‘’സാറിന്റെ പുതിയ ചിത്രം ഇതു വരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണല്ലോ?’’ സംവിധായകപ്രമുഖനോട് പത്രക്കാരൻ പയ്യൻസ് ചോദിച്ചു.ചോദ്യത്തിൽ കാര്യമില്ലാതില്ല.ഇതുവരെ തട്ടുപൊളിപ്പൻ ചിത്രങ്ങൾ മാത്രം എടുത്തിരുന്ന ആളായിരുന്നു സംവിധായകൻ. രണ്ടോ മൂന്നോ ദിവസം തികച്ചോടിയാൽ നിർമ്മാതാവിന്റെ ഭാഗ്യം എന്ന രീതിയിലായിരുന്നു ചിത്രങ്ങളുടെ പോക്ക്.അതിൽ കൂടുതൽ ഓടിക്കാൻ ശ്രമിച്ചാൽ പ്രേക്ഷകർ തിയേറ്ററുടമയെ ഓടിക്കും എന്നതായിരുന്നു അവസ്ഥ.
ഒരാഴ്ച്ച തികച്ചോടുക എന്നതായിരുന്നു സംവിധായകന്റെ ചിത്രങ്ങളുടെ ഗോൾഡൻ ജൂബിലി.അങനെയുള്ള മഹാനുഭവനിൽ നിന്ന് ഇങ്ങനെയൊരു ചിത്രം വരുമ്പോൾ എങ്ങനെ അന്തം വിടാതിരിക്കും..ഒരവാർഡിനുള്ള എല്ലാ സാദ്ധ്യതകളും ഒപ്പിച്ചു വെച്ചിട്ടുണ്ട്..ചില പഴയ കാല ചിത്രങ്ങളുടെ ഓർമ്മകൾ ഉണർത്തുന്നുണ്ടെങ്കിലും തൽക്കാലം അത് ചോദിച്ച് പ്രശ്നമുണ്ടാക്കേണ്ട എന്ന് സ്വ.ലേ. ഓർത്തു.അല്ലെങ്കിൽ തന്നെ മഹാൻമാർ ഒരു പോലെ ചിന്തിക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ചില വിദേശചിത്രങ്ങൾ അപ്പടി മലയാളത്തിൽ കണ്ട് ബോദ്ധ്യപെട്ടവരുമാണല്ലോ നമ്മൾ?
‘’അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നും വെച്ച് ശൈലി മാറ്റിയതല്ല.എന്റെ ഒരു ചിത്രത്തിൽ നിന്നും വ്യത്യസ്ഥമായിരിക്കണം അടുത്ത ചിത്രമെന്ന് എനിക്ക് എപ്പോഴും നിർബന്ധമുണ്ട്.’’
സംവിധായകന്റെ വാക്കുകൾ കേട്ടപ്പോൾ സ്വ.ലേ.ഓർത്തു പോയി.അതു ശരിയാണ്.എപ്പോഴും വ്യത്യസ്ഥം തന്നെ അദ്ദേഹത്തിന്റെ സിനിമകൾ.ഒരു പടം രണ്ടു ദിവസം ഓടിയാൽ അടുത്ത പടം മൂന്ന് ദിവസം ഓടിയെന്നിരിക്കും.
‘’ഈ സിനിമയ്ക്ക് താങ്കൾ ഒരു അവാർഡ് പ്രതീക്ഷിക്കുന്നുണ്ടോ,.?’’ അവാർഡൊന്നും വേണ്ട ഒരാഴ്ച തികച്ച് പടം ഓടിയാൽ അതു തന്നെ വലിയ കാര്യമെന്ന് കരുതിയിരിക്കുന്ന ഡയറക്ടർ സ്വലേയുടെ ചോദ്യം കേട്ട് ഒന്ന് പരുങ്ങി.’’ആർക്കു വേണം ഈ അവാർഡൊക്കെ? അതിന്റെ പിന്നിലെ കള്ളക്കളികളികളൊക്കെ താങ്കൾക്കറിയാമല്ലോ?’’ ഉത്തരം കേട്ടപ്പോൾ കിട്ടാത്ത മുന്തിരിയെപ്പറ്റിയുള്ള പഴഞൊല്ലാണ് സ്വലേയ്ക്ക് ഓർമ്മ വന്നത്.
നാളുകൾ കടന്നു പോയി.കൊള്ളാവുന്ന വേറെ സിനിമകളൊന്നുമൊന്നുമില്ലാതിരുന്നതു കൊണ്ടോ,ഭാഗ്യരേഖ തെളിഞ്ഞതു കൊണ്ടോ നമ്മുടെ ഡയറക്ടറുടെ പടത്തിനും കിട്ടി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സെലക്ഷൻ..ഡയറക്ടർ ഞെട്ടിക്കഴിഞ്ഞാണ് ഇക്കാര്യമറിഞ്ഞ പ്രൊഡ്യൂസർ ഞെട്ടിയത്.കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല. ഏറ്റവും നല്ല .പ്രാദേശിക ചലച്ചിത്രത്തിനുള്ള അവാർഡ് നമ്മുടെ സംവിധായകന്റെ ചിത്രത്തിന് കൊടുത്ത് ചിത്രത്തിന്റെ ശിൽപ്പികളെ സംഘാടകർ വീണ്ടും ഞെട്ടിച്ചു കളഞ്ഞു.ഇതറിഞ്ഞ പ്രേക്ഷകരും മറ്റു സിനിമാ പ്രവർത്തകരും ഞെട്ടിയെന്നത് വേറെ കാര്യം.
സ്വീകരണത്തിന്റെ ബഹളങ്ങളെല്ലാം കഴിഞ്ഞ് പിന്നെയൊരിക്കൽ ഡയറക്ടറെ കൈവശം കിട്ടിയപ്പോൾ നമ്മുടെ പത്രക്കാരൻ പയ്യൻസ് ചോദിച്ചു.’’മുമ്പ് അവാർഡുകളെ തള്ളിപ്പറഞ്ഞിട്ടുള്ള താങ്കൾ ഇപ്പോൾ കിട്ടിയ ഈ അവാർഡ് സ്വീകരിക്കുമോ?’’
‘’എന്തൊക്കെ പറഞ്ഞാലും അവാർഡുകൾ ഒരംഗീകാരം തന്നെയല്ലേ?’’ ഡയറക്ടറുടെ മറുപടി കേട്ട് സ്വലേ അത്ഭുതപരതന്ത്രനായി. ’’അപ്പോൾ താങ്കൾ അവാർഡുകളെക്കുറിച്ച് മുമ്പ് പഞ്ഞതോ?’’
‘’
‘’അന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞു,ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ പറയുന്നു,സാഹചര്യങ്ങളാണല്ലോ സുഹൃത്തേ മനുഷ്യനെ മാറ്റുന്നത്.?’’ മറുപടി കേട്ടപ്പോൾ സ്വലേ ഓർത്തു,ഇദ്ദേഹം രാഷ്ടീയത്തിലെങ്ങാനുമാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ പല ലീഡർമാരുടെയും ലീഡറാകുമായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല.