ഈ പുഴക്ക് ഇന്നലെയിത്ര
തെളിച്ചമില്ലായിരുന്നു .
കൊഴിയുന്ന പൂവിനെ
കളിയാക്കി ചിരിച്ച
അപ്പുപ്പൻതാടി ഗതികിട്ടാതെ
കാറ്റിനൊപ്പം പ്രണയിച്ചു നടന്നു,
കൊതിയൻ വണ്ടുകൾ
കൊഴിയുന്ന പൂവിനെ
മൊഴിചൊല്ലി യാത്രയായി
പുതു പ്രണയിനിയെ തേടി.
“കളിമതിയാക്കി എന്നിലേക്ക്
തിരിച്ചുവരൂയെന്ന് തീരം
തിരയോട് മന്ത്രിച്ചു.
തീരത്തെ ആലിംഗനം ചെയ്യാൻ
ഓടിവരുന്ന തിരയെ കടൽ
പിന്നോട്ടുവലിക്കുന്നതെന്തിനാണ്,
ഒറ്റപ്പെടൽ ഭയന്നാണോ ?
തിരയാണ് തന്റെ സൗന്ദര്യമെന്ന
ഓർമപ്പെടുത്തലാണോ ?
തലോടാനെത്തിയ
മഴയുടെ ചാരിത്ര്യം കവർന്ന
പുഴയുടെ നഗ്നത തേടുന്നു പരൽമീനുകൾ.
പുഴയോട് കലഹിച്ച കാറ്റ്
വൃദ്ധസദനത്തിന്റെ
മേൽക്കൂരയിൽ കൂടു കൂട്ടി
കാരണം
സന്ധ്യക്ക്
രാമായണവും ബൈബിളും
ഖുറാനും അടുത്തേക്ക് ഒഴുകി വരുമെല്ലോ ?