മണല്പ്പുറത്തുള്ള കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഗ്രാമവും, നഗരവും മണല്പ്പുറത്തേക്ക് ഒഴുകിയെത്തി. ഗ്രാമത്തില്‍ നിന്നും മണല്‍പ്പുറത്തേക്ക് പോകാന്‍ പുതുതായ് കെ.എസ്.ആര്‍.ടി.സി. ബസ്സ് വന്നു. ഗ്രാമവാസികള്‍ ബസ്സില്‍ കളിയായി വിളിക്കുന്ന അന്നാമ്മച്ചേടത്തിയുമുണ്ട്. ടിക്കറ്റെടുക്കാതെയാണ് കൊക്കരക്കൊയുടെ യാത്ര. കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയതും ടിക്കറ്റെടുക്കാതെയാണ്. കവലയില്‍ വന്നു ബസ്സ് നിന്നു. കൊക്കരക്കോ നോക്കുമ്പോള്‍ ബസ്സിന്റെ പടിയില്‍ നിന്ന് ചെക്കര്‍ ഓരോരുത്തരുടെയും ടിക്കറ്റ് വാങ്ങി പരിശോധിച്ച് പുറത്തേക്ക് വിടുന്ന കാഴ്ചയാണ് കണ്ടത്. അന്നാമ്മച്ചേടത്തിയുടെ മനസ്സൊന്ന് ആളി. ചവിട്ടുപടിയിലെത്തിയ കൊക്കരക്കോയോട് ചെക്കര്‍ ടിക്കറ്റ് ചോദിച്ചു. കൊക്കരക്കോ ശക്തിയായി ഒന്ന് ഓക്കാനിച്ചു. ഞെട്ടിപുറകോട്ടുമാറിയ ചെക്കറുടെ ഇടയില്‍ക്കൂടി കൊക്കരക്കോ പുറത്തേക്കുചാടി നിലത്തിരുന്ന് തുടരെ തുടരെ ഓക്കാനിച്ചുകൊണ്ടിരുന്നു. രണ്ടുമൂന്നുമിനിറ്റുനേരം ചെക്കര്‍ ടിക്കറ്റിനുവേണ്ടി കാത്തു. രക്ഷയില്ലെന്നു കണ്ട് ബസ്സിന് ഡബിള്‍ ബെല്ല് കൊടുത്തു. ബസ്സ് പോയിക്കഴിഞ്ഞപ്പോള്‍ കൊക്കരക്കോ എഴുന്നേറ്റ് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കവലയില്‍ തന്നെ നോക്കി നില്‍ക്കുന്നവരെ നോക്കി ഒന്നു ചിരിച്ചശേഷം വീട്ടിലേക്കു നടന്നു.