തെല്ലൊന്നടങ്ങു കാറ്റേ,
രാത്രിമഴയത്തീ
പാതയോരത്തു
മെല്ലെ കിളിർത്തൊരു
പുൽനാമ്പിനോടു
ഞാനൊന്ന് മിണ്ടിക്കോട്ടെ ..
തെല്ലൊന്നടങ്ങു നീ
കുസൃതിക്കാറ്റേ,
എന്റെയീറൻ മുടിച്ചുരുൾ
ആകെയുലച്ചെന്നെ
ചുറ്റിപ്പുണരാതെ
പിന്നെയും പിന്നെയും ..
തെല്ലൊന്നടങ്ങു പൊന്നേ ,
വേലിപ്പടർപ്പിൽ
കലമ്പിക്കുറുകുന്ന
വെള്ളരിപ്രാവിന്റെ
കിന്നാരമിത്തിരി
കേട്ടോട്ടെ ഞാൻ ..
പിന്നെ മഞ്ഞിച്ച
വെയിലിൽ
മുത്തിക്കളിക്കും
അപ്പൂപ്പൻതാടിയ്ക്കൊ
രുമ്മ കൊടുത്തോട്ടെ ..