ചെമ്മണ്‍ പാതയിലൂടെ പൊടി പാറിപ്പറത്തി ഒരു ദുര്‍ഭൂതത്തിന്റെ മുഖവുമായി പാഞ്ഞു വരുന്ന ടിപ്പര്‍ ലോറി കണ്ടപ്പോള്‍ കണാരേട്ടന്‍ കലുങ്കില്‍ നിന്നിറങ്ങി ഒന്നു കൂടെ ഒതുങ്ങി മാറി നിന്നു. ഭൂമിയുടെ ഗര്‍ഭാശയത്തില്‍ നിന്നു വരെ കുഴിച്ചെടുക്കുന്ന മണ്ണിനു വേണ്ടിയുള്ള പരക്കം പാച്ചി ലാണത്. എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും നൊടിയിടകൊണ്ട് ചവിട്ടിയരച്ച അതിന്റെ കൂറ്റന്‍ ചക്രങ്ങള്‍ക്ക് താന്‍ എത്രയോ നിസ്സാരന്‍. തൊട്ടു പിന്നില്‍ പടര്‍ന്നു പന്തലിച്ച ഒരു വാകമരം നില്പ്പുണ്ട്. ആകാശത്തേക്ക് പൂക്കള്‍ പൂത്തിറങ്ങിയതു പോലെ താരും തളിരും ചൂടിയ വാകമരം. മഞ്ഞ കലര്‍ന്ന വെള്ള നിറത്തില്‍ കുലകുലയായി പൂക്കളും നിറയെ ഇലകളും. ഇനി ഇവിടെ ആകെ അവശേഷിക്കുന്ന തണല്‍മരം ഇതുമാത്രം. വര്‍ത്തകാലമാനിഷാദന്മാരുടെ മഴു വീഴാത്തതായി ഇതു മാത്രമേ ഉള്ളു ബാക്കി. കുന്നിയും, കുടം പുളിയും, ഞാവലും, ചമതയുമൊക്കെ പലപ്പോഴായി നാടു നീങ്ങി. എവിടെയെങ്കിലും തമ്പടിക്കാനും വേരോടാനുമുള്ള തത്രപ്പാടിനിടയില്‍ കാലം അമൂല്യമായി കാത്തു വച്ച പലതും കൈമോശം വരുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. കര്‍മ്മഫലം ദുരന്തമായി തിരിഞ്ഞു കൊത്തുമ്പോള്‍ മാത്രമാണ് വിവേകമതി എന്ന് സ്വയം അഭിമാനിച്ച് ഊറ്റം കൊള്ളുന്ന മനുഷ്യന്‍ നിര്ത്ഥകമായ തന്റെ പ്രവൃത്തികളുടെ പൊള്ളത്തരം തിരിച്ചറിയുന്നത്.
പന്ത്രണ്ടു പറ കണ്ടമാണ് മണ്ണിനോടു ചേരുമ്പോള്‍ അച്ഛന്‍ തനിക്കു കരുതി വച്ചിരുന്നത്. കാസം മൂര്‍ച്ഛിച്ച് ഒരു കര്‍ക്കിടക രാത്രിയിലാണ് അച്ഛനെ ഇടക്കുന്നം വൈദ്യരുടെ വീട്ടില്‍ എത്തിക്കുന്നത്. നെഞ്ചില്‍ വല്ലാത്ത കഫക്കെട്ടും ശക്തമായ വേദനയും. രാത്രി ശ്വാസം മുട്ടലും ചുമയും. പാത്രത്തില്‍ കൊട്ടുന്നതു പോലുള്ള മുഴങ്ങിയ ശബ്ദമായിരുന്നു ചുമക്ക്. നേരം വെളുത്തപ്പോള്‍ കഫത്തിനു ചോരച്ചുവപ്പ്. നെഞ്ചിനേറ്റ ക്ഷതമാണ് രോഗകാരണമെന്ന് വൈദ്യര്‍ വിധിയെഴുതി. പറമ്പിലെ കൊന്നത്തെങ്ങില്‍ നിന്ന് മുന്‍പൊരിക്കല്‍ നെഞ്ചു തല്ലി വീണ പൂര്‍വചരിത്രം അച്ഛനുണ്ട്.
അതു തന്നെയാണു കാസത്തിനു കാരണമായതെത്രെ.
വൈദ്യശാലയില്‍ എത്തിച്ചെങ്കിലും ഇക്കുറി രോഗാവസ്ഥയ്ക്കു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. തെല്ലു വഷളായി എന്നു പറയുന്നതാവും ശരി. ഒടുവില്‍ ചുമയൊഴിഞ്ഞ് ഒന്നു വായ് പൂട്ടാനും സംസാരിക്കാനും കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ തലയണക്കടിയില്‍ നിന്ന് വളരെ മുഷിഞ്ഞു പഴകിയ ഒരു കടലാസു കെട്ട് കയ്യില്‍ വച്ചു തന്നു.
” നമ്മുടെ കണ്ടത്തിന്റെ പ്രമാണമാ ഇത് നിന്റെ പേരിലാ വേണ്ട പോലെ നോക്കി നടത്തണം ഇതല്ലാതെ നിനക്കു തരാന്‍ അച്ഛന്റെ കയ്യില്‍ ഒന്നുമില്ലെടാ മോനെ…..”
വാരിയെല്ലുകകളെ പ്രകമ്പനം കൊള്ളിച്ച് തൊണ്ട പൊട്ടി പുറത്തു ചാടാന്‍ വെമ്പുന്ന ചുമ പണിപ്പെട്ട് അമര്ത്തി മുറിഞ്ഞ വാക്കുകളില്‍ അച്ഛന്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും കണ്ണുകള്‍ വല്ലാതെ ചുവക്കുകയും കണ്‍കോണുകള്‍ നിറഞ്ഞൂ തുളുമ്പുകയും ചെയ്തു. വല്ലാതെ ശോഷിച്ച നെഞ്ചിന്‍ കൂട് ഉള്ളിലൊതുക്കി ഒരു പറവയേപ്പോലെ ഉയര്‍ന്നു താണു. പ്രമാണം ഏല്പ്പിച്ച കൈ പിന്നെ അച്ഛന്‍ വിട്ടില്ല. ഒരു പുരുഷായുസിന്റെ ബാക്കി പത്രം തന്റെ കൈവെള്ളയില്‍ വച്ചു തന്ന് ആ ജീവന്‍ വിട പറഞ്ഞു.
അന്ന് കൈമാറിക്കിട്ടിയ പന്ത്രണ്ടു പറ കണ്ടമായിരുന്നു പിന്നീടുള്ള ജീവിതത്തിനു അടിത്തറയായത്. സ്വത്തും സമ്പാദ്യവും സന്താനവുമെല്ലാം അതായിരുന്നു. കല്യാണം കഴിച്ചു കൊണ്ടു വന്ന നാള്‍ മുതല്‍ സരോജിനി ജീവിതത്തിലെന്നപ്പോലെ കൃഷിയിടത്തിലും ഉറ്റ തുണയായി.
ദീര്‍ഘനാളത്തെ കഠിനമായ അദ്ധ്വാനത്തിനും പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിനും ഒടുവില്‍ വിയര്‍പ്പിന്റെ വിലയായ കനകമണികള്‍ കൊയ്ത് അറപ്പുരകള്‍ നിറക്കുമ്പോള്‍ എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു ജീവിതത്തോടും കൃഷിയോടും. ഇടക്കാലത്ത് കാശ് കുറച്ചു മിച്ചം പിടിച്ച് ഒരു കരപ്പുരയിടം വാങ്ങി നിറയെ കൊടിയിട്ടു.
സദാനന്ദനും ശിവാനന്ദനും രാജമ്മയും മൂന്നു മക്കള്‍. ഒന്നിനു പിറകെ ഒന്നായി ഇവരുടെ വരവ്. ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ നല്കി. മൂത്തവന്‍ സദാനന്ദനായിരുന്നു പഠിക്കാന്‍ മിടുക്കന്‍. എന്നാല്‍ ശിവാനന്ദന് പഠിത്തക്കാര്യത്തില്‍ അത്ര അദ്ധ്വാനിയായിരുന്നില്ല. പരീക്ഷക്കു പഠിക്കാന്‍ പറഞ്ഞാലോ ഗൃഹപാഠം ചെയ്യാന്‍ പറഞ്ഞാലോ അവന്‍ സരോജിനിയോടു പറയും.
” അമ്മേ എനിക്ക് കൃഷിയാണിഷ്ടം അച്ഛന്‍ മാത്രം നയിച്ചല്ലേ ഇപ്പോള്‍ എല്ലാം ചെയ്യുന്നത് ഞാന്‍ അച്ഛനെ സഹായിക്കാം …”
അന്ന് അതു പറയുമ്പോള്‍ ശിവന് ആ പറയുന്നതിന്റെ പൊരുളോ ഗൗരവമോ അത്രത്തോളം അറിയുമെന്നു നിശ്ചയമില്ലായിരുന്നു. കൃഷിപ്പണി കൊണ്ടു മാത്രം ഒരു കുടുംബം നയിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വം അത് അനുഭവിച്ചു തന്നെ അറിയണമല്ലോ.
സ്വകാര്യ ബാങ്കില്‍ ഗുമസ്ഥനായ പയ്യനെ കണ്ടെത്തി രാജമ്മയുടെ കയ്യ് പിടിച്ച് ഏല്പ്പിക്കുമ്പോള്‍ കുറച്ചു പൊന്നിനോടൊപ്പം മൂന്നു പറ കണ്ടവും സ്ത്രീധനമായി കരാറെഴുതി. തുടര്‍ന്നു വീതം വച്ചപ്പോള്‍ സദാനന്ദനും നല്കി മൂന്നു പറ കണ്ടം. ബാക്കിയുള്ള ആറു പറ കണ്ടത്തിലായിരുന്നു പിന്നീടുള്ള അദ്ധ്വാനം. കറ്റ കൂട്ടാനും മെതിക്കാനും ഉണക്കാനും നിലം തല്ലി നിരപ്പാക്കി ചാണകം മെഴുകിയ കളത്തിലിരുന്ന് ജീവിതത്തെക്കുറിച്ച് നെയ്തു കൂട്ടിയ അതിരില്ലാത്ത സ്വപ്നങ്ങള്‍ രണ്ടാം കൃഷിക്ക് ഒരുക്കങ്ങള്‍ നടത്തുന്നിതിനിടയില്‍ ഒരിക്കല്‍ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാടത്ത് മട വീണത് ഇന്നും ഓര്‍ക്കുന്നു. ശക്തമായ ഒഴുക്കില്‍ നാലു വീടുകള്‍ ഒലിച്ചു പോയ ദുരന്തം പാടമാകെ വെള്ളം മുങ്ങി അക്കൊല്ലം കൃഷി അപ്പാടെ നശിച്ചു. അതിന്റെ ആഘാതമുണ്ടാക്കിയ വൈഷമ്യങ്ങള്‍ മറി കടക്കാന്‍ ഗ്രാമത്തിന് ഏറെ നാള്‍ വേണ്ടി വന്നു.
കൃഷിയുടെ ദുരിതം കണ്ടും അനുഭവിച്ചും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നെല്ലും നെല്‍കൃഷിയും ആര്‍ക്കും വേണ്ടാതായി. ചാലുവേലില്‍ പാടത്തിന്റെ ഒരറ്റം മുതല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത് പത്രത്തില്‍ വായിച്ചാണറിഞ്ഞത്. പൊന്നു വിളയുന്ന മണ്ണിനും മണ്ണിലധ്വാനിക്കുന്ന മനുഷ്യനും കടലാസുവില പോലുമില്ലാത്ത ഒരു ദുരിതകാലത്തിന്റെ കടന്നു വരവ്.
”ഈ ചാലുവേലില്‍ പാടത്ത് ഇത് നൂറ്റിയഞ്ചാമത്തെ തവണയാ ഞാന്‍ കൃഷി ഇറക്കുന്നത്. കഴിഞ്ഞ നാല്പ്പതു വര്‍ഷമായി എന്റെ ജീവിതം ഈ പാടവും ഇവിടുത്തെ നെല്‍ക്കതിരുകളുമാ എന്തു വിഷമമുണ്ടെങ്കിലും ഞാന്‍ പാടവരമ്പത്താ വന്നിരിക്കാറ്. പൊന്‍കതിരും ചൂടി നെല്‍ച്ചെടികള്‍ കാറ്റത്താടുന്നതു കണ്ടാല്‍ എല്ലാ വിഷമവും മറക്കും. ഇവിടെ വിളയുന്നത് നെല്ലല്ല എന്റെ സ്വപ്നങ്ങളാ. ജീവിത സ്വപ്നങ്ങള്‍ ”
ഒരിക്കല്‍ പാടം വില്ക്കുന്നോ എന്നറിയാന്‍ റിയല്‍ എസ്റ്റേറ്റുകാരന്‍ പൈലിപ്പിള്ളയോട് വികാര തീവ്രതയോടെ പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
കണ്ണെത്താ ദൂരത്തോളം പച്ച പരവതാനി വിരിച്ചതു പോലെ നെല്പ്പാടങ്ങള്‍ നിറഞ്ഞിരുന്ന ചാലുവേലില്‍ പാടം ഇന്ന് അങ്ങിങ്ങ് പച്ചത്തുരുത്തുകള്‍ മാത്രമായിരിക്കുന്നു. ഭാഗ്യാന്വേഷികളായ ഭൂമി കൈമാറ്റക്കാരോട് നെല്‍കൃഷിയുടെ മഹത്വവും നെല്‍പ്പാടത്തിന്റെ അനിവാര്യതയും പറഞ്ഞിട്ടെന്തു കാര്യം?. രണ്ടും മൂന്നു തവണ കൃഷി ഇറക്കിയിരിക്കുന്ന വയലേലകളില്‍ രമ്യഹര്‍മ്മളുയരാന്‍ അധികനാള്‍ വേണ്ടി വന്നില്ല. അഞ്ഞൂറോളം വീടുകള്‍ ഉയര്‍ന്നു. ‘ ഗ്രീ ന്‍ പാരഡൈസ്’ എന്നൊരു പേരും ഇട്ടു. ഭൂമിയിലെ സ്വര്‍ഗ്ഗവാതില്‍ കൊട്ടിയടച്ച് അതിനു ഹരിത സ്വര്‍ഗ്ഗം എന്ന് പേരിടുന്ന മനുഷ്യന്റെ അവിവേകം.
]
രേഖകളില്‍ നെല്‍വയലുകളും നേര്‍ക്കാഴ്ചയില്‍ വില്ലകളും. സദാനന്ദനും രാജമ്മയും അവരുടെ കണ്ടങ്ങള്‍ വിറ്റ് നഗരത്തിലേക്കു താമസവും മാറി. ശിവാനന്ദന്‍ പക്ഷെ അനങ്ങിയില്ല. ആറു പറ കണ്ടം ആര്‍ക്കും വിട്ടു കൊടുക്കാന്‍ അവന്‍ തയാറായിരുന്നില്ല. മോഹവിലയുടെ വാഗ്ദാനത്തിലും അവന്റെ കണ്ണ് മഞ്ഞളിച്ചില്ല. കൃഷിയെ അവന്‍ മാത്രം നെഞ്ചോടു ചേര്‍ത്തു. പൊടി പറത്തി തലങ്ങും വിലങ്ങും പായുന്ന മണല്‍ ലോറികളുടെ ഒച്ചപ്പാടും സമ്മര്‍ദ്ദങ്ങളും ഒക്കെ ഓരോന്നായി അവഗണിക്കുകയായിരുന്നു അവന്‍.
അങ്ങു ദൂരെ നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങളുടെ മറ പറ്റി ശിവന്റെ വീടു കാണാം. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ഒരു കുട്ടിയെപ്പോലെ ഭയചകിതനായി ഒഴിഞ്ഞു മാറി നില്ക്കുന്ന പ്രതീതി. ഒഴിയാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത നിസഹായതയുടെ പ്രതിസന്ധി അതോര്‍ത്തപ്പോള്‍ കണാരന്റെ ഉള്ളൊന്നാളി. എത്രനാള്‍ അവനു പിടിച്ചു നില്‍ക്കാനാകും? എല്ലാ വിരുദ്ധ ശക്തികളും കൂടെ അവനെ കൂടുതല്‍ ഈ വൈതരണിയില്‍ കുടുക്കിക്കളയില്ലേ?
വയലേലകളുടെ ശവപ്പറമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന തീപ്പെട്ടി വില്ലകള്‍ കത്തിക്കാളുന്ന മീനച്ചൂടില്‍ തികച്ചും നിര്‍വികാരമായി തല ഉയര്ത്തി നില്ക്കുന്നു. ഉള്‍ക്കൊള്ളുന്നവരുടെ സംതൃപ്തിയോ കയ്യൊഴിഞ്ഞവരുടെ ധര്‍മ്മസങ്കടമോ ഒന്നും തെല്ലും അറിയാത്ത മട്ടില്‍
പുറത്തെ കൊടും വെയിലിന്റെ ചൂടേറ്റിട്ടോ ഉള്ളിലെരിയുന്ന തീയുടെ ബാഷ്പകണങ്ങള്‍ സാന്ദ്രീകരിച്ചിട്ടോ എന്നറിയില്ല കണാരന്റെ കണ്ണുകള്‍ സജലങ്ങളായി. തോളില്‍ കിടന്ന തോര്ത്തെടുത്ത് കണാരന്‍ കണ്ണു തുടച്ചു. അതു കണ്ട് ദുഖം സ്വയം ഏറ്റുവാങ്ങിയിട്ടെന്നപോലെ വാകമരത്തില്‍ നിന്ന് ഒരു പിടി പൂക്കള്‍ തല തല്ലി താഴെ വീണു.
സുരേഷ് മുതുകുളം
കടപ്പാട് – സായാഹ്നകൈരളി
Click this button or press Ctrl+G to toggle between Malayalam and English