അളവു വച്ച്
നട്ടുപൂവിടീച്ച
ഉദ്യാനത്തെക്കാൾ
എനിക്കിഷ്ടം
മുറ്റത്തെ മുല്ലയാണ്
പഠിച്ചതു പാടുന്ന
തത്തക്കൂടിനെക്കാൾ എനിക്കിഷ്ടം
വണ്ണാത്തിപ്പുള്ളുകളുടെ
കലപിലയാണ്
തുടലിൽ കിടന്നു
ഗർജിക്കുന്ന
വളർത്തു പട്ടിയുടെ
ധീരതയെക്കാൾ
തെരുവുപട്ടിയുടെ
ഭീരുത്വമാണ്
ആസന തഴമ്പുള്ള
സിംഹാസനങ്ങളെക്കാൾ
ബഹുമാനം
അധ്വാനപാടുള്ള
അലക്കു കല്ലുകളാണ്
സീൽക്കാരങ്ങളുടെ
കൊട്ടാരങ്ങളെക്കാൾ
നെടുവീർപ്പുകളുടെ
കുടിലുകളാണ്
അഹങ്കാരത്തിന്റെ
പതാകത്തുണികളെക്കാൾ
സഹനത്തിന്റെ
തൂവാലകളെയാണ്
കണ്ണടച്ചും
ഉറക്കം നടിച്ചും
ഇരുട്ടിലിരുന്ന്
പുഞ്ചിരിക്കുന്നവരേ,,,,
അതാരു കാണാനാണ്,,,?
നട്ടുച്ചക്കൾക്ക് പര്യായമായി
പാതിരയെന്ന
നിങ്ങളുടെ
കാപട്യത്തിന്റെ പാഠം
പഠിക്കാൻ മനസില്ലാത്തതു കൊണ്ട്
നിങ്ങളിട്ട പരീക്ഷക്ക്
എനിക്ക് പൂജ്യം
മാർക്കായിക്കൊള്ളട്ടെ,,,,