സുഖമായുറക്കുമ്പോൾ
ചെറ്റക്കുടിലുകൾ
ബോംബിട്ടു തകർത്ത്
സ്വപ്നങ്ങൾ തുണ്ടമാക്കപ്പെട്ട്
തെരുവിൽ
അലമുറയിട്ട് തണുത്തു
വിറച്ച് രാത്രിയാമങ്ങൾ തള്ളിനീക്കുന്നു
തെരുവുനായ്ക്കൾ.
ഉയർത്തിക്കെട്ടിയ മതിലുകൾക്കരികിൾ
നിസ്സഹായരായി കണ്ണീരൊഴുക്കുമ്പോൾ
പടമെടുത്ത് പത്രത്തിൽ കൊടുക്കണം.
പുഴ കടക്കവെ മണലിൽ തണുത്തുറഞ്ഞ്
ഉറങ്ങിപ്പോയവന്റെ ഫോട്ടോ എടുത്ത്
വിതരണം ചെയ്യണം.
തണുത്തുറഞ്ഞ ഹിമക്കാറ്റ്
മാംസം തുളച്ച് എല്ലു തെരയുമ്പോൾ
തൊണ്ട പൊട്ടിയ നിലവിളികൾ
കേൾക്കാതിരിക്കാൻ
വാതിലുകൾ കൊട്ടിയടക്കണം.
കമ്പിളി പുതപ്പുകൾ കൊണ്ട്
ചെവികൾ മൂടി ഉറങ്ങണം.
എങ്കിലും ഓർക്കുക,
ശവശരീരങ്ങൾ അഴുകി
പുഴുത്തരിച്ച് മണക്കുമ്പോൾ
അറേബ്യൻ അത്തറുകൾ
തികയാതെ വരും.
കാട്ടിൽ നിന്നും
തെരുവിലിറക്കിയതിന്റെ കാരണങ്ങൾ
വിശ്വസിപ്പിക്കാൻ
പത്രക്കടലാസുകൾ
മതിയാകാതെ വരും.
ഉറക്കം കെടുക്കാനായി
രാത്രികൾ കട്ടെടുക്കാൻ
ശരീരം നഷ്ടപ്പെട്ട ആത്മാക്കൾ
മതിലുകൾ കടന്നെത്തും.
അന്ന് അറിയാതെ പറഞ്ഞു പോകും
“വാതിലുകൾ തുറക്കാമായിരുന്നു “.