നിറയെ ബോഗികളുള്ള
ഒരു തീവണ്ടിയാണ്
ഈ മൗനം.
ഒച്ച വെക്കേണ്ടിടത്ത്
തല കുനിച്ച്
നിശ്ശബ്ദമായി നിന്ന
ഇടങ്ങളിൽ
പുതിയ ബോഗികൾ
പിറവിയെടുക്കുന്നു.
ദേശീയതയുടെ
കറുത്ത നൂലിൽ
കെട്ടിവലിച്ച ബോഗികൾ
ഓഷ് വിറ്റ്സിലെ
ഗ്യാസ് ചേംബറിലെത്താൻ
കുറഞ്ഞ മണിക്കൂറുകൾ മാത്രം.
കാലാവസ്ഥാ വ്യതിയാനവും
പ്രകൃതിദുരന്തങ്ങളും
വഴിമുടക്കിയതിനാൽ മാത്രം
വൈകിയോടുന്നു തീവണ്ടി.
നല്ല ദിനങ്ങൾക്കായി
നമ്മൾ തന്നെ തീർത്ത
മൗനത്തിന്റെ ഇരുമ്പുമറകളാണ്
തീവണ്ടിക്ക് ഇന്ധനം നൽകുന്നത്.
നാളെ
ആൻ ഫ്രാങ്കുമാരായി
വായിക്കപ്പെടാനായി
മൗനം നിർത്തി
ഒരു ഡയറിക്കുറിപ്പെങ്കിലും
കുത്തിക്കുറിക്കുക.