നിരോധിച്ചു.

ജനകീയ -ജനാധിപത്യ ഭരണത്തിലും, ഭരണകക്ഷി പ്രതിപക്ഷമാകുമ്പോഴും, പ്രതിപക്ഷം ഭരണ കക്ഷിയാകുമ്പോഴും ഇങ്ങനെ തെറ്റും ശരിയും മാറിമാറി ആവര്‍ത്തിക്കുന്നു. ഈ തെറ്റും ശരികളും ആരാണുണ്ടാക്കിയത് – നാം മനുഷ്യര്‍ തന്നെ. ഇനി പറയൂ…. എവിടെയാണ് തെറ്റ്? എവിടെയാണ് ശരി?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here