പ്രപഞ്ചം

 

 

“പ്രപഞ്ചമേ നീ നിന്നിൽ ഉറങ്ങിടും
തുടിക്കും മോഹങ്ങൾ എനിക്കു കാട്ടണം.

നിന്റെ മടിത്തട്ടിലിന്നു കിളിർത്തൊരു
മണ്ണിലെ മർത്യന്റെ ആകാംക്ഷയാണ് ഞാൻ”.

മനുഷ്യജന്മമേ ചൊല്ലിടാം ഞാൻ
പ്രപഞ്ച സത്യത്തിനമ്മയാം ഞാൻ.

യുഗങ്ങളായിട്ടെൻ താരാട്ടിനീണമാ
കളങ്കമറ്റ നിൻ കാതിൽ പതിഞ്ഞത്.

മാതൃത്വമായ്, ഞാൻ പ്രണയിനിയായ്,
നിന്നരികത്തിരുന്നേകയായ്, ഭാര്യയായ്,
പരിമൃദു ലാളന കാറ്റായ്, കുളിരായ്.

എന്നിട്ടും നീ അറിഞ്ഞില്ലയോ
എന്റെയീ സുന്ദര മോഹങ്ങൾ വാഗ്ദാനങ്ങൾ.

എന്റെ പച്ചയിൽ കറുത്ത പാടും വീഴ്ത്തി
നിന്റെ ദാഹങ്ങൾ യാഗാശ്വമായ് നീങ്ങി
നിന്റെ അസ്ഥിയും മസ്തിഷ്ക മോഹവും
എന്റെ നെഞ്ചിലൊരുപിടി ചാരമായ്.

ഞാനും നിൻ ദഹിക്കാത്ത മോഹവും
എന്നുമെന്നും നിന്നാകാംഷയാണല്ലോ.

എന്റെ നെഞ്ചിൽ കളിച്ചും ചിരിച്ചും നീ
നിന്റെ മോഹ രഥം തെളിക്ക്യവേ

ഒന്നു നീ തിരിഞ്ഞെന്നെ
നോക്കുകിൽ
ഇന്ന് നിൻ മനസ്സ് മരിച്ചു പോം.

ഒന്നു ഞാൻ ചൊല്ലിടാം മാനവ ജന്മമേ
എന്റെയീ ചെത്തം നിൻ കാതിൽ പകർത്തിടാം
എന്റെ ജീവനും ഈ യൗവ്വന തീരവും
ഏതു നാളിലാ യിട്ടസ്തമിക്കുന്നുവോ

അന്നു നിന്റെയീ ഭ്രാന്തമാമശ്വത്തിൻ
നെഞ്ചിലായിട്ടൊരസ്ത്രം തൊടുത്തിടും
നിന്റെ മോഹമാം പക്ഷിതൻ തൂവലോ
എന്റെ കോപാഗ്നിക്കുള്ളിൽ കരിഞ്ഞിടും.

അന്ന് നിന്റെയീ യാഗാശ്വ നാസിക-
ക്കൊന്നു ഞാനെൻ കടിഞ്ഞാണുറപ്പിക്കും.


By സഞ്ജയ് പൂവ്വത്തും കടവിൽ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here